Monday
23 Jul 2018

കിഫ്ബി: 1,353 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

By: Web Desk | Friday 29 December 2017 10:30 PM IST

തിരുവനന്തപുരം: കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി ബോര്‍ഡ് (കിഫ്ബി) യോഗം 1353 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ കിഫ്ബി വഴി 18,939 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയതെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതില്‍ ആയിരം കോടിയുടെ പദ്ധതികളൊഴികെയുള്ളവയ്ക്ക് ടെണ്ടര്‍ വിളിച്ച് നടപ്പാക്കല്‍ ഘട്ടത്തിലേക്ക് പോകാന്‍ തടസങ്ങളില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത വര്‍ഷം 30,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി വഴി അംഗീകാരം നല്‍കും. കേരളത്തിന്റെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ നിക്ഷേപവര്‍ധനയാണുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
ദേശീയതലത്തില്‍ തന്നെ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യത്തിനുള്ള മറുമരുന്നാണ് കിഫ്ബി. കിഫ്ബിയിലെ പദ്ധതികള്‍ മാന്ദ്യവിരുദ്ധ പാക്കേജിന് തുല്യമാണ്. കിഫ്ബി അംഗീകരിച്ച ഒരു പദ്ധതിയും പ്രവൃത്തി ഘട്ടത്തിലെത്തിയില്ലെന്നത് അംഗീകരിക്കുന്നു.
കര്‍ശനമായ പരിശോധന നടക്കുന്നതും മാനദണ്ഡങ്ങള്‍ പാലിക്കുന്നതും കൊണ്ടാണ് കാലതാമസം വരുന്നത്. അങ്ങനെ നോക്കുമ്പോള്‍ കിഫ്ബിയുടെ പ്രവര്‍ത്തനം മോശമല്ല. പല പദ്ധതികളുടെയും ടെണ്ടര്‍ നടപടികള്‍ തുടങ്ങി. ഭൂമി വാങ്ങല്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് കാലതാമസം നേരിടുന്നത്. കിഫ്ബിയിലെ നിക്ഷേപത്തിന് സാമ്പത്തിക മാന്ദ്യം തടസമാകില്ലെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്കും മറ്റു ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

Related News