Sunday
22 Oct 2017

കൊറിയന്‍ മുനമ്പില്‍ യുഎസ് പോര്‍ വിമാനങ്ങള്‍

By: Web Desk | Wednesday 11 October 2017 11:13 PM IST

വാഷിങ്ടണ്‍: കൊറിയന്‍ മുനമ്പില്‍ വീണ്ടും കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടുന്നു. ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ വീണ്ടും അമേരിക്ക പോര്‍ വിമാനങ്ങള്‍ നടത്തി. കൂടാതെ ദക്ഷിണ-ഉത്തരകൊറിയകള്‍ക്കിടയിലുള്ള അതിര്‍ത്തി പ്രദേശത്ത് ട്രംപ് അടുത്തമാസം സന്ദര്‍ശനം നടത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ പറ യുഎസ് വ്യോമസേനയുടെ ബി1ബി പോര്‍വിമാനങ്ങളാണു ഉത്തര കൊറിയയെ ഭയപ്പെടുത്താനായി യുഎസ് ഉപയോഗിച്ചത്. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരുമായി ചേര്‍ന്നായിരുന്നു യുഎസിന്റെ സൈനിക പ്രകടനം.
ഇതാദ്യമായാണ് യുഎസ് ബോംബര്‍ വിമാനങ്ങള്‍ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഫൈറ്റര്‍ വിമാനങ്ങളുമായി ചേര്‍ന്നു സൈനിക പരിശീലനം നടത്തുന്നത്. ദക്ഷിണ കൊറിയയുടെ എഫ്15കെ ഫൈറ്ററുകള്‍ പരിശീലനപ്പറക്കലില്‍ പങ്കെടുത്തതായി അവരുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ദക്ഷിണ കൊറിയയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച യുഎസ് പോര്‍വിമാനങ്ങള്‍, കിഴക്കന്‍ തീരത്ത് എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ തൊടുത്ത് പരിശീലനവും നടത്തി. ജപ്പാനും ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇത്തരത്തിലുള്ള ആദ്യ സൈനിക പരിശീലനമാണു നടന്നതെന്നു യുഎസ് സേന പുറത്തിറക്കിയ പ്രസ്താനവനയില്‍ ചൂണ്ടിക്കാട്ടി.
ഉത്തരകൊറിയക്കുള്ള മുന്നറിയിപ്പായി യുഎസിന്റെ ഈ പോര്‍വിമാനങ്ങള്‍ ഗുവാം ദ്വീപിലെ ആന്‍ഡേഴ്‌സണ്‍ വ്യോമസേനാ താവളത്തില്‍നിന്നാണു പറന്നുയര്‍ന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം ഗുവാമിനെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുമെന്ന് ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് യുഎസിന്റെ സൈനിക നടപടി.
പ്രകോപനങ്ങള്‍ തുടരുന്ന ഉത്തര കൊറിയയ്‌ക്കെതിരെ സൈനിക നടപടിയെടുത്തേക്കുമെന്നു കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഭരണകൂടവും പ്രസിഡന്റുമാരും 25 വര്‍ഷമായി ഉത്തരകൊറിയയോട് ചര്‍ച്ച നടത്തുന്നു. പലതവണ കരാറുകള്‍ ഒപ്പുവച്ചു. ധാരാളം പണം നല്‍കി. അതൊന്നും നടപ്പായിട്ടില്ല. കരാറുകള്‍ മഷിയുണങ്ങുന്നതിനു മുന്‍പ് ലംഘിക്കപ്പെട്ടു. യുഎസിന്റെ മധ്യസ്ഥന്മാരെ വിഡ്ഢികളാക്കുകയായിരുന്നു അവരെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും ജാഗ്രതയേറിയ പ്രദേശമായാണ് ഉത്തര-ദക്ഷിണകൊറിയന്‍ അതിര്‍ത്തി അറിയപ്പെടുന്നത്. ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് ഈ പ്രദേശം കൂടി ഉള്‍പ്പെടുത്തിയത് ഏറെ ആശങ്കാജനകമെന്ന് അന്താരാഷ്ട്രമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു