Thursday
24 Jan 2019

അഴകേറും പാതയ്ക്കപ്പുറം ഒരു വീട്

By: Web Desk | Monday 14 August 2017 5:57 PM IST

ആധുനിക ജീവിതത്തില്‍ വീടിനൊപ്പം ഉദ്യാനങ്ങള്‍ക്കും പ്രത്യേക പരിഗണനലഭിക്കാറുണ്ട്. ഒരു പക്ഷെ മുമ്പുള്ള കാലത്തെക്കാള്‍ പൂന്തോട്ടം വീടിന്റെയും ഉടമസ്ഥരുടെയും ജീവിതത്തില്‍ പൂന്തോട്ടങ്ങള്‍ കണ്ടുവരാറുള്ളത് ഇക്കാലങ്ങളിലാണ്. വീടിനോളം പണം ചെലവാക്കിയാകും ചിലര്‍ ഉദ്യാനങ്ങളെയും നിര്‍മ്മിക്കുക. വീടിന്റെ നിര്‍മ്മാണ വേളയില്‍ നല്‍കുന്ന ശ്രദ്ധ പൂന്തോട്ട നിര്‍മ്മാണ വേളയിലും വേണമെന്നാണ് കാര്‍ഷിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
പൂന്തോട്ടങ്ങള്‍ക്കിടയില്‍ നിര്‍മ്മിക്കാറുള്ള നടപ്പാതകള്‍ ശല്യമായി തീരുക മഴക്കാലങ്ങളിലാണ്. ഒരല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളു. ഉദ്യാനത്തിലെ നടപ്പാതകള്‍ മഴക്കാലത്ത് പലയിടങ്ങളിലും വെള്ളച്ചാലുകളായി രൂപാന്തരപ്പെടാറുണ്ട്. ഇത് തടയാന്‍ നടപ്പാതകളും റോഡുകളും നിര്‍മ്മിക്കുമ്പോള്‍ വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും നിര്‍മ്മിക്കണം. ഒഴുകിപ്പോകാതെ മതില്‍ക്കെട്ടിനുള്ളില്‍ത്തന്നെ കെട്ടിക്കിടക്കുന്ന ജലം കൊതുക് വളരുന്നതിനും കാരണമായേക്കും.
ഉദ്യാനത്തില്‍ ഉലാത്തുന്നതിനും ഉദ്യാനപരിപാലനത്തിന് ഉപയോഗിക്കുന്നപലവിധ യന്ത്രങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുന്നതിനും പാതകള്‍ ആവശ്യമാണ്. ഒരിക്കല്‍ നിര്‍മിച്ചുകഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഇവയ്ക്ക് സ്ഥാനചലനം സംഭവിച്ചുകൂടാ. അതിനാല്‍ വളരെ ശ്രദ്ധയോടുകൂടി വേണം ഇവ നിര്‍മ്മിക്കാന്‍.
പാതയുടെ മേല്‍ഭാഗത്ത് പാകിയിരിക്കുന്നത് എന്തു വസ്തുവാണെന്നതനുസരിച്ചിരിക്കും അതിന്റെ ഭംഗി. ഉദ്യാനത്തിലെ പ്രധാന ഘടകങ്ങളായ പൂപ്പടര്‍പ്പുകള്‍, പുല്‍ത്തകിടുകള്‍ മുതലായവയ്ക്കനുസരിച്ചു വേണം റോഡുകളുടെയും നടപ്പാതകളുടെയും സ്ഥാനനിര്‍ണയം നടത്തുന്നത്. ആവശ്യത്തില്‍ കൂടുതല്‍ നടപ്പാതകള്‍ നിര്‍മ്മിക്കുന്നത് പൂന്തോട്ടത്തിന്റെ ആകര്‍ഷകത്വം കുറയ്ക്കും. പൂന്തോട്ടത്തിന്റെ രണ്ടു ഭാഗങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കുവാന്‍ പാതകള്‍ വളരെ ഉപയുക്തമാണ്. പാതയുടെ ഇരുവശങ്ങളിലും സിമന്റോ, ഇഷ്ടികയോ, കല്ലോ കൊണ്ടുള്ള ബോര്‍ഡറുകള്‍ ഉണ്ടാക്കാം. ഇങ്ങനെയുള്ള സംവിധാനങ്ങള്‍ പുല്‍ത്തകിടിയും പൂപ്പടര്‍പ്പും മറ്റും പാതയിലേക്ക് അതിക്രമിച്ചു കടക്കുന്നതിനെ തടഞ്ഞ് നടപ്പാതയെ വൃത്തിയായി സൂക്ഷിക്കും. പൂവള്ളികള്‍ പടര്‍ത്തിയ കമാനങ്ങള്‍ (ആര്‍ച്ചുകള്‍) നടപ്പാതകള്‍ക്ക് ഭംഗി പകരുന്നു. റോക്കറി (കൃത്രിമമായി ഉണ്ടാക്കുന്ന പാറക്കെട്ട്) താമരക്കുളം എന്നിവയിലേക്ക് നയിക്കുന്ന ചെറിയ നടപ്പാതകള്‍ക്ക് രണ്ട് അടി വീതി മതി. വെള്ളം കെട്ടി നില്‍ക്കുന്ന ഇടമായതുകൊണ്ടുതന്നെ ഇടയ്ക്ക് വെള്ളം മാറ്റാനും ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഏറ്റവും രോഗജന്യമായേക്കാവുന്ന ഇടം ഉദ്യാനങ്ങളായേക്കും.
ഉദ്യാനത്തിലെ നടപ്പാതകള്‍ വര്‍ഷക്കാലങ്ങളില്‍ വെള്ളച്ചാലുകളായി രൂപാന്തരപ്പെടാതിരിക്കാനുള്ള സംവിധാനം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനായി നടപ്പാതകളും റോഡുകളും നിര്‍മ്മിക്കുമ്പോള്‍ ഒപ്പം വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും നിര്‍മ്മിക്കണം. പേമാരിയുടെ സമയങ്ങളില്‍ നാം ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നീര്‍ച്ചാലുകള്‍. കൂടുതല്‍ അളവ് വെള്ളം ഉള്‍ക്കൊള്ളാനുള്ള കഴിവ് ചെറിയ ചാലുകള്‍ക്കുണ്ടാകാറില്ല. ഇതുകൊണ്ട്തന്നെ വീതി കുറഞ്ഞ ചാലുകളാണെങ്കില്‍ നീളത്തില്‍ പോകാതെ അല്‍പ്പം വളഞ്ഞ് പുളഞ്ഞ് നിര്‍മ്മിക്കുകയാണെങ്കില്‍ വെള്ളത്തിന്റെ ശക്തികുറയ്ക്കാന്‍ ഇതുകൊണ്ട് സാധിക്കും. കൂടാതെ മഴക്കാലങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് നടപ്പാതകളിലുണ്ടാകാറുള്ള പായല്‍. തെന്നി വീഴുന്നതിനുള്ള സാധ്യത അധികമായതുകൊണ്ട് തന്നെ ഇവയെ എപ്പോഴും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം ഭൂമിയിലേയ്ക്ക് ഇറങ്ങിപ്പോകാനുള്ള രീതിയില്‍ പാതയുടെ നിര്‍മ്മാണം നടത്തുകയാണെങ്കില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടാക്കാനും നമുക്ക് സാധിക്കും. അതുവഴി ആ പ്രദേശത്തെ ജല ലഭ്യത കൂട്ടാനും നമുക്ക് കഴിയും. മഴവെള്ളത്തെ പാഴാക്കി കളയേണ്ടതായും വരില്ല.
ഉദ്യാനഭംഗി നല്ലതാണ്. എന്നാല്‍ ഭംഗി ക്രമേണ അഭംഗിക്ക് വഴിവെക്കാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കണമെന്ന് മാത്രം.