Sunday
21 Oct 2018

കോടിയേരിയുടേയും ജയരാജന്മാരുടെയും ജീവന് ഭീഷണി

By: Web Desk | Wednesday 20 September 2017 2:33 PM IST

തിരുവനന്തപുരം: ആര്‍എസ്എസ് അടക്കമുള്ള സംഘടനകളില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി ജയരാജന്‍, ഇപി ജയരാജന്‍ എന്നിവരുടെ ജീവന് ഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍, എസ്ഡിപിഐ, മുസ്ലീം ലീഗ് എന്നീ സംഘടനകളില്‍ നിന്നും നേരത്തെ തന്നെ ജീവന് ഭീഷണി നേരിടുന്ന ആളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ പി ജയരാജന്‍.ഇദ്ദേഹത്തിന് ഇപ്പോള്‍ നല്‍കിവരുന്ന വൈ പ്ലസ് സുരക്ഷ തുടരണം. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് കൈമാറി.

ആര്‍എസ്എസ്സിന്റേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും ഭീഷണിയാണ് കോടിയേരിക്കും ഇപി ജയരാജനും നേര്‍ക്കുള്ളത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് ഭീഷണി നിലനില്ക്കുന്നു. ഇദ്ദേഹത്തിനുള്ള വൈ കാറ്റഗറി സുരക്ഷ തുടരണം.ബിജെപി നേതാക്കളായ എം.ടി. രമേശ്, സി.കെ. പത്മനാഭന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്ക് രാഷ്ട്രീയ എതിരാളികളില്‍നിന്ന് ഭീഷണി നിലനില്‍ക്കുന്നു. ഇവര്‍ക്ക് എക്‌സ് കാറ്റഗറി സുരക്ഷ തുടരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികളില്‍നിന്ന് ഭീഷണി നിലനില്‍ക്കുന്നു. എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, സി.കെ. ശശീന്ദ്രന്‍ എന്നിവര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിയുണ്ട്.

Related News