Sunday
22 Oct 2017

സ്വതന്ത്ര്യ ഇന്ത്യ: മഹാകോടികളുടെ അഴിമതി റിപ്പബ്ലിക്

By: Web Desk | Friday 11 August 2017 10:48 AM IST

K K Sreenivasan

കെ കെ ശ്രീനിവാസന്‍

198.86 ലക്ഷം കോടിയുപയോഗിച്ച് സ്‌കാന്റിനേവിയന്‍ രാഷ്ട്രങ്ങളെ വെല്ലാവുന്ന ക്ഷേമരാഷ്ട്ര പദവിയിലേയ്ക്ക് ഇന്ത്യ ഉയര്‍ത്തപ്പെടുമായിരുന്നു. ഒരൊറ്റ  രാത്രി ഇരുട്ടി വെളുക്കുമ്പോഴക്കും  ഇന്ത്യ സൂപ്പർ പവർ എന്നതിലെക്കു കുതിക്കുമായിരിന്നു 

ന്ത്യന്‍ പാര്‍ലിമെന്ററി ജനാധിപത്യത്തിന് പ്രായം 70. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തം. ഏഴ് പതിറ്റാണ്ടു പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ അഴിമതിയുടെ റിപ്പബ്ലികാണെന്ന അപഖ്യാതിയുമുണ്ട്. അഴിമതി ആധുനിക ജനാധിപത്യത്തിന്റെ ശാപം . ഇതില്‍ നിന്ന് മോക്ഷമില്ലെന്ന ദൗര്‍ഭാഗ്യകരവും ഖേദകരവുമായ അവസ്ഥ ഇന്ത്യയെ ഇനിയും വരിഞ്ഞുമുറുക്കുകയാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏഴ് പതിറ്റാണ്ടു ചരിത്രത്തില്‍ അഴിമതികളുടെ നീണ്ട പട്ടിക ഇടംപിടിച്ചിട്ടുണ്ട്. സ്വതന്ത്ര്യ ഇന്ത്യയില്‍ ആദ്യം കണ്ടത് 1948ലെ ജീപ്പ് അഴിമതി. വി കെ കൃഷ്ണമേനോന്‍ ബ്രിട്ടീഷ് ഹൈക്കമ്മിഷ്ണര്‍ ആയിരിക്കെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് 4,603 ആര്‍മി ജീപ്പുകള്‍ വാങ്ങുവാന്‍ കരാറില്‍ ഒപ്പിട്ടു. ഇതില്‍ 80 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. ജീപ്പ് കുംഭകോണത്തിലൂടെ തുടങ്ങിയ അഴിമതിക്കണക്ക് 2013 വരെ എത്തിനില്‍ക്കുന്നത് 198.86 ലക്ഷം കോടിയില്‍! ബഫോഴ്‌സ് അഴിമതി (1987-64 കോടി), ഓഹരി കുംഭകോണം (1992-5000 കോടി),സത്യം കമ്പ്യൂട്ടേഴ്‌സ് അഴിമതി (2009-14,000 കോടി), തേല്‍ഗി സ്റ്റാമ്പ് പേപ്പര്‍ കുംഭകോണം (2012-20,000)കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി (2010-70,000 കോടി), വഖഫ് ബോര്‍ഡ് ഭൂമികുംഭകോണം (2012-1,50,000കോടി), 2ജി സ്‌പെക്ട്രം (2008-1,76,000 കോടി), കല്‍ക്കരി ഖനി കുംഭകോണം (2012-1,86,000 കോടി), യുപിയിലെ എന്‍ആര്‍എച്ച്എം തട്ടിപ്പ് (2012-10,000), ശാരദാ ചിട്ടിഫണ്ട് കുഭകോണം (2013-30,000 കോടി). വിവരാവകാശത്തിന്റെ നാട്ടിലെ അഴിമതി പട്ടിക അന്തമില്ലാതെ നീളുന്നു.
ലക്ഷം കോടികളുടെ അഴിമതി കണക്കില്‍ സാധാരണക്കാര്‍ നല്‍കുന്ന കൈക്കൂലിയുടെ കണക്ക് ഉള്‍പ്പെടുന്നില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ പഠനം പറയുന്നത് രാജ്യത്തെ തെരുവോര കച്ചവടക്കാര്‍ വര്‍ഷത്തില്‍ 1100 രൂപ കൈക്കൂലി നല്‍കുന്നുണ്ടെന്നാണ്. റോഡ് ട്രാന്‍സ്‌പോര്‍ട്ട് രംഗത്ത് പൊലീസും ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരും കൂടി വര്‍ഷത്തില്‍ വസൂലാക്കുന്നത് 22,000 കോടിയുടെ കൈക്കൂലിയെന്ന് സെന്റര്‍ ഫോര്‍ മീഡിയ സര്‍വീസിന്റെ സര്‍വേയില്‍ പറയുന്നു. ആഗോളതലത്തില്‍ അഴിമതിവിരുദ്ധ പ്രചരണത്തിലേര്‍പ്പെട്ടിരിക്കുന്ന ബര്‍ലിന്‍ ആസ്ഥാനമായുള്ള ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ 2016 ലെ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം അഴിമതിയുടെ പട്ടികയില്‍ ഇന്ത്യ 95-ാം സ്ഥാനത്താണ്. 1995-2016 വരെ അഴിമതിയുടെ പട്ടികയില്‍ ശരാശരി 75.32 സ്ഥാനത്താണ് ഇന്ത്യയെന്നും ഇന്റര്‍നാഷണല്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് പറയുന്നു.images
198.86 ലക്ഷം കോടിയുപയോഗിച്ച് സ്‌കാന്റിനേവിയന്‍ രാഷ്ട്രങ്ങളെ വെല്ലാവുന്ന ക്ഷേമരാഷ്ട്ര പദവിയിലേയ്ക്ക് ഇന്ത്യ ഉയര്‍ത്തപ്പെടുമായിരുന്നു. ഒരൊറ്റ  രാത്രിഇരുട്ടി വെളുക്കുമ്പോഴക്കും  ഇന്ത്യ സൂപ്പർ പവർ എന്നതിലെക്കു കുതിക്കുമായിരിന്നു.  രാജ്യത്തെ സബ്‌സിഡി വിരുദ്ധ സാമ്പത്തിക ശാസ്ത്രം മെനയുന്നവരും ഭരണ തലങ്ങളെ അഴിമതിയുടെ ഖനന സ്രോതസ്സുകളായി കാണുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും ഉദ്യോഗസ്ഥവൃന്ദവും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ അഴിമതിയുടെ റിപ്പബ്ലിക്കില്‍ നിന്ന് കരകയറ്റുമെന്ന് കരുതുക പ്രയാസം. അതുകൊണ്ട് തന്നെ അഴിമതിയുടെ തീരാക്കളങ്കമെന്ന നുകംപേറുന്ന അവസ്ഥ ഇനിയും പൂര്‍വ്വാധികം ശക്തിപ്പെടാതെ തരമില്ലല്ലോ?
രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും ഉദ്യോഗസ്ഥ വൃന്ദവുമടങ്ങുന്നതാണ് അഴിമതിക്കൂട്ടുകെട്ട്. അഴിമതിവിമുക്ത ഇന്ത്യന്‍ ഭരണതലം ലക്ഷ്യം വച്ചുള്ള വിവരാവകാശ നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന കടുത്ത നിലപാടിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ഇക്കാര്യത്തിലും ഇവര്‍ വിയോജിപ്പുകളേതുമില്ലാതെ ഐക്യപ്പെടുന്ന കാഴ്ച! ഇവിടെ ജനാധിപത്യത്തിന്റെ കാവലാളുകളെന്നവകാശപ്പെടുന്നവര്‍തന്നെ അതിന്റെ ഘാതകരായിമാറുന്നുവെന്നതാണ് വ്യക്തമാകുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ മുഖമുദ്രയാണ് അടിസ്ഥാന സൗകര്യ വികസനം. റോഡ്-റെയില്‍ ഗതാഗത സൗകര്യം, വെള്ളം വിതരണം, വൈദ്യുതി ഉല്പാദനവും വിതരണവും തുടങ്ങിയവയാണ് ഇതില്‍ മുഖ്യം. നാടിന്റെ വളര്‍ച്ചക്ക് അഴിമതിരഹിത ഭരണമെന്ന അടിസ്ഥാന സൗകര്യത്തിനാണ് പ്രഥമസ്ഥാനം നല്‍കേണ്ടത്. ഇതിലൂടെ മാത്രമേ നാടിന്റെ ഭൗതിക മേഖലയിലേതടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം സാക്ഷാത്കരിക്കപ്പെടൂ. ദാരിദ്ര്യത്തിന്റേയും വികസനമുരടിപ്പിന്റേയും പിന്നാമ്പുറത്ത് പടര്‍ന്നുപിടിക്കുന്നത് അഴിമതി.
ഈ വസ്തുത കാണേണ്ടവര്‍ കാണുവാന്‍ കൂട്ടാക്കുന്നില്ല. പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിന്റെ ഈ നിലപാട് അഴിമതിരഹിത ഭരണവ്യവസ്ഥയെന്നതിനും ഇന്ത്യന്‍ ജനാധിപത്യം പക്വതയാര്‍ജിക്കുന്നതിനും വന്‍ പ്രതിബന്ധമാകുകതന്നെ ചെയ്യും.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സ്വതന്ത്രവും നീതിയുക്തവുമാകുക എന്നതാണ് ജനാധിപത്യ വ്യവസ്ഥയുടെ വിജയത്തിന്റെയും വളര്‍ച്ചയുടെയും മുഖ്യ അളവുകോല്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷേ അടിമുടി അഴിമതി പണത്തില്‍ കുളിച്ച് നില്‍ക്കുകയാണ്. കണക്കിലുള്‍പ്പെടാത്ത കോടികളാണ് (ബ്ലാക്ക് മണി) തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒഴുകിയെത്തുന്നത്. ഏറ്റവും ഒടുവില്‍ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരുടെ വോട്ട് ബിജെപിയും കോണ്‍ഗ്രസും കോടികള്‍ വാരിയെറിഞ്ഞ് വാങ്ങിയെന്ന് വ്യക്തം. അധികാരത്തിന്റെ സ്വര്‍ണ്ണഖനിയില്‍ നിന്നാണ് കണക്കില്ലാത്ത അഴിമതിപണം കുഴിച്ചെടുക്കുന്നത്. ഇതിന്റെ പിന്‍ബലത്തിലാണ് കോടികള്‍ വാരിയെറിഞ്ഞുള്ള രാഷ്ട്രീയ കുതിരക്കച്ചവടങ്ങളുടെ അധ്യായങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ താളുകളില്‍ ദിനേനയെന്നോണം കുറിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ ചെലവ് സര്‍ക്കാര്‍ നിര്‍വഹിക്കണമെന്ന നിര്‍ദ്ദേശമുണ്ട്. അതിനിയും പക്ഷെ ഗൗരവതരമായി പരിശോധിക്കപ്പെട്ടിട്ടില്ലെന്നിടത്ത് തെരഞ്ഞെടുപ്പ് ചെലവ് അഴിമതിപ്പണത്തിന്റെ കൊഴുപ്പില്‍ തുടരുക തന്നെ ചെയ്യും.
(അവസാനിക്കുന്നില്ല…)