Friday
19 Oct 2018

ഇടുക്കിയില്‍ കാട്ടാനകളുടെ കൂട്ടക്കുരുതി
ദേവികുളത്ത് കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റ്

By: Web Desk | Wednesday 25 October 2017 12:02 AM IST

സന്ദീപ് രാജാക്കാട്

രാജാക്കാട്: ഇടുക്കി മേഖലയില്‍ വനംകയ്യേറ്റക്കാരും റിസോര്‍ട്ട് മാഫിയയും ആസൂത്രിതമായി കാട്ടാനകളെ കൊന്നൊടുക്കുന്നു. തോട്ടങ്ങള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ചുറ്റുമുള്ള അതിര്‍ത്തി വേലിയിലൂടെ ഉയര്‍ന്ന വോള്‍ട്ടിലുള്ള വൈദ്യുതി കടത്തി വിട്ടാണ് കാട്ടാനകളെ കൊല്ലുന്നത്. കഴിഞ്ഞ ദിവസം ദേവികുളം ഫാക്ടറി ഡിവിഷനില്‍ പുല്‍മേട്ടില്‍ കാട്ടാന ചരിഞ്ഞതും വൈദ്യുതാഘാതമേറ്റാണെന്ന് ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. മൂന്ന് മാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ ആറാമത്തെ കാട്ടാനയാണിത്. ഈ സംഭവത്തില്‍ വനംവകുപ്പ് അധികൃതര്‍ ദേവികുളത്തെ തോട്ടം തൊഴിലാളിയായ യോവാനെ അറസ്റ്റ് ചെയ്തു.
ചിന്നക്കനാല്‍, അടിമാലി, മൂന്നാര്‍ മേഖലകളിലാണ് സമീപകാലത്ത് കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞത്. ജൂലൈയില്‍ മണ്ണുമാന്തി യന്ത്രമായ ജെ സി ബിയുടെ അടിയേറ്റ് മൂന്നാര്‍ ചെണ്ടുവര തേയില ഫാക്ടറി ഡിവിഷനില്‍ ഒരാന ചരിഞ്ഞ സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും തുടര്‍ അന്വേഷണങ്ങള്‍ ഒന്നും ഉണ്ടായില്ല. തലയാര്‍ ടീ ഫാക്ടറിക്കടുത്ത് അതേ മാസത്തില്‍ മറ്റൊരു പിടിയാനയുടെ ജഡം കാണപ്പെട്ടെങ്കിലും കേവലം പോസ്റ്റ് മോര്‍ട്ടം മാത്രം നടത്തി കേസ് ഒതുക്കി.
ഓഗസ്റ്റില്‍ ചിന്നക്കനാലില്‍ ടോമിന്‍ തച്ചങ്കരിയുടെ കുടുംബവക എസ്‌റ്റേറ്റില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് പിടിയാന ചരിഞ്ഞ കേസിലും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തും വിധം പ്രോസിക്യൂഷന്‍ നടപടിയുണ്ടായില്ല. അടിമാലി ചൊക്കനാട് മേഖലകളിലും പിന്നീട് കാട്ടാനകളെ കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുതിയ ഇലക്ട്രിക് ഫെന്‍സിംഗ് കണക്ഷനുകള്‍ക്കൊന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിന്റെ ഇടുക്കി ജില്ലാ ഓഫീസില്‍ നിന്ന് അനുമതി നല്‍കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേ സമയം തോട്ടങ്ങള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ചുറ്റും നാള്‍ക്കുനാള്‍ ഇലക്ട്രിക് ഫെന്‍സിംഗുകള്‍ ഉയരുന്നുമുണ്ട്. വൈല്‍ഡ് ലൈഫ് ആക്ടിനും വൈദ്യുതി നിയമങ്ങള്‍ക്കും വിരുദ്ധമായി ഉയര്‍ന്ന വോള്‍ട്ടാണ് മാഫിയകള്‍ ലൈനിലൂടെ കടത്തിവിടുന്നത്. ആനകള്‍ ചരിയുമ്പോള്‍ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ഉയര്‍ത്തുന്ന പ്രതിഷേധവും മുറവിളിയും കെട്ടടങ്ങുന്നതോടെ ഉദ്യോഗസ്ഥരും നടപടികളില്‍ നിന്നും പിന്‍വലിയുകയാണ്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ കാടിന്റെ വ്യാപ്തി ഗണ്യമായി കുറഞ്ഞതും കാട്ടില്‍ കുടിവെള്ളം സമൃദ്ധമായി കിട്ടാത്തതുമാണ് കാട്ടാനകളെ ജനവാസമേഖലകളിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കാട്ടാനകള്‍ തീറ്റതേടി ഒരു ദിവസം 45 കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോ ആനയും പ്രതിദിനം 350 ലിറ്ററോളം വെള്ളവും കുടിക്കും. എന്നാല്‍ ഇത്രയധികം ദൂരം കാട്ടിലൂടെ സഞ്ചരിച്ചാലും ആവശ്യത്തിനുള്ള തീറ്റയും വെള്ളവും കിട്ടാത്തതും ആനകളെ പ്രകോപ്പിക്കാറുണ്ട്.
തമിഴ്‌നാട്ടില്‍ ഉദുമല്‍പേട്ടയില്‍ നിന്നും കോടനാട് ആന പരിശീലന കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ മാസം കുങ്കിയാനകളെ കൊണ്ടുവന്ന് ഗുണ്ടാപ്രയോഗം നടത്തിയതിന് അല്‍പം ഫലം ഉണ്ടാക്കിയിട്ടുണ്ട്. അന്ന് കാട്ടിലേക്ക് മടങ്ങിയ കാട്ടാനക്കൂട്ടങ്ങള്‍ ചിന്നക്കനാല്‍, ആനയിറങ്കല്‍ മേഖലകളില്‍ ആഴ്ചകളായി ശല്യം ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ അവയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം ഇതുവരെ ഫലിച്ചിട്ടില്ല.

  • കാട്ടാനയെ കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

രാജാക്കാട്: ദേവികുളത്ത് കാട്ടാനയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്ന കേസില്‍ വനംവകുപ്പ് ഒരാളെ അറസ്റ്റ് ചെയ്തു. ദേവികുളം എസ്റ്റേറ്റിലെ തൊഴിലാളിയായ യോവാന്‍ ആണ് അറസ്റ്റിലായത്.
വൈദ്യുതാഘാതമേറ്റാണ് കാട്ടാന ചരിഞ്ഞതെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍സ് സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സയന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. തോട്ടത്തില്‍ വന്യമൃഗങ്ങള്‍ കയറാതിരിക്കാല്‍ വേണ്ടി നിര്‍മ്മിച്ച കമ്പിവേലിയില്‍ ഇയാള്‍ വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതില്‍ തട്ടിയാണ് കാട്ടാന ചരിഞ്ഞതെന്ന് റേഞ്ച് ഓഫീസര്‍ നിപു കെ കിരണ്‍ പറഞ്ഞു. 35 വയസാണ് ആനക്കുള്ളതെന്നും വൈദ്യുതി ആഘാതമാണ് മരണമെന്നും ഡോക്ടര്‍ പറഞ്ഞു. അതിനിടെ വന്യമൃഗങ്ങളെ കൊലപ്പെടുത്തുന്ന സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ആറു മാസത്തിനിടെ ആറ് കാട്ടാനകളെ വൈദ്യുതാഘാതമേല്‍പ്പിച്ചും അല്ലാതെയും കൊലപ്പെടുത്തിയ ശേഷം ആദ്യമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നത്.