Saturday
23 Sep 2017

ജില്ലാ ആശുപത്രിയില്‍ എംആര്‍ഐ സ്‌കാന്‍ യൂണിറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

By: Web Desk | Friday 1 September 2017 11:51 AM IST

കൊല്ലം:

ജില്ലാ ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച എംആര്‍ഐ സ്‌കാന്‍ യൂണിറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നാളെ വൈകിട്ട് മൂന്നിന് ജില്ലാ ആശുപത്രി അങ്കണത്തില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറുടെ അദ്ധ്യക്ഷതില്‍ ചേരുന്ന ചടങ്ങില്‍ മന്ത്രിമാരായ അഡ്വ. കെ രാജു, ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവരും പങ്കെടുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 11 കോടി രൂപ ചെലവിലാണ് സ്‌കാനിംഗ് മെഷിന്‍ സ്ഥാപിച്ചിട്ടുള്ളത്. സ്‌കാനിംഗ് സെന്റിലേക്കാവശ്യമായ റേഡിയോഗ്രാഫര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, അറ്റന്‍ഡര്‍ തുടങ്ങിയ തസ്തികകളിലേക്കാവശ്യമായ ജീവനക്കാരെ അഭിമുഖം വഴി തെരഞ്ഞെടുക്കും. സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ എച്ച്എല്‍എല്‍ മുഖേന ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എംആര്‍ഐ സംവിധാനം ഒരുക്കുന്നതിന് മുന്നോടിയായി ഒന്നര കോടി രൂപാ ചെലവില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമാക്കി. ഇതിനോടനുബന്ധിച്ച് എംആര്‍ഐ സ്‌കാനിംഗ് സെറ്റര്‍ പ്രവര്‍ത്തന സജ്ജമാകുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലവില്‍ കീമോതെറാപ്പി വാര്‍ഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. മൂന്നാമത്തെ നിലയില്‍ കാത്ത് ലാബിന്റെയും, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെയും നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
മേയര്‍ വി രാജേന്ദ്രബാബു, എന്‍കെ പ്രേമചന്ദ്രന്‍ എംപി, അഡ്വ. കെ സോമപ്രസാദ് എംപി, എം മുകേഷ് എംഎല്‍എ, എം നൗഷാദ് എംഎല്‍എ, കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുതലായവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് എ എല്‍ ഷീജ, ഡോ. ഹരികുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.