Tuesday
22 Jan 2019

പ്രളയ ദുരിതത്തെ കേരളം ഒറ്റക്കെട്ടായി അതിജീവിക്കും: ബിനോയ് വിശ്വം എം പി

By: Web Desk | Wednesday 22 August 2018 10:10 PM IST

സി കുമാരന്റെ രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് കല്ലാച്ചിയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യുന്നു

കല്ലാച്ചി: പ്രളയ ദുരിതത്തെ കേരളം ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന് ബിനോയ് വിശ്വം എം പി. അസാധാരണവും അതിഭീകരവുമായ പ്രളയ ദുരന്തമാണ് കേരളം അഭിമുഖീകരിച്ചത്. നിരവധി മനുഷ്യജീവനുകളും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവുമുണ്ടായി. സര്‍വ്വം തകര്‍ത്തെറിഞ്ഞ പ്രളയത്തിന് മുമ്പില്‍ പക്ഷെ കേരള ജനത പകച്ചില്ല. കേരളം ഒറ്റക്കെട്ടായാണ് ഇത്രയും വലിയൊരു ദുരന്തത്തെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. നാദാപുരത്തെ സി പി ഐ നേതാവായിരുന്ന സി കുമാരന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കല്ലാച്ചിയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഗവണ്‍മെന്റ് നേതൃത്വം നല്‍കിയത് മാതൃകാപരമായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്. സര്‍ക്കാറിനൊപ്പം കൈകോര്‍ത്ത് കേരള ജനതയും മുന്നില്‍ നിന്നു. സൈന്യവും മത്സ്യബന്ധന തൊഴിലാളികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവുമെല്ലാം ഒന്നിച്ച് അണിനിരന്നതോടെ പ്രളയത്തെയും നമുക്ക് നേരിടാന്‍ സാധിച്ചു. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുമെല്ലാം എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്നു. ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാനായി ഒരേ മനസ്സോടെ ഇറങ്ങിവന്ന യുവതലമുറ കേരളത്തിന് അഭിമാനമാണ്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തിലും കേന്ദ്ര ഗവണ്‍മെന്റ് ഫലപ്രദമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ല. കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച സഹായം തീര്‍ത്തും അപര്യാപ്തമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു.
സി പി ഐ ജില്ലാ അസി.സെക്രട്ടറി ടി കെ രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സി അംഗം പി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി അഡ്വ.പി ഗവാസ്, എം ടി ബാലന്‍, രാജു തോട്ടുംചിറ, സി കെ ബാലന്‍, ശ്രീജിത്ത് മുടപ്പിലായി, പി ചാത്തു മാസ്റ്റര്‍ പ്രസംഗിച്ചു. ചരമവാര്‍ഷിക ദിനമായ ഇന്ന് രാവിലെ വീട്ടിലെ പതാക ഉയര്‍ത്തലും പ്രഭാതഭേരിയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും.

Related News