Wednesday
19 Dec 2018

സാംസ്‌ക്കാരിക കേരളത്തിന്റെ പിന്തുണ; കിത്താബിനെ തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് സംവിധായകന്‍  റഫീഖ് മംഗലശ്ശേരി

By: Web Desk | Thursday 6 December 2018 6:22 PM IST

കെ കെ ജയേഷ്
കോഴിക്കോട്: മതതീവ്രവാദികളുടെ ഭീഷണികള്‍ക്ക് മുമ്പില്‍ നിശബ്ദമാക്കപ്പെട്ട ‘കിത്താബ്’ നാടകത്തിനും നാടക സംവിധായകന്‍ റഫീഖ് മംഗലശ്ശേരിയ്ക്കും സാംസ്‌ക്കാരിക കേരളത്തിന്റെ പിന്തുണ. അല്‍പ്പം വൈകിയെങ്കിലും സാംസ്‌ക്കാരിക കേരളം തനിക്കും നാടകത്തിനുമൊപ്പം നിലയുറപ്പിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് സംവിധായകന്‍ റഫീഖ് മംഗലശ്ശേരി ജനയുഗത്തോട് പ്രതികരിച്ചു. പിന്തുണ കൃത്യസമയത്ത് കിട്ടിയിരുന്നെങ്കില്‍  താനും നാടകവും ഇത്രത്തോളം വേട്ടയാടപ്പെടില്ലായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകം അവതരിപ്പിക്കാനും സാധിക്കുമായിരുന്നു. കൃത്യമായ പിന്തുണ ലഭിക്കാതിരുന്നതുകൊണ്ടാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നാടകം പിന്‍വലിക്കേണ്ടിവന്നത്. അതുകൊണ്ട് തന്നെ നാടകത്തില്‍ അഭിനയിച്ച കുട്ടികള്‍ക്ക് വലിയൊരു അവസരമാണ് നഷ്ടമായത്. എന്നാല്‍ നിലപാടുകളെ അംഗീകരിക്കുന്ന സാംസ്‌ക്കാരിക കേരളം കിത്താബിനെ തിരിച്ചറിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും റഫീഖ് വ്യക്തമാക്കി. 
മാതൃഭൂമി ആഴ്ചപ്പതില്‍ മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സമാനമായ അവസ്ഥയായിരുന്നു കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കിത്താബ് നാടകം അവതരിപ്പിച്ചപ്പോഴുമുണ്ടായത്. മീശയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയപ്പോള്‍ കിത്താബിനെതിരെ മുസ്ലീം വര്‍ഗ്ഗീയ സംഘടനകളാണ് പ്രതിഷേധവുമായി എത്തിയത്. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് നാടകത്തിലുള്ളതെന്ന ആരോപണവുമായി മതതീവ്രവാദ സംഘടനകള്‍ ആഞ്ഞടിക്കുകയായിരുന്നു. ഒടുവില്‍ സ്‌കൂള്‍ സ്‌കൂള്‍ കലോത്സവത്തിന് മത്സരിക്കാന്‍ അര്‍ഹത നേടിയ നാടകം മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധികൃതര്‍ പിന്‍വലിക്കുകയായിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കടന്നുകയറ്റമാണ് കിത്താബിനെതിരെ ഉണ്ടായിട്ടുള്ളതെന്ന് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പറയുന്നു. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, കെ സച്ചിദാനന്ദന്‍, എസ് ഹരീഷ്, സണ്ണി എം കപിക്കാട്, സജിത മഠത്തില്‍, കെ ഇ എന്‍, മാമുക്കോയ, ശാരദക്കുട്ടി, സുനില്‍ പി ഇളയിടം, കല്‍പ്പറ്റ നാരായണന്‍, ടി ടി ശ്രീകുമാര്‍, ദീദി ദാമോദരന്‍, പ്രകാശ് ബാരെ, ഷാഹിന നഫീസ,  ഹമീദ് ചേന്ദമംഗല്ലൂര്‍, പ്രിയനന്ദനന്‍, ഡോ:പി ഗീത, ഹരീഷ് പേരടി, ജയപ്രകാശ് കുളൂര്‍, എം എം സചീന്ദ്രന്‍, ഡോ: ആസാദ്, സനല്‍കുമാര്‍ ശശിധരന്‍, ശ്രീജിത്ത് അരിയല്ലൂര്‍, വി ടി ജയദേവന്‍, ഗിരിജ പാതേക്കര, ബൈജു മേരിക്കുന്ന്, പ്രതീപ് ജോസഫ്, എ രത്‌നാകരന്‍, രാമചന്ദ്രന്‍ മൊകേരി, സജീവന്‍ അന്തിക്കാട്, ഷൈജു അന്തിക്കാട്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, അഡ്വ: ഹരീഷ് വാസുദേവന്‍, ജയന്‍ ചെറിയാന്‍, പ്രതാപന്‍ തായാട്ട്, മിനി ഐജി, വിനീഷ് ആരാധ്യ, വി സി അഭിലാഷ്, മന്‍സിയ വി പി ഉള്‍പ്പെടെ നിരവധി പേരാണ് നാടകത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.
സാംസ്‌ക്കാരിക കേരളം നല്‍കിയ പിന്തുണയുടെ കരുത്തില്‍ മുന്നോട്ട് പോകാന്‍ തന്നെയാണ് റഫീഖ് മംഗലശ്ശേരിയുടെ തീരുമാനം. സ്‌കൂള്‍ കലോത്സവത്തില്‍ നാടകം കളിക്കില്ലെങ്കിലും പുരോഗമന-മതേതര സംഘടനകളുടെ പിന്തുണയോടെ പൊതുവേദികളില്‍ നാടകം അവതരിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. നാടകം മാറ്റി മറ്റൊരു നാടകം ചെയ്യുന്നത് മാതൃകാപരമല്ലെന്ന് തോന്നിയതുകൊണ്ടാണ് സ്‌കൂളിന് വേണ്ടി മറ്റൊരു നാടകമൊരുക്കി കലോത്സവത്തിന് പോകാന്‍ ശ്രമം നടത്താതിരുന്നത്. ഉണ്ണി ആര്‍ എഴുതിയ വാങ്ക് എന്ന ചെറുകഥയുമായി വലിയ ബന്ധമൊന്നും നാടകത്തിനില്ല. പെണ്‍കുട്ടികള്‍ വാങ്ക് വിളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ബദറുദ്ദീന്‍ നാടകമെഴുതുമ്പോള്‍ എന്ന നാടകത്തിലൂടെ താന്‍ പറഞ്ഞിട്ടുണ്ട്. അനസിന്റെ വാങ്ക് വിളിക്കുന്ന പെണ്‍കുട്ടി എന്ന കഥയും ഇതേ പ്രമേയമാണ് പറഞ്ഞത്. എന്നിരുന്നാല്‍ തന്നെയും കള്ളനെന്ന പേര് വീഴേണ്ടെന്ന് കരുതിയാണ് ഉണ്ണിയുടെ കഥയെ അടിസ്ഥാനമാക്കിയാണ് നാടകം ഒരുക്കിയതെന്ന് പറഞ്ഞത്. പക്ഷെ നാടകം കാണുക പോലും ചെയ്യാതെ തന്നെ വര്‍ഗ്ഗീയവാദികള്‍ക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു എഴുത്തുകാരന്‍. ഇസ്ലാമിനെ മോശമാക്കി നാടകത്തില്‍ എവിടെയെങ്കിലും ചിത്രീകരിക്കുന്നുണ്ടോ എന്ന് നാടകം കണ്ട് അദ്ദേഹം പറയണം. ജുമ അത്ത് പള്ളിയില്‍ കയറി ബാങ്ക് വിളിക്കണമെന്ന തന്റെ സ്വപ്നമാണ് മുക്രിയുടെ മകള്‍ വീട്ടുകാരുമായി പങ്കുവെയ്ക്കുന്നത്. നമ്മുടെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞ് പിതാവ് മകളെ തടയുന്നു. ഒടുവില്‍ പള്ളിയില്‍ സ്ത്രീകള്‍ ഒന്നിച്ച് ബാങ്ക് കൊടുക്കുന്ന രംഗത്തോടെയാണ് നാടകം അവസാനിക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ട കാലമാണിത്. അപ്പോള്‍ സമാനമായ അത്തരം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് ഇത്ര വലിയ മതനിന്ദയാണോ എന്നും   റഫീഖ് ചോദിക്കുന്നു.
നിലപാടുകളും സത്യങ്ങളും ധൈര്യപൂര്‍വ്വം നാടകത്തിലൂടെ വ്യക്തമാക്കിയിട്ടുള്ള കലാകാരനാണ് റഫീഖ് മംഗലശ്ശേരി. കിത്താബിലുയര്‍ത്തിയ അതേ ചോദ്യം തന്നെയായിരുന്നു അദ്ദേഹം ബദറുദ്ദീന്‍ നാടകം എഴുതുമ്പോള്‍ എന്ന നാടകത്തിലൂടെയും നേരത്തെ ഉയര്‍ത്തിയത്.  നാടക മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കിത്താബില്‍ വേഷമിട്ട റിയ പര്‍വിനാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് നാടകത്തെ വരവേറ്റത്. എന്നാല്‍ വര്‍ഗ്ഗീയ സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്ന് മികച്ച പ്രതിഭയുള്ള കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെട്ടതില്‍ മാത്രമാണ് റഫീഖിന് വേദനയുള്ളത്. നേരത്തെയും റഫീഖിന്റെ നാടകങ്ങള്‍ക്കെതിരെ വര്‍ഗ്ഗീയ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. നൃത്തം പഠിച്ചതിന് മതമൗലിക വാദികളുടെ എതിര്‍പ്പ് നേരിട്ട വി പി റബീനയുടെ ജീവിതം അവതരിപ്പിച്ച റാബിയ എന്ന നാടകവും കലോത്സവ വേദിയില്‍ നിന്ന് ഇത്തരത്തില്‍ വിലക്കപ്പെട്ടിട്ടുണ്ട്.  മനുഷ്യദൈവങ്ങള്‍ക്കൊരു ചരമഗീതം, അതിരുകള്‍ക്കപ്പുറത്ത് ഒരു സുഹൃത്ത്, ചായക്കൂട്ടുകളില്‍ ഒരു മൈമൂന, ഒരു ദലിതന്‍ നമ്മോട് പറയുന്നത് തുടങ്ങിയവയാണ് റഫീഖിന്റെ ശ്രദ്ധേയ നാടകങ്ങള്‍.
Related News