Thursday
24 Jan 2019

കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ് സന്ദേശം, ആര്‍എസ്എസ് – ബിജെപി വിരുദ്ധ മുന്നേറ്റങ്ങളെ കൂട്ടിയോജിപ്പിക്കുക

By: Web Desk | Thursday 17 May 2018 11:05 PM IST

എസ് സുധാകര്‍ റെഡ്ഡി

അഞ്ചു ദിവസം നീണ്ടു നിന്ന് സിപിഐ 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് ചരിത്രപരമായ തീരുമാനങ്ങളും ആഹ്വാനങ്ങളുമായാണ് പൂര്‍ത്തീകരിച്ചത്. ബിജെപിക്കും ആര്‍എസ്എസിനും കൂടാതെ നരേന്ദ്രമോഡിക്കുമെതിരെ വര്‍ധിച്ചുവരുന്ന എതിര്‍പ്പുകളെ കൂട്ടിയോജിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആകാവുന്നതെല്ലാം ചെയ്യുകയെന്ന സുപ്രധാന സന്ദേശമായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ് ജനസമക്ഷം അവതരിപ്പിച്ചത്. രാഷ്ട്രീയവും സംഘടനാപരവുമായ ചര്‍ച്ചകളിലും സംവാദങ്ങളിലും പ്രതിഫലിച്ച ഐക്യവും രാഷ്ട്രീയ പക്വതയും പാര്‍ട്ടി കോണ്‍ഗ്രസിന്റെ മറ്റൊരു പ്രത്യേകതയായി എല്ലാകാലവും ഓര്‍മ്മിക്കപ്പെടും. കേന്ദ്രത്തിലും 15 സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമണങ്ങളില്‍ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുന്നതിന് എല്ലാ മതേതര – ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും കൂട്ടിയോജിപ്പിക്കേണ്ട ആവശ്യകതയാണ് പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത എല്ലാ ഇടതുനേതാക്കളും അംഗീകരിച്ചത്.
ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ക്കെതിരെ ജനകീയ ചെറുത്തുനില്‍പ് അനിവാര്യം
എല്ലാവരെയും കൂട്ടിയോജിപ്പിക്കുക എന്ന തീരുമാനമാണ് പാര്‍ട്ടി കോണ്‍ഗ്രസ് ഐകകണ്‌ഠ്യേന അംഗീകരിച്ചത്. ”ഇപ്പോഴത്തെ സാഹചര്യത്തില്‍ മോഡി സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളെയും ഫാസിസ്റ്റ് കടന്നാക്രമണങ്ങളെയും ചെറുക്കുന്നതിന് മതേതര – ജനാധിപത്യ – രാഷ്ട്രീയ – ബഹുജന പ്രസ്ഥാനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതൊരു രാഷ്ട്രീയ ബദലോ തെരഞ്ഞെടുപ്പ് സഖ്യമോ ആയി കാണരുത്. ആര്‍എസ്എസിന്റെ ഫാസിസ്റ്റ് കടന്നാക്രമണങ്ങളെ ചെറുക്കുന്നതിന് തയ്യാറുള്ള മുഴുവന്‍ പേരെയും യോജിപ്പിക്കാന്‍ നാം മുന്‍കയ്യെടുക്കണം. ബഹുജനങ്ങളുടേതായ ചെറുത്തുനില്‍പ്പാണ് ഇപ്പോഴത്തെ കാലത്തിന്റെ ആവശ്യം. ഫാസിസ്റ്റ് കടന്നാക്രമണങ്ങളെ ചെറുക്കുന്നതിനുള്ള യോജിച്ച വേദിയാണ് കെട്ടിപ്പടുക്കേണ്ടത്.” ആ ലക്ഷ്യം നേടുന്നതിനുള്ള തെരഞ്ഞെടുപ്പ് തന്ത്രത്തെ കുറിച്ചും പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ”ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് പൊതുലക്ഷ്യമെങ്കിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ സംബന്ധിച്ചിടത്തോളം, രാജ്യമൊട്ടാകെ ഒരു തന്ത്രമെന്നത് സാധ്യമല്ലെന്ന് ബോധ്യപ്പെടണം. തെരഞ്ഞെടുപ്പ് തന്ത്രമെന്നത് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അതാത് ഘട്ടങ്ങളില്‍ രൂപം നല്‍കേണ്ടതാണ്. അതാത് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വസ്തുനിഷ്ഠമായ രാഷ്ട്രീയ സാഹചര്യങ്ങളും അവിടെയുള്ള രാഷ്ട്രീയ കക്ഷികളുടെ പരസ്പരബന്ധവും കണക്കിലെടുത്താണ് തന്ത്രങ്ങള്‍ രൂപീകരിക്കേണ്ടത്. ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടിയും ഒഴിവാക്കപ്പെടേണ്ടതില്ല. ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതിനൊപ്പം പാര്‍ട്ടിക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനകീയസഭകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉണ്ടെന്ന കാര്യം ഉറപ്പാക്കണം. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുടെ പ്രാതിനിധ്യം പഞ്ചായത്തുള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് തുടങ്ങണം.
ഏറ്റെടുക്കേണ്ട കടമകള്‍ സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് ഇങ്ങനെ വിശദീകരിക്കുന്നു; ”ഭരണമുന്നണിയില്‍പ്പെട്ടവരും കോര്‍പ്പറേറ്റ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും വിവിധ പേരുകളിലുള്ള ആര്‍എസ്എസ് അനുകൂല സംഘടനകളും ചേര്‍ന്ന് യഥാര്‍ഥ സാമൂഹ്യ – സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം നടത്തുന്നുണ്ടെങ്കിലും നരേന്ദ്രമോഡി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വിവിധ വിഭാഗം ജനങ്ങളില്‍ എതിര്‍പ്പ് ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ മുതല്‍ ബാങ്ക് ജീവനക്കാര്‍ വരെ, യുവാക്കളും വിദ്യാര്‍ഥികളും മുതല്‍ ദളിതര്‍ വരെ ഓരോ വിഭാഗവും മുന്നേറ്റത്തിലാണ്. ഈ സമരങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിനും രാഷ്ട്രീയ രൂപം നല്‍കുന്നതിനും പാര്‍ട്ടി ശ്രമിക്കണം. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനുള്ള പ്രധാന ദൗത്യം ജനങ്ങളെ സംഘടിപ്പിക്കുകയെന്നതാണ്.”
നമ്മുടെ ഭാവിലക്ഷ്യം സോഷ്യലിസമാണെന്ന് ഉറപ്പിച്ച് വ്യക്തമാക്കിക്കൊണ്ട്, ”ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി സര്‍ക്കാരിന്റെ വിഷലിപ്തമായ കടന്നാക്രമണങ്ങള്‍ക്കെതിരായ ആശയപ്രചരണവും പ്രക്ഷോഭങ്ങളും ജനകീയ ബദല്‍ കെട്ടിപ്പടുക്കുന്നതിനും ജനാധിപത്യ വിപ്ലവമെന്ന കടമ പൂര്‍ത്തീകരിക്കുന്നതിനും സോഷ്യലിസ്റ്റ് സാമൂഹ്യക്രമം ഇന്ത്യയില്‍ കൊണ്ടുവരുന്നതിനും പാര്‍ട്ടിയെ പ്രാപ്തമാക്കുമെന്ന്” പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
നാറുകണക്കിന് ഭേദഗതികളാണ് നിര്‍ദ്ദേശിക്കപ്പെട്ടതെന്ന കാര്യം ഇവിടെ പ്രതിപാദിക്കേണ്ടതുണ്ട്. എന്നാല്‍ അവയെല്ലാംതന്നെ പാര്‍ട്ടിയുടെ അടിമുതല്‍ മുടിവരെയുള്ള ഘടകങ്ങളിലെ പ്രവര്‍ത്തകരുടെ ഐക്യവും യോജിപ്പും വെളിപ്പെടുത്തുന്നതായിരുന്നു. ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ക്കെതിരെ ദളിതര്‍, ന്യൂനപക്ഷബുദ്ധിജീവികള്‍ എന്നിവര്‍ക്കൊപ്പം ഇടതുമതേതര ജനാധിപത്യ ശക്തികളുടെ യോജിപ്പെന്ന കാഴ്ചപ്പാടിനെ മൊത്തത്തില്‍ അംഗീകരിക്കുന്നവയായിരുന്നു അവയെല്ലാം തന്നെ. പൊതു ശത്രുവിനെതിരായ പോരാട്ടത്തിന് ഒരു പൊതുവേദിയെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് സിപിഐയാണെന്നത് അഭിമാനകരമാണ്. ആരാണ് ആദ്യം പറയുന്നതെന്നത് ഒരു കാര്യമല്ലെങ്കിലും. ജനവിരുദ്ധ ശക്തികളെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതായിരിക്കണം പ്രധാന ലക്ഷ്യമായി കാണേണ്ടത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പൊള്ളുന്ന ജീവിത പ്രശ്‌നങ്ങളും അവയ്ക്കുനേരെ ആര്‍എസ്എസ്- ബിജെപി സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന അവഗണന നിറഞ്ഞ സമീപനങ്ങളും സംബന്ധിച്ച് നിരവധി പ്രമേയങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുകയുണ്ടായി. ഇത് കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കോര്‍പ്പറേറ്റുകള്‍ നടത്തുന്ന ഭരണമാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അടിവരയിട്ട് വ്യക്തമാക്കി.
23 -ാം പാര്‍ട്ടി കോണ്‍ഗ്രസിനെ ഉദ്ഘാടന സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിപിഐ(എം) ജനറല്‍ സെക്രട്ടറി അദ്ദേഹത്തിന്റെ പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയുണ്ടായി. സിപിഐ(എം) 22 ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചത്: ” ബിജെപിയേയും സഖ്യകക്ഷികളേയും പരാജയപ്പെടുത്തുന്നതിനുള്ള മുഖ്യ കടമ എല്ലാ മതേതര – ജനാധിപത്യ ശക്തികളേയും കൂട്ടിയോജിപ്പിക്കുകയെന്നുള്ളതാണ്. എന്നാല്‍ കോണ്‍ഗ്രസുമായി ഒരു രാഷ്ട്രീയ സഖ്യമില്ലാതെയാണ് ഇക്കാര്യം നടപ്പിലാക്കേണ്ടത്. എന്നാല്‍ യോജിക്കാവുന്ന വിഷയങ്ങളില്‍ പാര്‍ലമെന്റിനകത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പ്രതിപക്ഷ കക്ഷികളുമായി ധാരണയിലെത്താവുന്നതാണ്. പാര്‍ലമെന്റിന് പുറത്ത് വര്‍ഗീയതയ്‌ക്കെതിരെ എല്ലാ മതേതര പ്രതിപക്ഷ പാര്‍ട്ടികളെയും പൊതുജനങ്ങളുടെ വിശാലമായ കൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സഹകരിപ്പിക്കേണ്ടതാണ്.” എന്ന് അദ്ദേഹം വ്യക്തമാക്കി.
സിപിഐ(എംഎല്‍) കേന്ദ്ര കമ്മിറ്റിയംഗം എസ് കുമാരസ്വാമി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്:’ 2019 കടന്നുവരുമ്പോള്‍ ബിജെപിയേയും അതിന്റെ സഖ്യകക്ഷികളേയും പരാജയപ്പെടുത്തുന്നതിനുള്ള വോട്ടുകള്‍ സമാഹരിക്കുകയും പാര്‍ലമെന്റില്‍ ഇടതു സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് ശ്രമിക്കുകയും വേണം’ എന്നായിരുന്നു. ഫോര്‍വേഡ് ബ്ലോക്ക്, എസ്യുസിഐ(സി) എന്നീ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് സിപിഐ, സിപിഐ(എം), സിപിഐ(എംഎല്‍) നേതാക്കളുടെ അഭിപ്രായത്തിന് സമാനമായ കാര്യങ്ങള്‍ തന്നെയാണ് വ്യക്തമാക്കിയത്.

(അവസാനിക്കുന്നില്ല)