Monday
16 Jul 2018

ഉള്ളവരും ഇല്ലാത്തവരും വിടവ് വര്‍ധിക്കുന്നു

By: Web Desk | Monday 9 October 2017 1:12 AM IST

കെ കെ ശ്രീനിവാസന്‍                                                                                              Part-1


 അനിത മത്സരപ്പരീക്ഷയെ അഭിമുഖീകരിച്ചു. പരിശീലനം സിദ്ധിച്ചവര്‍ക്കായിരുന്നു പക്ഷേ വിജയം.  അനിത മുട്ടുകുത്തി. തഴയപ്പെട്ടു. നാളെകളെക്കുറിച്ച് നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. മത്സരപ്പരീക്ഷകളുടെ പൊരുളിനെ ചോദ്യം ചെയ്ത് അവള്‍ നീതിപീഠത്തിന് മുന്നിലെത്തി. ഒടുവില്‍ തളര്‍ന്നു. മത്സരപ്പരീക്ഷകളില്ലാത്ത മറ്റൊരു ലോകം തേടി അവള്‍ യാത്രയായി. ഉള്ളവരോട്  സദാ തോറ്റുകൊടുക്കേണ്ടിവരുന്ന ഒരു ജനതതിയുടെ പ്രതീകമായി.സാമ്പത്തിക അസന്തുലിതാവസ്ഥയുടെ രക്തസാക്ഷിയായി


ളിത് വിദ്യാര്‍ഥി അനിത. ആരും മറക്കാനിടയില്ല; ആത്മഹത്യയില്‍ അഭയം കണ്ടെത്തിയ അനിതയെ. ദ്രാവിഡ നാടിന്റെ പുത്രിയായിരുന്നു അനിത. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ദിനേനെ ഏറുകയാണ്. ഉള്ളവരുടെ മക്കള്‍ക്ക് മത്സര പരീക്ഷകളില്‍ ഏറെക്കുറെ ഉന്നത വിജയം ഉറപ്പ്. അഖിലേന്ത്യാ മത്സരപ്പരീക്ഷ എന്ന കടമ്പ കടക്കുന്നതിന് പക്ഷേ കൃത്യമായ പരിശീലനം അനിവാര്യം. പരിശീലനം നല്‍കുവാനുള്ള സ്ഥാപനങ്ങള്‍ക്ക് രാജ്യത്ത് കുറവൊന്നുമില്ല. പക്ഷേ താങ്ങാനാവാത്ത ഭീമമായ ചെലവ്. ഉള്ളവരുടെ/സമ്പന്നരുടെ മക്കള്‍ക്ക് ഭീമമായ ചെലവ് തടസമേയല്ല. അവര്‍ രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നു. മല്‍സര പരീക്ഷകള്‍ക്ക് സജ്ജമാക്കപ്പെടുന്നു. അതിന്റെ ഭാഗമെന്നോണം കേന്ദ്രസിലബസുകള്‍ പഠിപ്പിക്കുന്ന മികച്ച വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നു.

അനിത പഠിച്ചത് ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍. എങ്കിലും മികവിന്റെ നൂറുമേനി കൊയ്തു. നീറ്റ് എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന അഖിലേന്ത്യാ മത്സരപ്പരീക്ഷയെന്ന കടമ്പ. അത് മറികടക്കുക. ശേഷം ഡോക്ടറാകുകയെന്നതായിരുന്നു അനിതയുടെ ആഗ്രഹം. മത്സരപ്പരീക്ഷ നേരിടുന്നതിനായുള്ള വന്‍ തുക മുടക്കി സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ അനിതയ്ക്ക് അന്യമാക്കപ്പെട്ടു. കാരണം അനിതയുടെ മാതാപിതാക്കളുടെ പരിതാപകരമായ ധനസ്ഥിതി. അനിത മത്സരപ്പരീക്ഷയെ അഭിമുഖീകരിച്ചു. പരിശീലനം സിദ്ധിച്ചവര്‍ക്കായിരുന്നു പക്ഷേ വിജയം. അനിത മുട്ടുകുത്തി. തഴയപ്പെട്ടു. നാളെകളെക്കുറിച്ച് നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. മത്സരപ്പരീക്ഷകളുടെ പൊരുളിനെ ചോദ്യം ചെയ്ത് അവള്‍ നീതിപീഠത്തിന് മുന്നിലെത്തി. ഒടുവില്‍ തളര്‍ന്നു. മത്സരപ്പരീക്ഷകളില്ലാത്ത മറ്റൊരു ലോകം തേടി അവള്‍ യാത്രയായി. ഉള്ളവരോട് സദാ തോറ്റുകൊടുക്കേണ്ടിവരുന്ന ഒരു ജനതതിയുടെ പ്രതീകമായി.

ഉയര്‍ന്ന വരുമാനക്കാര്‍ വന്‍ മുതല്‍മുടക്കില്‍ ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന സ്ഥാനങ്ങളിലെത്തുന്നു. ഇന്ത്യയിലെ സിഇഒ മാരുടെ ശമ്പളവും ആനുകൂല്യങ്ങളും അമേരിക്കയടക്കമുള്ള വികസിത പാശ്ചാത്യ രാജ്യങ്ങളിലേതിനേക്കാള്‍ ഏറെ മുന്നില്‍. അവരുടെ സന്തതി പരമ്പരകള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുവാനുള്ള ഉന്നത സാമ്പത്തികശേഷി അനിവാര്യം.

വര്‍ഷത്തില്‍ കോടികള്‍ ശമ്പളം പറ്റുന്ന ഉയര്‍ന്ന വരുമാനക്കാര്‍ക്ക് വേവലാതിയേയില്ല. പണം വാരിയെറിഞ്ഞ് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ മല്‍സര പരീക്ഷകളില്‍ ശേഷി തെളിയിക്കുക സ്വാഭാവികം. എന്നാല്‍ താഴ്ന്ന വരുമാനമുള്ളവരുടെ മക്കള്‍ക്ക് ഇതെല്ലാം അന്യമാണുതാനും. കാരണം ഈ മാതാപിതാക്കള്‍ തൊഴിലെടുക്കുന്നത് മുഖ്യമായും കുടുംബം പോറ്റുവാനാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാനാണ്. ഒരുനേരത്തെ വിശപ്പടക്കുവാനാണ്. കോടികളുടെ വസ്തുവകകളും ബാങ്ക് ബാലന്‍സും ഇവര്‍ക്കന്യം. 97 മഹാ കോടീശ്വരന്മാരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ക്കും ഇവരുടെ സന്തതി പരമ്പരകള്‍ക്കും സ്വത്ത് കുമിഞ്ഞുകൂടുകയാണ്. ആ ചാക്രിക പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും – ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിച്ചുകൊണ്ട്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നാല് മുതല്‍ 15 വരെയുള്ള മഹാഭൂരിപക്ഷം കുട്ടികള്‍ക്കും മാതാപിതാക്കളുടെ പരിലാളനയും ശ്രദ്ധയും ലഭിക്കാതെ പോകുന്നുവെന്ന് യുനിസെഫിന്റെ പഠനം പറയുന്നു (ഗാര്‍ഡിയന്‍, 2017 സെപ്റ്റംബര്‍ 21). ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാനുള്ള പെടാപ്പാടിലാണ് മഹാഭൂരിപക്ഷം മതാപിതാക്കളും. ഈ മാതാപിതാക്കള്‍ സ്വത്തിന്റെ ഉടമകളല്ല. അവര്‍ മക്കളെ പോറ്റുവാനുള്ള നെട്ടോട്ടത്തിലാണ്. ഇവര്‍ സാമ്പത്തിക അസന്തുലിതാവസ്ഥയുടെ ഇരകള്‍. പിന്നെയെങ്ങനെ കുഞ്ഞുങ്ങളെ ലാളിക്കുവാന്‍ സമയം കണ്ടെത്തുമെന്നുള്ള ചോദ്യമാണ് യുനിസെഫ് ഉയര്‍ത്തുന്നത്. സാമ്പത്തിക അസന്തുലിതാവസ്ഥയുടെ ദുരന്ത പരിണിതിയില്‍ നിന്നാണ് ഈ ചോദ്യമുയരുന്നത്.

തൊണ്ണൂറുകളുടെ തുടക്കം. ആഗോളവത്കരണം. ഉദാരവല്‍ക്കരണം. സാമ്പത്തികപരിഷ്‌കാരങ്ങള്‍. ഇതിനെ സമ്പദ്‌വ്യവസ്ഥയുടെ ഘടനാപരമായ മാറ്റങ്ങളെന്ന് വിളിക്കപ്പെട്ടു. ആഗോള മൂലധനത്തിന്റെ കുത്തൊഴുക്കില്‍ ആഗോള സാമ്പത്തിക ക്രമം അമിത വേഗത്തിലേറി. സമ്പത്ത് ഒരു ചെറുവിഭാഗത്തില്‍ കുമിഞ്ഞുകൂടുന്നുവെന്ന പഠനങ്ങളും കണ്ടെത്തലുകളും. ഇവിടെ ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ, ഗ്രാമീണരെ, ഫാക്ടറി തൊഴിലാളികളെ, ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളെ, പട്ടിണിപ്പാവങ്ങളെ, ആലംബഹീനരെ, ഭവനരഹിതരെ ഇവരെയെല്ലാം അസ്വസ്ഥമാക്കുന്നു. ഈ അസ്വസ്ഥത തിരിച്ചറിയപ്പെടാതിരുന്നില്ല പ്രതേ്യകിച്ചും ഘടനാപരമായ സാമ്പത്തിക രീതിശാസ്ത്രത്തിലധിഷ്ഠിതമായ വിപണി സമ്പദ്‌വ്യവസ്ഥയിലെ വക്താക്കളും പ്രയോക്താക്കളുമായ യുപിഎ ഒന്നും രണ്ടും സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഇന്‍ക്ലൂസീവ് ഗ്രോത്ത് (സര്‍വരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച) എന്ന പുത്തന്‍ മന്ത്രവുമായി എത്തി. അത് ദേശീയ, അന്തര്‍ദേശീയ സാമ്പത്തിക സെമിനാറുകളില്‍ പ്രബന്ധങ്ങളും പഠനങ്ങളുമായി അവതരിപ്പിക്കപ്പെട്ടു. പാടിപ്പുകഴ്ത്തപ്പെട്ടു. ഇവിടെ പക്ഷേ ഒന്നും സംഭവിച്ചില്ല. പ്രബന്ധങ്ങളും പഠനങ്ങളും ബാക്കി. സര്‍വരും വളര്‍ന്നില്ല. ഉയര്‍ന്നില്ല. പച്ചപിടിച്ചില്ല. രക്ഷപ്പെട്ടില്ല. ഇല്ലാത്തവര്‍ എന്നും ഇല്ലാത്തവരായി. ഉള്ളവരുടെ പട്ടികയിലാകട്ടെ ഗണ്യമായ മാറ്റവും കണ്ടില്ല. ഉള്ളവര്‍ തന്നെ പക്ഷേ കൂടുതല്‍ അതിശക്തമായി ഉള്ളവരായി. സമ്പത്തിന്റെ കുമിഞ്ഞുകൂടല്‍ ഒരു ചെറുവിഭാഗങ്ങളില്‍ മാത്രം ഒതുങ്ങി. ഇതിന്റെ പ്രതിഫലനമെന്നോണം മാര്‍ക്‌സിസ്റ്റ് പദാവലി കടമെടുത്ത് പറയുകയാണെങ്കില്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം അന്ത്യമില്ലാതെ ഏറിക്കൊണ്ടേയിരിക്കുന്നു. ഇവിടെയാണ് ഉള്ളവരോട് സദാ തോറ്റുകൊടുക്കേണ്ടിവരുന്ന ഒരു ജനതതിയുടെ പ്രതീകമായി അനിതമാറുന്നത്. സാമ്പത്തിക അസന്തുലിതാവസ്ഥയുടെ രക്തസാക്ഷിയായി മാറുന്നത്.

അനിത കാലത്തിന്റെ വിസ്മൃതിയില്‍ ആഴ്ന്നുപോകാം. കാരണം അസന്തുലിതാവസ്ഥ ഇപ്പോഴും തുടരുകയാണ്. അതിനാല്‍ പുതിയ രക്തസാക്ഷികള്‍, അനിതമാര്‍, ഇനിയും പ്രത്യക്ഷപ്പെടും. അതോടെ പഴയവര്‍ വിസ്മരിക്കപ്പെടും. അസന്തുലിതാവസ്ഥയുടെ നൈര്യന്തരത്തില്‍ മറക്കാന്‍ വിധിക്കപ്പെട്ടവരുടെ എണ്ണം ഇനിയും ഏറുകയെന്നല്ലാതെ തരമില്ലല്ലോ.

(അവസാനിക്കുന്നില്ല)

 

Related News