Monday
23 Jul 2018

റവന്യു ഭൂമി സംരക്ഷിക്കാന്‍ പ്രത്യേക നിയമം വേണം: കെ പി രാജേന്ദ്രന്‍

By: Web Desk | Saturday 25 November 2017 4:59 PM IST

കേരളാ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ 16-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കോട്ടയത്ത് എ ഐ റ്റി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: കടലും കായലും വരെ കയ്യേറുന്ന സാഹചര്യത്തില്‍ ഇവ സംരക്ഷിക്കാന്‍ വനാവകാശ നിയമത്തിന്റെ മാതൃകയില്‍ പ്രത്യേക നിയമം വേണമെന്ന് മുന്‍ റവന്യുമന്ത്രിയും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ പി രാജേന്ദ്രന്‍. കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയും അതുമായി ബന്ധപ്പെട്ട സമ്പത്തും സംരക്ഷിക്കപ്പെടണം. അതിനായുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഭൂമിയും, പ്രകൃതി സമ്പത്തും സംരക്ഷിക്കുക എന്നത് റവന്യൂ വകുപ്പിലെ ജീവനക്കാരുടെ ജോലി മാത്രമല്ല കടമ കൂടിയാണെന്ന് അവര്‍ തിരിച്ചറിയണം. കാവല്‍ക്കാരെ പോലെ അടുത്ത തലമുറയ്ക്കായി പ്രകൃതിയെയും ഭൂമിയെയും കരുതുന്നവരാണ് റവന്യൂ ജീവനക്കാര്‍. നിയമങ്ങള്‍ നടപ്പിലാക്കേണ്ടി വരുമ്പോള്‍ ഒരു ജോലി ചെയ്യുന്നവരെ മറ്റൊരു ജോലി കൂടി ഏല്‍പ്പിച്ച് കയ്യൊഴിയാന്‍ ശ്രമിക്കുകയല്ല വേണ്ടത്. അത്തരത്തില്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ പൊതു സമ്പത്തിനെ സംരക്ഷിക്കുക എന്നത് ശ്രമകരമാവും. പരിമിതമായ ജീവനക്കാരുമായി ജോലി ചെയ്യുന്ന റവന്യൂ വകുപ്പില്‍ അധിക തസ്തിക സൃഷ്ടിക്കുകയും ജീവനക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം ഏര്‍പ്പെടുത്തുകയും വേണം.
മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാന മേഖലയിലെ ഭൂമി അന്യാധീനപ്പെടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സംഘടന സംസ്ഥാന പ്രസിഡന്റ് ജയശ്ചന്ദ്രന്‍ കല്ലങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. വി ശശികല രക്തസാക്ഷി പ്രമേയവും, അനിത ബീഗം അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ വി ബി ബിനു, കെആര്‍ഡിഎസ്എ ജനറല്‍ സെക്രട്ടറി എ സുരേഷ് കുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, അസി സെക്രട്ടറി വി കെ സന്തോഷ് കുമാര്‍, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ മോട്ടിലാല്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.എസ് പി സുമോദ് സ്വാഗതവും, എസ് ഷാജി നന്ദിയും രേഖപ്പെടുത്തി.
ഉച്ചയ്ക്ക് ശേഷം നടന്ന സുഹൃദ്-യാത്രയയപ്പ് സമ്മേളനം എഐഎസ്ജിഇസി അഖിലേന്ത്യാ സെക്രട്ടറി സി ആര്‍ ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സാംസ്‌ക്കാരിക സമ്മേളനം സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ പി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
ഞയറാഴ്ച്ച  ഉച്ചയ്ക്ക് 12ന് ഭൂപരിഷ്‌ക്കരണത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തുരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ബി എസ് തിരുമേനി എന്നിവര്‍ പങ്കെടുക്കും. സമ്മേളനം ഞയറാഴ്ച്ച സമാപിക്കും.