Saturday
21 Oct 2017

അഴിമതി അനുസ്യൂതം തുടരുന്നു നിയമങ്ങള്‍ ഇടറി വീഴുന്നു

By: Web Desk | Sunday 13 August 2017 10:52 AM IST

കെ കെ ശ്രീനിവാസന്‍

സ്വതന്ത്ര ഇന്ത്യ: മഹാകോടികളുടെ അഴിമതി റിപ്പബ്ലിക്  (ഭാഗം -3)K K Sreenivasan

മലബാര്‍ സിമന്റ്‌സ് ജനറല്‍ മാനേജറായിരുന്ന ശശീന്ദ്രന്റെയും രണ്ടു മക്കളുടേയും ദുരൂഹമരണം ഇപ്പോഴും കൃത്യമായ ഉത്തരം കണ്ടെത്താത്ത സമസ്യ. അഴിമതിവിമുക്ത നാടിനുവേണ്ടി നിലകൊള്ളുന്നവരെന്നവകാശപ്പെടുന്ന വിവരാവകാശ സംഘടനകളും പ്രവര്‍ത്തകരും പോലും ഈ കേസിലെ പ്രതിക്കുവേണ്ടി അവശ്യംവേണ്ട വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയെന്ന ദൗര്‍ഭാഗ്യകരമായ വാര്‍ത്തകളാണ് പ്രത്യക്ഷപ്പെട്ടത്

ന്ത്യന്‍ ഭരണതലം അഴിമതിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത് ഉദ്യോഗസ്ഥവൃന്ദം. രാജ്യത്തെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും കണ്ടു മരവിച്ച ഇന്ത്യന്‍ ജനതയ്ക്ക് അഴിമതിയുടെ പ്രതിക്കൂട്ടില്‍ കണ്ണുംപൂട്ടി ഉദ്യോഗസ്ഥരെ നിര്‍ത്തുന്നതിനെപ്രതി രണ്ടാമതൊരു ആലോചനയേയില്ല. എന്നാല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലടക്കം അഴിമതിയുടെ കറപുരളാത്ത ഉദ്യോഗസ്ഥരില്ലാതില്ല. അത്തരം ഉദ്യോഗസ്ഥര്‍ക്കു പക്ഷേ നേരിടേണ്ടിവരുന്ന യാതനകള്‍ അതീവ ഗൗരവത്തോടെ മുഖവിലയ്‌ക്കെടുക്കപ്പെടുകയോ ചര്‍ച്ചചെയ്യപ്പെടുകയോ ചെയ്യുന്നില്ല. ഉദ്യോഗസ്ഥര്‍ ഒന്നടങ്കം അഴിമതിക്കാരാണെന്ന മുന്‍വിധി ശരിയല്ലെന്നതിന്റെ ഉദാഹരണങ്ങളുടെ ചെറുെതങ്കിലുമായ പട്ടികയില്ലാതില്ല.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഫീസറും 28 കാരനുമായ മഞ്ജുനാഥ് ഷണ്‍മുഖം 2005 നവംബര്‍ 19 ന് യുപിയിലെ ലക്കിമ്പൂര്‍ ഖറിയില്‍വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു. മായംചേര്‍ത്ത പെട്രോളും ഡീസലും വിറ്റതിനെത്തുടര്‍ന്ന് ആ മേഖലയിലെ പെട്രോള്‍ ബങ്കുകള്‍ അടച്ചുപൂട്ടാനാവശ്യപ്പെട്ടതിനെതിരെയുള്ള പ്രതികാരനടപടിയായിരുന്നു മഞ്ജുനാഥിന്റെ കൊലപാതകം.

നാഷണല്‍ ഹൈവേ അതോറിറ്റി എന്‍ജിനീയര്‍ ആയിരുന്ന സത്യേന്ദ്രദൂബെ 2003 നവംബര്‍ 23ന് ബിഹാറിലെ ഗയയില്‍ വെച്ച് കൊലചെയ്യപ്പെട്ടു. ഐഐടി എന്‍ജിനീയറിങ്ങ് ബിരുദധാരിയായ സത്യേന്ദ്ര ദുബെയുടെ കൊലപാതകത്തിനു പിന്നില്‍ അദ്ദേഹത്തിന്റെതന്നെ സഹപ്രവര്‍ത്തകരും ദേശീയപാത നിര്‍മ്മാണ കരാറുകാരും ആയിരുന്നു. ദേശീയപാതാനിര്‍മ്മാണത്തിലെ അഴിമതികള്‍ അക്കമിട്ടുനിരത്തി പ്രധാനമന്ത്രികാര്യാലയത്തിന് (വാജ്‌പേയി) കത്തെഴുതി. തന്റെ പേര് രഹസ്യമാക്കിവയ്ക്കണമെന്ന പ്രത്യേക അഭ്യര്‍ത്ഥനയും കത്തിലുണ്ടായിരുന്നു. അഭ്യര്‍ത്ഥനക്ക് വിരുദ്ധമായി പക്ഷേ പേര് രഹസ്യമാക്കിവയ്ക്കപ്പെട്ടില്ല. കേന്ദ്രഉപരിതലഗതാഗത മന്ത്രാലയത്തില്‍ നിന്ന് ദൂബെയുടെ പേര് ചോര്‍ന്നു. അഴിമതി ചെയ്യുന്ന സഹപ്രവര്‍ത്തകരുടെയും നാല് കരാറുകാരുടെയും പേരുകള്‍ കത്തില്‍ ഇടംപിടിച്ചിരുന്നു. ഇതാണ് ദൂബെയുടെ കൊലപാതകത്തിന് കാരണമായത്.

ദൂബെയുടെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷണം നടന്നുവെങ്കിലും യഥാര്‍ത്ഥ കുറ്റക്കാര്‍ നിയമത്തിന്റെ മുമ്പിലെത്തപ്പെട്ടില്ല. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ രക്തസാക്ഷിയായ സത്യേന്ദ്ര ദൂബെയെ വിസ്മരിക്കാന്‍ അദ്ദേഹത്തിന്റെ ഐഐടി സതീര്‍ത്ഥ്യരും അഭ്യുദയകാംക്ഷികളും തയ്യാറായില്ല. മരണാനന്തര ബഹുമതിയായി സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ദൂബെയെ അഖിലേന്ത്യ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ ആദരിച്ചു. യുകെയിലെ ഇന്റക്‌സ് ഓണ്‍ സെന്‍സര്‍ഷിപ്പ് മാഗസിന്റെ ഇന്റക്‌സ് വിസില്‍ബ്ലോവര്‍ അവാര്‍ഡും ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പെരന്‍സി എന്ന സംഘടനയുടെ ആനുവല്‍ ഇന്റഗ്രിറ്റി ബഹുമതിയും മരണാനന്തരം ദൂബെയെ തേടിയെത്തി.

കേരളത്തിലേക്കു വരിക. മലബാര്‍ സിമന്റ്‌സ് ജനറല്‍ മാനേജറായിരുന്ന ശശീന്ദ്രന്റെയും രണ്ടു മക്കളുടേയും ദുരൂഹമരണം ഇപ്പോഴും കൃത്യമായ ഉത്തരം കണ്ടെത്താത്ത സമസ്യ. ശശീന്ദ്രന്‍ അഴിമതിക്കെതിരെ നിലകൊണ്ട ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല. അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയുമായിരുന്നു. ഇവിടെയാണ് ശശീന്ദ്രന്റെയും മക്കളുടേയും ദുരൂഹമരണത്തിന്റെ ഗൗരവമേറുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഈ ദുരൂഹ മരണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണമേറ്റെടുത്തു എന്നത് ശരിതന്നെ. എന്നാല്‍ ഇതിനുപരി കേരളീയ പൊതുസമൂഹവും ഐഎഎസുകാരടക്കമുള്ള കേരളത്തിന്റെ ഉദ്യോഗസ്ഥവൃന്ദവും ശശീന്ദ്രന്റെ ദുരൂഹ മരണത്തെപ്രതി സത്യന്ധവും ഗൗരവപൂര്‍ണവുമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ലെന്നത് ഖേദകരമാണ്. അഴിമതിവിമുക്ത നാടിനുവേണ്ടി നിലകൊള്ളുന്നവരെന്നവകാശപ്പെടുന്ന വിവരാവകാശ സംഘടനകളും പ്രവര്‍ത്തകരും പോലും ഈ കേസിലെ പ്രതിക്കുവേണ്ടി അവശ്യംവേണ്ട വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയെന്ന ദൗര്‍ഭാഗ്യകരമായ വാര്‍ത്തകളാണ് പ്രത്യക്ഷപ്പെട്ടത്.

അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ശശീന്ദ്രനും സത്യേന്ദ ദൂബെയും മഞ്ജുനാഥുമടക്കമുള്ളവര്‍ രക്തസാക്ഷികളായി. അഴിമതിക്കെതിരെ പ്രതികരിച്ചതിന് സ്ഥാനചലനങ്ങളും സസ്‌പെന്‍ഷനുകളും ഏറ്റുവാങ്ങേണ്ടിവന്നവരുടെയും നീണ്ടനിര. യുപി നോയിഡയില്‍ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയും ഡിഎല്‍എഫും നടത്തിയ നിയമവിരുദ്ധ ഭൂമിയിടപാട് വെളിച്ചത്തുകൊണ്ടുവന്ന ഐഎഎസുകാരന്‍ അശോക്ഖാംക തന്റെ 21 വര്‍ഷ ഔദ്യോഗിക ജീവിതത്തിനിടയില്‍ 44 പ്രാവശ്യം സ്ഥാനചലനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. യുപി നോയിഡയിലെ മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ദുര്‍ഗ്ഗാശക്തി ഐഎഎസ് 2013 ജൂലായ് 27ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. 2014 ഒക്‌ടോബര്‍ 11ന് ദുര്‍ഗാ നാഗ്പാലിന്റെ ഭര്‍ത്താവും യുപി മഹാവന്‍ സബ്ഡവിഷനില്‍ മജിസ്‌ട്രേറ്റുമായ അഭിഷേക് സിങ് ഐഎഎസിനെയും അഖിലേഷ് യാദവ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥ കുടുംബത്തെ സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നു. ഇത്തരം ദുഷ്‌ചെയ്തികള്‍ക്ക് ഇപ്പോഴും ഒട്ടുമേ കുറവില്ല.

ഇന്ത്യ അംഗീകരിച്ച യുഎന്‍ അഴിമതി നിരോധന ഉടമ്പടിയനുസരിച്ച് അഴിമതി വിവരങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് നിയമ സംരക്ഷണം ലക്ഷ്യമിട്ട് വിസില്‍ബ്ലോവര്‍ പ്രൊട്ടക്ഷന്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനെപ്രതിയുള്ള ക്രിയാത്മക നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്. ലോകസഭ 2011 ഡിസംബറില്‍ ബില്‍ പാസാക്കി. 2012 ആഗസ്റ്റ് 12 ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ടു. 2015 മെയ് 11ന് ഭേദഗതികള്‍ക്കായി ബില്‍ ലോകസഭയില്‍ തിരിച്ചെത്തി 13ന് പാസാക്കപ്പെട്ടു. ബില്‍ ഇപ്പോള്‍ പക്ഷേ പാസാക്കപ്പെടാെത രാജ്യസഭയില്‍!
അഴിമതി വിവരങ്ങള്‍ പുറത്തുവിടുന്നവരുടെ വിവരങ്ങള്‍ പരസ്യമാക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന വ്യവസ്ഥകളും ഈ ബില്ലിലുള്‍പ്പെടുന്നു. അഴിമതി വിവരങ്ങള്‍ വെളിച്ചെത്തുകൊണ്ടുവരുന്നവര്‍ ഇരകളാക്കപ്പെടുന്നതിനെതിരെയുള്ള നിയമപരമായ പിന്‍ബലമാണ് വിസില്‍ബ്ലോവര്‍ പ്രൊട്ടക്ഷന്‍ നിയമം. അഴിമതിക്കെതിരെ നിലകൊള്ളുന്നവരെ പക്ഷേ സംരക്ഷിക്കുവാന്‍ നടപടികളുണ്ടാകുന്നില്ലെന്നതുതന്നെയാണ് വിസില്‍ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ ബില്‍ ഇനിയും പാസ്സാക്കപ്പെട്ടിട്ടില്ലെന്നതില്‍ നിന്ന് വ്യക്തമാകുന്നത്.

1923 ലെ ഓഫീഷ്യല്‍ സീക്രട്ട് ആക്ട് പൗരന്മാരുമാരുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഇന്ത്യന്‍ ജനതയുമായുള്ള തങ്ങളുടെ സിവില്‍ സര്‍വ്വീസുദ്യോഗസ്ഥര്‍ ബാന്ധവത്തെ പൂര്‍ണ്ണമായും തടയുകയെന്നതാണ് ബ്രിട്ടീഷ്‌രാജ് ഈ ആക്ടിലൂടെ ലക്ഷ്യംവച്ചത്. കോളനിഭരണം നിലനിര്‍ത്തുവാന്‍ ബ്രിട്ടീഷ ്ഭരണകൂടത്തിന്റെ നയങ്ങളും നീക്കങ്ങളും രഹസ്യമാക്കിവയ്‌ക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭ്യമായിട്ട് ഏഴ് പതിറ്റാണ്ട്. ഈ വേളയിലും ആക്ടിലെ വ്യവസ്ഥകള്‍ ഇപ്പോഴും രാജ്യത്തെ സിവില്‍ സര്‍വ്വീസുദ്യോഗസ്ഥരുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം.

വിവരാവകാശ നിയമം 2005 പ്രാബല്യത്തില്‍ വന്നിട്ടും ഒഫീഷ്യല്‍ സീക്രട്ട് ആക്ടിന്റെ വ്യവസ്ഥകള്‍ അതേപടി ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഡെമോക്ലിസിന്റെ വാളുപോലെ തൂങ്ങിനില്‍ക്കുന്നു. ഇത് റദ്ദുചെയ്യുന്നതിനോട് പക്ഷേ കേന്ദ്ര സര്‍ക്കാരിന് വിയോജിപ്പ്. രാജ്യരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നതിന് ഈ ആക്ട് അനിവാര്യമാണെന്നതാണ് വിയോജിപ്പിനാധാരം. എന്നാല്‍ പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിന്റെ അധികാര ദുര്‍വിനിയോഗങ്ങളും ആയുധ ഇടപാടുകളിലേതടക്കമുളള വന്‍ അഴിമതികളും മൂടിവയ്ക്കുന്നതിനുള്ള മുഖ്യ ആയുധമായി ഈ ആക്ട് ദുരുപയോഗം ചെയ്യപ്പെടുന്നു. നല്ല ഭരണത്തെയും സുതാര്യതയെയുംകുറിച്ച് വാതോരാതെ പറയുന്നവരുടെ ദുഷ്‌ചെയ്തികള്‍ക്ക് മറയായി ഈ ആക്ട് ഇപ്പോഴും അവശേഷിക്കുകയാണ്.

വീരപ്പമൊയ്‌ലിയുടെ അദ്ധ്യക്ഷതയിലുള്ള രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് പരിഷ്‌കരണക്കമ്മിഷന്‍ റിപ്പോര്‍ട്ട് ഒഫിഷ്യല്‍ സീക്രട്ട് ആക്ട് റദ്ദ് ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നുണ്ട്. 2006 ജൂണില്‍ സമര്‍പ്പിക്കപ്പെട്ട കമ്മിഷന്‍ റിപ്പോര്‍ട്ട് കാലപ്പഴക്കമേറിയ ഈ ആക്ട് രാജ്യത്തിന്റെ ഭരണപരിഷ്‌കരണ പാതയില്‍ പ്രധാന പ്രതിബന്ധമാണെന്ന് സമര്‍ത്ഥിക്കുന്നു. അഴിമതിക്കെതിരെ അണ്ണാഹസാരയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം കേന്ദ്രസര്‍ക്കാരിനെ പിടിച്ചുകുലുക്കിയിട്ടുപോലും ഈ ആക്ട് ഇപ്പോഴും ഉപയോഗിക്കപ്പെടുകയാണ്. രാജ്യത്തിന്റെ ഭരണതലങ്ങളിലെ അഴിമതിയും അധികാര ദുര്‍വിനിയോഗവും സുതാര്യമില്ലായ്മയും ഇനിയും തുടരുവാന്‍ ഭരണകൂടം തന്നെ കൂട്ടുനില്‍ക്കുന്നുവെന്നതാണ് ഇവിടെ വ്യക്തമാക്കപ്പെടുന്നത്. അധികാരത്തിന്റെ അകത്തളങ്ങളില്‍ അരങ്ങേറുന്ന അഴിമതികള്‍ അനുസ്യൂതം ആവോളം ആവര്‍ത്തിക്കുവാനുളള അവസരമാണ് ഇതുവഴി തുടര്‍ന്നും സംരക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥക്ക് പ്രായമേറുന്നതിനോടൊപ്പം അഴിമതിയുടെ റിപ്പബ്ലിക്കാണെന്ന അപഖ്യാതിയും വിെട്ടാഴിയാതെ ഒപ്പമുണ്ടാകും.
(അവസാനിച്ചു)