Thursday
15 Nov 2018

കെവിനെ കൊന്നുകളയുമെന്ന് ചാക്കോ ഫോണിൽ ഭീഷണിപ്പെടുത്തി

By: Web Desk | Saturday 30 June 2018 10:56 AM IST

കൊല്ലം: തെന്മല സ്വാദേശി നീനുവുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് കെവിൻ പി.ജോസഫിനെ നീനുവിന്റെ പിതാവ് ചാക്കോ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ്. ഇതോടെ ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ചാക്കോയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാണെന്ന് പോലീസ് പറയുന്നു. ചാക്കോയുടെ ജാമ്യാപേക്ഷ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി.

ചാലിയേക്കര തോടിന്റെ സമീപം കെവിന്റെ മൃതദേഹം കിടന്ന സ്ഥലം ഫൊറൻസിക് സർജന്മാർ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് പരിശോധന നടത്തി.  പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തുടർന്നുള്ള ശാസ്ത്രീയ പരിശോധനയിലും മുങ്ങിമരണമെന്നാണ് കണ്ടെത്തിയിരുന്നത്. വെള്ളത്തിൽ വീഴുമ്പോൾ കെവിനു ജീവനുണ്ടായിരുന്നുവെന്നാണു ശാസ്ത്രീയ നിഗമനം. മുങ്ങി മരിച്ചതോ അതോ മുക്കി കൊന്നതോ എന്ന് മെഡിക്കൽ ബോർഡ് പരിശോധിക്കുകയാണ്. ഇതേതുടർന്ന് അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ ഡോ. കെ.ശശികല, കോട്ടയം മെഡിക്കൽ കോളജ് ഫൊറൻസിക് വകുപ്പ് മോധാവി ഡോ. രഞ്ചു രവീന്ദ്രൻ, അഡീഷനൽ പ്രഫസർ ഡോ. വി.എം.രാജീവ്, അസോഷ്യേറ്റ് പ്രഫസർ ഡോ. സന്തോഷ് ജോയി, ഡോ. രാജു രവീന്ദ്രൻ, അന്വേഷണ സംഘം തലവൻ ഡിവൈഎസ്പി ഗിരീഷ് പി.സാരഥി എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

പുനലൂർ – ചാലിയക്കര റോഡിൽ കെവിനെ വാഹനത്തിൽ നിന്ന് ഇറക്കിയ സ്ഥലം മുതൽ കെവിൻ ഓടിപ്പോയി എന്നു പ്രതികൾ മൊഴിനൽകിയ ഇടവഴിയും മൃതദേഹം കണ്ടെത്തിയ സ്ഥലവും സംഘം പരിശോധിച്ചു. കെവിന്റെ ഒരു കാൽ വെള്ളത്തിൽ പുതഞ്ഞ നിലയിലായിരുന്നു. കെവിന്റെ ഉള്ളംകാലിൽ മുറിവുണ്ടായിരുന്നു. താഴേക്ക് വീണപ്പോൾ സംഭവിച്ചതാണോ ഈ മുറിവെന്നു  സംഘം പരിശോധിക്കും.

ബോർഡ് യോഗം ചേർന്ന് തയാറാക്കുന്ന റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. കോട്ടയം നട്ടാശേരി കെവിൻ പി.ജോസഫിനെ നീനുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടു പോയപ്പോൾ കെവിൻ  ചാലിയക്കരയിൽ വച്ച് വാഹനത്തിൽ നിന്നു  ഇറങ്ങിയോടിഎന്നാണ് കൊലപാതകം ആരോപിക്കപ്പെട്ടവർ പറയുന്നത്.