Tuesday
19 Jun 2018

കേരളത്തെ ആയുര്‍വ്വേദ ഹബ്ബാക്കി മാറ്റും: മന്ത്രി കെകെ ശൈലജ

By: Web Desk | Friday 13 April 2018 1:30 PM IST

പുനര്‍നവ ആയുര്‍വ്വേദ ഹോസ്പിറ്റലിന്റെ രജത ജൂബിലി ആഘോഷപരിപാടികള്‍ കൊച്ചിയിലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു. ഡോ.എഎം അന്‍വര്‍, ഷെയ്ക്ക്  അബ്ദുല്‍ മൊഹ്‌സിന്‍ അല്‍ ഹോ കൈര്‍, ഡോ. എംആര്‍ വാസുദേവന്‍ നമ്പൂതിരി,  എഎന്‍ രാധാകൃഷ്ണന്‍, പിടി തോമസ്, സുനില സിബി മുന്‍ നിരയില്‍
കൊച്ചി: ആയുര്‍വ്വേദ ടൂറിസം, ബിസിനസ്, ചികിത്സ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ കേരളത്തെ ഒരു ആയുര്‍വ്വേദ ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെക ശൈലജ. ഹോട്ടല്‍ ലെ മെറിഡിയനില്‍ പുനര്‍നവ ആയുര്‍വ്വേദ ഹോസ്പിറ്റലിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ ആദ്യഘട്ടമായി കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍-കല്യാട് ഗ്രാമപഞ്ചായത്തില്‍ ഇരിക്കൂര്‍ പുഴയുടെ തീരത്ത് 300 ഏക്കറില്‍ മ്യൂസിയം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആയുര്‍വ്വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കും.
സ്ഥലം ഏറ്റെടുക്കുന്നത് ആരംഭിച്ചുകഴിഞ്ഞതായും രണ്ട് മാസത്തിനകം തറക്കല്ലിടുമെന്നും മൂന്നു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആയുര്‍വ്വേദത്തിന്റെ അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ മെയ് മാസം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ച ആയുര്‍വ്വേദ കോണ്‍ക്ലേവ്
ഭരണപരമായ അസൗകര്യത്തെ തുടര്‍ന്ന് മാറ്റിവച്ചതായും മഴക്കാലത്തിന് ശേഷം നടത്തുമെന്നും അവര്‍ അറിയിച്ചു.
ചടങ്ങില്‍ പുനര്‍നവ ഡയറക്ടര്‍ ഡോ. എംആര്‍ വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കേപ് (കണ്ടിന്യൂയിംഗ് ആയുര്‍വ്വേദ അവയര്‍നെസ്സ് പ്രോഗ്രാം) അവാര്‍ഡ് സൗദി ആസ്ഥാനമായ അല്‍ ഹോകൈര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ക്ക്  അബ്ദുല്‍ മൊഹ്‌സിന് അല്‍ ഹോ കൈറിനും മെഡിക്കല്‍ ടൂറിസം അവാര്‍ഡ് കെഎ അബൂബക്കര്‍ കിഴക്കെക്കരക്കും മന്ത്രി സമ്മാനിച്ചു. ഗുരുവന്ദനം പരിപാടിയില്‍ മുതിര്‍ന്ന ആയുര്‍വ്വേദ അധ്യാപകരായ ഡോ.എംആര്‍ വാസുദേവന്‍ നമ്പൂതിരി, ഡോ പി കെ മോഹന്‍ലാല്‍, ഡോ. ടി ശങ്കരന്‍കുട്ടി, ഡോ. പി ശ്രീകണ്ഠന്‍ നായര്‍, ഡോ.പി കെ ശാന്തകുമാരി, പ്രൊഫ. ജോണ്‍ കെ ജോര്‍ജ്ജ്, പ്രൊഫ. വിദ്യാധരന്‍, പ്രൊഫ. വസന്തകോകിലം എന്നിവരെ ആദരിച്ചു. രജതജൂബിലി പ്രമാണിച്ച് പുനര്‍നവ ആവിഷ്‌ക്കരിച്ച സാമൂഹ്യ സേവന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. പിടി തോമസ് എംഎല്‍എ, ഹൈബി ഈഡന്‍ എംഎല്‍എ, മരട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുനില സിബി, ഡോ. പിഎം വാര്യര്‍, കെ ചന്ദ്രന്‍പിള്ള, എഎന്‍ രാധാകൃഷ്ണന്‍, മസൂദ് എകെ, ഡോ.എസ് സജികുമാര്‍ പ്രസംഗിച്ചു. പുനര്‍നവ ചെയര്‍മാന്‍ ഡോ.എഎം അന്‍വര്‍ സ്വാഗതവും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജസീല അന്‍വര്‍ നന്ദിയും പറഞ്ഞു.
പ്രിവന്റീവ് കാര്‍ഡിയോളജിയെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ ഹൃദയപൂര്‍വ്വം പുനര്‍നവയില്‍ ഡോ.എംആര്‍വി നമ്പൂതിരി, ഡോ. വിനോദ് തോമസ്, ഡോ.എല്‍ മഹാദേവന്‍, പ്രൊഫ. ജയ്ദീപ് സി മേനോന്‍, ഡോ. എസ് ഗോപകുമാര്‍ പ്രഭാഷണം നടത്തി.  ആയുര്‍വ്വേദ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രിവന്റീവ് കാര്‍ഡിയോളജി ഇന്‍ ആയുര്‍വ്വേദ എന്ന വിഷയത്തില്‍ ദേശീയാടിസ്ഥാനത്തില്‍ നടത്തിയ   പ്രബന്ധമത്സരത്തില്‍ തൃപ്പൂണിത്തുറ ഗവ.ആയുര്‍വ്വേദ കോളജിലെ ഡോ. ദീപ്ന എം 25000 രൂപയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന ഒന്നാം സമ്മാനത്തിന് അര്‍ഹയായി. കൊല്ലം അമൃത ആയുര്‍വ്വേദ കോളജിലെ ഡോ. സുചിത്ര റാം മനോഹര്‍, സുള്ള്യ കെവിജി ആയുര്‍വ്വേദ കോളജിലെ ഡോ അഞ്ജലി നന്ദകുമാര്‍ എന്നിവര്‍ റണ്ണേര്‍സ് അപ്പായി.
Related News