Friday
19 Oct 2018

ഗൊരഖ്പൂരില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം

By: Web Desk | Wednesday 30 August 2017 11:17 PM IST

ന്യൂഡല്‍ഹി: അധികൃതരുടെ കുറ്റകരമായ അനാസ്ഥമൂലം നിരവധി പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണമരണത്തിനിടയായ ഉത്തര്‍ പ്രദേശ് ഗൊരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികളുടെ കൂട്ടമരണം തുടരുന്നു.
രാജ്യത്തെ ഞെട്ടിച്ച വന്‍ ദുരന്തത്തിന് ശേഷവും ഭരണാധികാരികളുടെ കഴിവുകേട് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറിനിടെ മാത്രം 42 കുരുന്നുജീവനുകളാണ് ഇവിടെ പിടഞ്ഞൊടുങ്ങിയത്. പ്രദേശത്ത് പടര്‍ന്ന് പിടിക്കുന്ന മസ്തിഷ്‌ക ജ്വരത്തിന് ആവശ്യമായ ചികിത്സാ സൗകര്യം പ്രദേശത്തെ സര്‍ക്കാര്‍ അശുപത്രികളില്‍ ലഭ്യമാക്കാത്തതാണ് പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനിടയാക്കിയത്.
ഇന്നലെ മരിച്ചതില്‍ ഏഴു കുട്ടികള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചവരായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പി കെ സിങ് പറഞ്ഞു. ബാക്കി കുട്ടികള്‍ മരിച്ചതിന്റെ കാരണങ്ങള്‍ എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് മരണസംഖ്യ വന്‍ തോതില്‍ ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കനത്ത മഴയും മറ്റ് പ്രശ്‌നങ്ങളും തുടരുന്നതിനാല്‍ ഇനിയും മരണങ്ങളുണ്ടാകുന്നതിനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഈമാസം മാത്രം 290 കുട്ടികളാണ് ഈ ആശുപത്രിയില്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പി കെ സിങ് പ്രതികരിച്ചു. നിയോ നേറ്റല്‍ ഐ സി യുവില്‍ 213 ഉം മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് 77 കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെ 1,250 കുഞ്ഞുങ്ങളാണ് ഈ ആശുപത്രിയില്‍ മരിച്ചതെന്നും സിങ് വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ഇതേ ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് 70 പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ട മരണത്തിനിടയാക്കിയത്. ആശുപത്രി അധികൃതരുടെയും സര്‍ക്കാരിന്റെയും കെടുകാര്യസ്ഥതയാണ് സംഭവത്തിനിടയാക്കിയതെന്നതിനാല്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ വീഴ്ച വ്യക്തമാക്കുന്ന വിവിധ അന്വേഷണ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അടക്കമുള്ള ആശുപത്രി ജീവനക്കാരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയേയും അദ്ദേഹത്തിന്റെ ഭാര്യയെയും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഭവവുമായി ബന്ധമില്ലാത്ത മറ്റൊരു അഴിമതി ആരോപണം ഉന്നയിച്ചായിരുന്നു ഇവരുടെ അറസ്റ്റ്.

പരിഹാസവുമായി മുഖ്യമന്ത്രി ആദിത്യനാഥ്

ലഖ്‌നൗ: ഗൊരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണത്തില്‍ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട രക്ഷിതാക്കള്‍ക്ക് നേരെയായിരുന്നു മുഖ്യമന്ത്രിയുടെ അധിക്ഷേപം,
‘കുഞ്ഞുങ്ങള്‍ക്ക് രണ്ടു വയസാകുന്ന നിമിഷം മുതല്‍ രക്ഷിതാക്കള്‍ അവരുടെ ഉത്തരവാദിത്തമെല്ലാം കൂടി സര്‍ക്കാരിന്റെ തലയിലാക്കാന്‍ ശ്രമം തുടങ്ങും’ ഇതായിരുന്നു യോഗിയുടെ വാക്കുകള്‍. ഓഗസ്റ്റ് മാസം മാത്രം മരിച്ചത് 290 കുട്ടികളാണെന്ന പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന്റെ തൊട്ടുമുമ്പായിരുന്നു യോഗിയുടെ പരിഹാസ പ്രസ്താവന. മാധ്യമങ്ങളെയും യോഗി ആദിത്യനാഥ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഓക്‌സിജന്റെ അഭാവം മൂലം കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തും യോഗി സര്‍ക്കാരിനുമെതിരെ വന്‍ പ്രക്ഷോഭമാണ് ഉയര്‍ന്നിരുന്നത്.

Related News