Saturday
17 Nov 2018

സുബ്രതോ കപ്പ്: കേരളത്തിന് തകര്‍പ്പന്‍ ജയം; ചേലമ്പ്രന്‍ പടക്ക് മുന്നില്‍ പതറി ഉത്തരാഖണ്ഡ്

By: Web Desk | Thursday 8 November 2018 9:12 PM IST

സുരേഷ് എടപ്പാള്‍

അണ്ടര്‍-17 സുബ്രതോകപ്പ് ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ അരങ്ങേറ്റം കസറി. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് കേരളത്തെ പ്രതിനിധികരിച്ച് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലയിലെചേലേമ്പ്ര നാരായണന്‍ നായര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉത്തരാഖണ്ഡ് സ്‌കൂള്‍ ടീമിനെ തകര്‍ത്തത്.

ഡല്‍ഹിയിലെ മാരുതി കുഞ്ച് ഗുരു ഗ്രാമിലെ ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ മൈതാനിയില്‍ നടന്ന മത്സരത്തില്‍ ഉത്തരാഖണ്ഡ് ഒരു ഘട്ടത്തിലും ചേലമ്പ്രന്‍ പടക്ക് വെല്ലു വിളിയായില്ല. കേരളത്തിനു വേണ്ടി മുന്നേറ്റതാരം അക്ഷയ് മണി ഹാട്രിക് നേടി. കളിയുടെ അഞ്ചാം മിനിറ്റില്‍ അക്ഷൈയ് മണിയാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. മുഹമ്മദ് അനസ് 15 ആം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. 18, 21 മിനിറ്റുകളില്‍ അക്ഷയ് മണി വിണ്ടും ഗോളുകള്‍ നേടിയതിലൂടെ കേരളത്തിന്‍റെ വിജയം ഉറപ്പിച്ചു. 10 ന് സിക്കിമുമായാണ് കേരളത്തിന്‍റെ അടുത്ത കളി. പ്രശസ്ത പരിശീലകന്‍ സതീവന്‍ ബാലന്റ നേത്യത്വത്തില്‍ അവസാനവട്ട പരിശീലനം ലഭിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കേരളത്തിന്റെ കുട്ടികള്‍ ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. എന്ത് വിലകൊടുത്തും ഫിനിഷിംഗ് എന്ന തന്ത്രത്തിലൂന്നിയ ആക്രമണാത്മക ഫുട്‌ബോളിനാണ് ടീം ശ്രമിക്കുക എന്ന് ടീമിന്റെ മുഖ്യ പരിശീലകനായ മന്‍സൂര്‍ അലി വ്യക്തമാക്കിയിരുന്നു.

ആദ്യമത്സരത്തിലെ വിജയം ടീം പുറത്തെടുത്ത അറ്റാക്കിംഗ് ശൈലി തന്നെയാണെന്നാണ് വിലയിരുത്തല്‍. ബാവു നിഷാദ് ആണ് ക്യാപ്റ്റന്‍. അസിസ്റ്റന്റ് കോച്ചായ ശെവല്‍വരാജ് ടീം മാനേജര്‍ മുഹമ്മദ് ഇസ്മായില്‍, സ്‌കൂളിലെ അധ്യാപകരായ ഫസലുല്‍ ഹഖ്, പി. മുഹമ്മദ്, ബൈജീവ് ഇ.പി. എന്നിവര്‍ ടീമിനൊപ്പമുണ്ട്. പാലക്കാട് വച്ച് നടന്ന സംസ്ഥാന സുബ്രതോ ‘ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ലാ ടീമിനെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍മാരായത്. രാജ്യത്തിനകത്തും പുറത്തു നിന്നുമായി നാല്‍പ്പത് സ്‌കൂള്‍ ടീമുകള്‍ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്. അഞ്ചു വീതം ടീമുകളുള്ള എട്ട് ഗ്രൂപ്പുകളായാണ് ക്രമീകരിച്ചരിക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം ക്വാട്ടര്‍ റൗണ്ടിലേക്ക് പ്രവേശിക്കും. ഉത്തരാഖണ്ഡിനു പുറമേ സായ്, സീക്കീം, അരുണാചല്‍ പ്രദേശ് എന്നിവയാണ് കേരളം ഉള്‍പ്പെട്ട ഗ്രൂപ്പ് സി യിലെ മറ്റ് ടീമുകള്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ ടീമുകളും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നു.