Wednesday
19 Dec 2018

മസ്തിഷ്‌ക മരണാനന്തര അവയവദാനം ബോധവൽകരണം ഊർജിതമെന്ന് മന്ത്രി കെ കെ ശൈലജ

By: Web Desk | Thursday 6 December 2018 5:01 PM IST

തിരുവനന്തപുരം: മസ്തിഷ്‌ക മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനും മൃതസഞ്ജീവിനി വഴി സംസ്ഥാനത്തുടനീളം ബോധവല്‍ക്കരണ ക്ലാസുകളും ശില്‍പ്പശാലകളും സംഘടിപ്പിച്ച് വരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകായിരുന്നു മന്ത്രി.
  അവയവദാനത്തിന് താല്‍പര്യമുള്ളവര്‍ക്കായി ഡോണര്‍ കാര്‍ഡ് വിതരണം ചെയ്യുകയും വിവിധ മേളകളില്‍വച്ച് അവയവദാന സമ്മതപത്ര വിതരണം നടത്തി വരുകയും ചെയ്യുന്നുണ്ട്. മസ്തിഷ്‌ക്കമരണ സ്ഥിരീകരണ പ്രക്രിയ ഏകോപിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും വേണ്ടി ആരോഗ്യവകുപ്പിന്റെ കീഴില്‍ ജില്ലാതലത്തില്‍ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. കൂടാതെ 300 ഓളം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് മസ്തിഷ്‌ക മരണ സ്ഥിരീകരണത്തില്‍ വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി അവയവദാനത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ശില്‍പ്പശാലകള്‍ ആശുപത്രികളില്‍ സംഘടിപ്പിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
  മസ്തിഷ്‌ക്ക മരണാനന്തര അവയവദാനത്തില്‍ ഉണ്ടായ കുറവ് പരിഹരിക്കുന്നതിനായി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒരു റീജിയണല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനും രണ്ട് ട്രാന്‍സ് പ്ലാന്റഅ കോ ഓര്‍ഡിനേറ്റര്‍മാരെ നിയമക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മസ്തിഷ്‌ക്ക മരണ സ്ഥിരീകരണ പ്രക്രിയ ഏകോപിപ്പിക്കുന്നതിനുവേണ്ടി ട്രാന്‍സ് പ്ലാന്റ് പ്രൊക്യൂര്‍മെന്റ് മാനേജര്‍മാരെ നിയമിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.
Related News