Friday
19 Jan 2018

കോലി അനുഷ്‌ക മിന്നുകെട്ട് ക്രിക്കറ്റ് മൈതാനത്തില്‍

By: Web Desk | Friday 8 December 2017 11:07 PM IST

ന്യൂഡല്‍ഹി:

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും കാമുകിയും ചലച്ചിത്ര താരവും അനുഷ്‌ക ശര്‍മയും അടുത്തയാഴ്ച ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ഓവല്‍ സ്റ്റേഡിയത്തില്‍ വച്ച് വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്.
കോലിയുടെയും അനുഷ്‌കയുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്നും ക്രിക്കറ്റ് താരങ്ങള്‍ക്കായി ഡിസംബര്‍ 21ന് മുംബൈയില്‍ വിവാഹസത്കാരം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അനുഷ്‌കയ്ക്കായി പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി പ്രത്യേക വിവാഹവസ്ത്രം ഒരുക്കിയതായും ഇതിനായി അവര്‍ അനുഷ്‌കയുടെ വീട്ടിലെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ കോലിയോ അനുഷ്‌കയോ ഇതുവരെ തയാറായിട്ടില്ല. നേരത്തെ, പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇരുവരും ഉടന്‍ വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഉടന്‍ തന്നെ ഇരുവരും ഇറ്റലിക്കു പറക്കുമെന്നും മിലാനിലായിരിക്കും വിവാഹ ചടങ്ങെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.താരവിവാഹത്തിനു വേദിയൊരുക്കാന്‍ തങ്ങള്‍ തയാറാണെന്ന് അഡ്‌ലെയ്ഡ് ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സിഇഒ ആന്‍ഡ്രു ഡാനിയല്‍സ് അറിയിക്കുകയൂം ചെയ്തു. കോലി മികച്ച പ്രകടനങ്ങള്‍ക്ക് വേദിയായ സ്റ്റേഡിയം തന്നെ വിവാഹ വേദിയായി തെരഞ്ഞെടുക്കുന്നത് ഏറെ ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.