Friday
19 Oct 2018

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിനു സൂര്യയും ഇഷാനും

By: Web Desk | Thursday 10 May 2018 12:19 PM IST

ലോക സമൂഹത്തിന്  പലപ്പോ‍ഴും മാതൃകയായിട്ടുള്ള മലയാളക്കരയിൽ വീണ്ടുമൊരു  ചരിത്രമുഹൂര്‍ത്തം. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന്‍റെ അഭിമാനത്തിലാണ് ഇന്ന് കേരളം. കലാരംഗത്ത് ശ്രദ്ധേയയായ  ട്രാന്‍സ്ജെന്‍ഡര്‍ സൂര്യയുടെ ക‍ഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത് കേരളത്തിനാകെ അഭിമാന നിമിഷമായി. കേരളത്തിലാദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടക്കുന്നത്.

ഇന്ത്യയിലെതന്നെ നിയമവിധേയമായ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹമാണ് തിരുവനന്തപുരം പ്രസ്ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ നാഷനല്‍ ക്ലബ് ഹാളില്‍ നടന്നത്. സ്പെഷല്‍ മാരേജ് ആക്‌ട് പ്രകാരമാണ് ഇരുവരുടെയും വിവാഹം.

ട്രാന്‍സ്ജെന്‍ഡര്‍ വിവാഹങ്ങള്‍ മുമ്പും  നടന്നിട്ടുണ്ടെങ്കിലും ഇവരുടെ വിവാഹത്തിന് ചില പ്രത്യേകതകളുണ്ട്. ആണില്‍നിന്ന് പെണ്ണിലേക്ക് പരിവര്‍ത്തനം നടത്തിയയാളാണ് സൂര്യ. പെണ്ണില്‍നിന്ന് ആണിലേക്ക് പരിവര്‍ത്തനം നടത്തിയതാണ് ഇഷാന്‍.

ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ ഇരുവരും ആറുമാസം മുമ്പാണ് വിവാഹത്തെക്കുറിച്ച്‌ സംസാരിക്കുന്നത്. ബിസിനസുകാരനായ ഇഷാന്‍ മൂന്നുവര്‍ഷം മുമ്പാണ് ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തിയത്. തിരുവനന്തപുരത്ത് ജ്യൂസ് കട തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഇഷാന്‍.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടി.എന്‍ സീമ, കൗണ്‍സിലര്‍ ഐ.പി ബിനു, മേയര്‍ വി.കെ പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളായ ട്രാന്‍സ്ജെന്‍ഡേഴസുമടക്കം നൂറുകണക്കിന് പേരും ചടങ്ങിനെത്തി.

ജന്മത്തിലെ പ്രത്യേകതകളുടെ പേരില്‍ സമൂഹത്തില്‍ ഒറ്റപ്പെടുകയും കുടുംബജീവിതം പോലും അന്യമാവുകയും പലപ്പോഴും അപഥസഞ്ചാരത്തില്‍പെടുകയും ചെയ്യുന്ന ട്രാന്‍സിന്റെ പ്രശ്‌നങ്ങളില്‍ ഒരുപക്ഷേ ആദ്യമായി ഫലപ്രദമായി ഇടപെടുന്ന സമൂഹം മലയാളികളുടേതാകും. വിസി അഭിലാഷിന്റെ ആളൊരുക്കം എന്ന സിനിമതന്നെ ഇത്തരം വിഷയത്തിലേക്കു സമൂഹശ്രദ്ധ ക്ഷണിക്കുന്നതാണ്.