Monday
18 Dec 2017

കെട്ടിനാട്ടി നെല്‍കൃഷിക്ക് പ്രചാരമേറുന്നു

By: Web Desk | Thursday 12 October 2017 1:00 AM IST

കല്‍പറ്റ:

കര്‍ഷക ശാസ്ത്രജ്ഞന്‍ അമ്പവയല്‍ മാളികക്കുന്നേല്‍ അജി തോമസ് വികസിപ്പിച്ച കെട്ടിനാട്ടി കൃഷി രീതിക്ക് സംസ്ഥാനത്ത് പ്രചാരം വര്‍ധിക്കുന്നു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലായി 203 ഏക്കറിലാണ് നിലവില്‍ കെട്ടിനാട്ടി മുറയില്‍ നെല്‍കൃഷി നടക്കുന്നത്. വയനാട്ടില്‍ മാത്രം പടിഞ്ഞാറത്തറ, പനമരം, കേണിച്ചിറ, അമ്പലവയല്‍, നെന്‍മേനി, പിണങ്ങോട്, തിരുനെല്ലി എന്നിവിടങ്ങളിലായി എഴുപത് ഏക്കറില്‍ ഈ രീതിയില്‍ കൃഷിയുണ്ട്.
എറണാകുളത്ത് നാല്‍പ്പത്തിനാലും പാലക്കാട് നാല്‍പ്പത്തിമൂന്നും ഏക്കറില്‍ കെട്ടിനാട്ടി രീതിയില്‍ നഞ്ചകൃഷി ഇറക്കിയിട്ടുണ്ടെന്ന് ഈ വര്‍ഷത്തെ പ്രാദേശിക കാര്‍ഷിക ഗവേഷകനുള്ള അവാര്‍ഡ് ജേതാവുമായ അജി തോമസ് പറഞ്ഞു. പാരമ്പര്യ നെല്‍വിത്തിനങ്ങളുടെ സംരക്ഷണത്തിന് കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ ആരംഭിച്ച സീഡ് ബാങ്കിന്റെ ഭാഗമായി പൂതാടി പഞ്ചായത്തിലെ കേണിച്ചിറ പുളിക്കലില്‍ അഞ്ചര എക്കര്‍ വയലില്‍ നെല്‍കൃഷി ചെയ്തിരിക്കുന്നതും കെട്ടിനാട്ടി രീതിയിലാണ്.
സംപുഷ്ടീകരിച്ച വളക്കൂട്ടും കളിക്കൂട്ടും ചേര്‍ത്ത് ചാണകവറളിയിലാക്കിയ നെല്‍വിത്തുകളെ ഉണക്കി പെല്ലറ്റുകളാക്കി വരിയും നിരയുമൊപ്പിച്ച് വിതയ്ക്കുന്ന രീതിയാണ് കെട്ടിനാട്ടി. ചാണകം, ഇലച്ചാറുകള്‍, പഞ്ചഗവ്യം എന്നിവയാണ് സംപുഷ്ടീകരണത്തിന് ഉപയോഗിക്കുന്നത്. നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ കൂലിച്ചെലവ് വെട്ടിക്കുറയ്ക്കാനും ഉയര്‍ന്ന ഉത്പാദനം ലഭിക്കാനും ഉതകുന്നതാണ് കെട്ടിനാട്ടി കൃഷിരീതി. 2013-14ല്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയും അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലും വികസിപ്പിച്ച കൃഷിമുറ ഇതിനകം 24 തവണ പരിഷ്‌കരിച്ചു.
കെട്ടിനാട്ടി രീതിയില്‍ ഏക്കറില്‍ 200 പറ നെല്ല് വരെ വിളവ് ലഭിക്കുന്നുണ്ടെന്ന് അജി തോമസ് പറഞ്ഞു. ഇതര രീതികളെ അപേക്ഷിച്ച് ഏകദേശം അമ്പതുപറ നെല്ലിന്റെ ഉത്പാദനമാണ് കൂടുതലായി ലഭിക്കുന്നത്.
കെട്ടിനാട്ടി രീതിയില്‍ വിളയിക്കുന്ന നെല്ലില്‍ പതിര് കുറവായിരിക്കും. കീടനാശിനി പ്രയോഗം വേണ്ടെന്നതും കൃഷിരീതിയുടെ പ്രത്യേകതയാണ്.

 

Related News