Sunday
17 Dec 2017

കൊല്ലം: രണ്ടാം ടെര്‍മിനല്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകും

By: Web Desk | Friday 13 October 2017 9:13 AM IST

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം ടെര്‍മിനലിന്റെ നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ബുട്ടാനിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി. തുടര്‍ന്ന് അവലോകനയോഗവും നടന്നു. ടെര്‍മിനലിന്റെ ഭാഗമായി 750 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്നതും തടസ്സം കൂടാതെ യാത്രക്കാര്‍ക്ക് വാഹനത്തില്‍ വന്ന് ബുക്കിംഗ് ഓഫീസിലെത്തി മടങ്ങിപോകാന്‍ കഴിയുന്നതുമായ വിപുലമായ സംവിധാനമാണ് ഒരുക്കുന്നത്.
ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്യുന്നതോടെ വാഹന പാര്‍ക്കിംഗ് മൂലമുണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരമാകും. അഞ്ച് പ്ലാറ്റ്‌ഫോമുകളേയും രണ്ടാം ടെര്‍മിനലിലെ ബുക്കിംഗ് ഓഫീസിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഫുട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലിഫ്റ്റും എക്‌സ്‌കലേറ്ററും സ്ഥാപിക്കും. സ്റ്റേഷന്റെ പ്രധാന കവാടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാര്‍സല്‍ ഓഫീസ് യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവിലുള്ള സ്ഥലത്തു നിന്ന് മാറ്റി സ്ഥാപിക്കും. റിസര്‍വേഷന്‍, ടിക്കറ്റ് കൗണ്ടര്‍ എന്നിവ പാര്‍സല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റും. യാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രം, പഴയ കെട്ടിടത്തിന്റെ നവീകരണം, ഗുഡ്‌സ് യാര്‍ഡിലേക്കുള്ള റോഡിന്റെ നവീകരണം എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാകും. നിലവിലുള്ള ടിക്കറ്റ് കൗണ്ടര്‍ മാറ്റുന്ന സ്ഥലത്ത് വിശ്രമകേന്ദ്രവും സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസും സ്ഥാപിക്കാന്‍ നിര്‍ദ്ദേശമുണ്ട്. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിലെ റൂഫിംഗ്, ഒരു വിശ്രമ കേന്ദ്രം എന്നിവ നവീകരണത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. റയില്‍വേ മേല്‍പ്പാലങ്ങള്‍, പെരിനാട് അടിപ്പാത എന്നിവയുടെ നിര്‍മാണ അനുമതിക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.