Friday
15 Dec 2017

സ്ത്രീശക്തിയില്‍ രാമശ്ശേരി ഇഡലി

By: Web Desk | Saturday 12 August 2017 12:54 PM IST

sreeeniകെ കെ ശ്രീനിവാസന്‍

പാലക്കാട് – പൊള്ളാച്ചി വഴിയില്‍ രാമശ്ശേരി ഗ്രാമം. പാലക്കാട് പട്ടണത്തില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെയാണ് രാമശ്ശേരി. മലയാളനാടിന്റെ വേറിട്ട രുചിയേറും തനത് ഭക്ഷണ വിഭവങ്ങളുടെ പട്ടികയില്‍ ഈ ഗ്രാമത്തിന്റെ നാമധേയം ചേര്‍ത്തുള്ള ഒരു പലഹാരമുണ്ട് – രാമശ്ശേരി ഇഡലി.

പഴമയുടെ പരിസരം ഇനിയും വിട്ടൊഴിയാത്ത രാമശ്ശേരി ഗ്രാമം ഇഡലിയുടെ പേരില്‍ ഏറെ പ്രശസ്തം. തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് കുടിയേറിയ മുതലിയാര്‍ സമുദായത്തിന്റെ പരമ്പരാഗത പലഹാരമാണ് ഇഡലി. മുതലിയാര്‍ സമുദായത്തിലെ അഞ്ചു കുടുംബങ്ങളാണ് രാമേശ്വരി ഇഡലി ഉണ്ടാക്കുന്നത്. ഈ കുടുംബങ്ങളുണ്ടാക്കുന്ന ഇഡലി അവരുടെ തന്നെ ചായക്കടകളില്‍ വില്‍ക്കുന്നു. പരിസരപ്രദേശത്തെ വീടുകളില്‍ നേരിട്ടെത്തിക്കുന്നവരുമുണ്ട്. രണ്ടു നൂറ്റാണ്ടിന്റെ പാരമ്പര്യമാണത്രെ രാമശ്ശേരി ഇഡലിയുടെ പിന്‍ബലം.

സാധാരണ ഇഡലിയില്‍ നിന്ന് വ്യത്യസ്തമാണ് രാമശ്ശേരി മുതലിയാര്‍ കുടുംബങ്ങള്‍ പാകം ചെയ്യുന്ന ഇഡലി. ചുറ്റും സുഷിരങ്ങളുള്ള മണ്‍വട്ടില്‍ കനംകുറഞ്ഞ ചരട് കോര്‍ത്ത് വല പോലെയാക്കുന്നു. അത് മണ്‍കലത്തിനു മുകളില്‍ വച്ച് വെള്ളതുണി വിരിച്ച് ഇഡലിമാവ് ഒഴിക്കുന്നു. ഒരേസമയം മൂന്നു തട്ടുകളില്‍ ഇഡലി പാകം ചെയ്‌തെടുക്കുന്നു. ആദ്യമൊക്കെ പുളിവിറക് കത്തിച്ചാണ് രാമശ്ശേരി ഇഡലി പാകം ചെയ്‌തെടുത്തിരുന്നത്. ഇപ്പോള്‍ പക്ഷേ പുളിവിറക് കിട്ടാനില്ല. അതിനാല്‍ ഇപ്പോള്‍ ഗ്യാസ് അടുപ്പാണ്. മണ്‍കലത്തിനും ദൗര്‍ലഭ്യം. പകരം പക്ഷേ അലുമിനിയം കലമാണ് ഉപയോഗിക്കുന്നത്. രാമേശ്ശരി ഗ്രാമത്തെ ഇഡലിയിലൂടെ പുറംലോകത്തിലെത്തിച്ച രാമേശ്ശരി സരസ്വതി നിവാസിലെ മഹേശ്വരിയമ്മ വിശദീകരിക്കുന്നു.
രണ്ട് കിലോ അരിയും അര കിലോ ഉഴുന്നും ഒരു ടേബിള്‍ ടിസ്പൂണ്‍ ഉലുവയും അരച്ചെടുത്ത് പാകം ചെയ്താല്‍ അമ്പതോളം ഇഡലി റെഡി. പൊന്നി അരിയും കറുത്ത ഉഴുന്നുമാണ് മുഖ്യചേരുവകള്‍. കൂട്ടത്തില്‍ ഉലുവയും. ഇഡലിമാവ് തയ്യാറാക്കി വെച്ച് നാലു മണിക്കൂറിനുശേഷം പാകം ചെയ്യാം. അതിനാല്‍ അതിരാവിലെ ഏകദേശം രണ്ടരയോടു കൂടി തന്നെ മഹേശ്വരിയമ്മയുടെ അടുക്കള സജീവം. രാവിലെ അഞ്ചു മുതല്‍ ഇഡലി വിതരണം.
എഫ്എസ്എസ്‌ഐ രജിസ്‌ട്രേഷനോടുകൂടിയ മഹേശ്വരീസ് പാലക്കാടന്‍ സ്‌പെഷല്‍”എന്ന പേരിലാണ് രാമശ്ശേരി ഇഡലി വിപണിയിലെത്തിക്കുന്നത്. പാലക്കാട് പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമായി ദിനേനെ 1000 ത്തിലധികം പേര്‍ രാമശ്ശേരി ഇഡലി രുചിയറിയുന്നു. രാവിലെ 5 മുതല്‍ 8.30 വരെ വിപണിയില്‍ രാമശ്ശേരി ഇഡലി എത്തിക്കുന്നു. അഞ്ച് ഇഡലിയും ചമ്മന്തിപ്പൊടിയുമടങ്ങുന്നതാണ് വിപണിയിലെത്തിക്കുന്ന രാമശ്ശേരി ഇഡലി പാക്കറ്റ്.Image result for Ramasseri Idli in female power
പാലക്കാട് ജില്ലയില്‍ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ചെറുതും വലുതുമായ ചായക്കടകള്‍, ആസ്പത്രി കാന്റീനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മെസ്സുകള്‍-കാന്റീനുകള്‍ ഇവിടെയെല്ലാം അതിരാവിലെ തന്നെ രാമശ്ശേരി ഇഡലി പാക്കറ്റുകള്‍ എത്തുന്നു. 35 രൂപ വിലയുള്ള രാമശ്ശേരി ഇഡലി പാക്കറ്റ് രാവിലെ അഞ്ചര മുതല്‍ ആറുവരെ പാലക്കാട് കോട്ടമൈതാനത്ത് ലഭ്യമാകുന്നുണ്ടെന്നും രാമശ്ശേരി സരസ്വതി നിവാസിലെ മഹേശ്വരി – സത്യരാജ് ദമ്പതിമാരുണ്ടാക്കുന്ന ഇഡലി വിപണിയിലെത്തിക്കുന്നതിന്റെ ചുമതലയേറ്റെടുത്തിട്ടുള്ള ശിവപ്രസാദ് പറയുന്നു.

60 രൂപക്ക് 250 ഗ്രാം തൂക്കമുള്ള രാമശ്ശേരി ചമ്മന്തിപ്പൊടിയും വിപണിയില്‍ ലഭ്യം. രാമശ്ശേരി ഇഡലിയുടെ പെരുമയേറിയതോടെ കേരളം മുഴുവന്‍ ആവശ്യക്കാരുണ്ട്. വിപുലമായ തോതില്‍ പക്ഷേ ഇഡലിയുണ്ടാക്കുവാനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം മൂലം ആവശ്യാനുസരണം സപ്ലൈ ചെയ്യാനാകുന്നില്ല. രാമേശ്വരി ഇഡലിമാവ് വിപണിയിലെത്തിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ഇഡലിയും ഇഡലിമാവും ചമ്മന്തിപ്പൊടിയുമുണ്ടാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കാന്‍ പക്ഷേ മുതല്‍മുടക്ക് ആവശ്യമാണ്. ധനസഹായം നല്‍കുവാന്‍ പക്ഷെ സര്‍ക്കാര്‍ ഏജന്‍സികളോ ബാങ്കുകളോ മുന്നോട്ടുവരുന്നില്ല. വായ്പക്കായി ഇവരെയെല്ലാം സമീപിച്ചു. ഇനിയും വായ്പ അനുവദിച്ചിട്ടില്ല. വനിതാസംരഭമെന്ന നിലയില്‍ വിപുലീകരിക്കുവാന്‍ കുടുംബശ്രീയെ സമീപിച്ചു. അതും പക്ഷെ ഫലം കണ്ടില്ലെന്ന് മഹേശ്വരിയമ്മ.

idalyവിശ്വവ്യാപാര സംഘടനയുടെ വാണിജ്യവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്താവകാശ കരാര്‍ (‘ട്രിപ്‌സ്’) പ്രകാരം സ്ഥലനാമ (ഭൗമസൂചിക) ത്തോടൊപ്പം അറിയപ്പെടുന്ന തനത് വിശിഷ്ട ഉല്പന്നങ്ങളെ ഭൗമസൂചികയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തു സംരക്ഷിക്കാം. ബൗദ്ധിക സ്വത്താവകാശ കരാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ഭൗമസൂചികയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് ഉല്പന്നങ്ങള്‍ക്കുമേല്‍ പരിപൂര്‍ണ്ണാവകാശം സംരക്ഷിച്ചെടുക്കാനാകും. കേരളത്തില്‍ ചുരുക്കം ചില ഉല്പന്നങ്ങള്‍ക്ക് ഭൗമസൂചിക രജിസ്‌ട്രേഷന്‍ ലഭ്യമായിട്ടുണ്ട്. രാമശ്ശേരി ഇഡലിക്ക് ഭൗമസൂചിക രജിസ്‌ട്രേഷന്‍ നേടുന്നതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് മഹേശ്വരിയമ്മക്ക് ധാരണയില്ല. ആ ദിശയില്‍ പക്ഷേ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങല്‍ നല്‍കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ മുന്നോട്ടുവരുന്നില്ലതാനും.

Image result for Ramasseri Idli in female power

നാടിന്റെ വേറിട്ട രുചിയേറും തനത് വിഭവങ്ങള്‍ ആഗോള വ്യാപാര ഭൂപടത്തില്‍ അടയാളപ്പെടുത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിയപ്പെടാതെ പോകേണ്ടതാണോയെന്ന സംശയം ഇനിയും ദൂരീകരിക്കപ്പെടേണ്ടതുണ്ട്…….