Thursday
22 Feb 2018

സിപിഐ കോട്ടയം ജില്ലാ സമ്മേളനം; എന്‍ ആര്‍ ശ്രീധരന്‍ നായര്‍ പതാക ഉയര്‍ത്തുന്നു

By: Web Desk | Tuesday 13 February 2018 9:57 PM IST

സി പി ഐ കോട്ടയം ജില്ലാ സമ്മേളനത്തിനു തുടക്കം കുറിച്ച് കറുകച്ചാല്‍ പി എസ് പരമേശ്വരന്‍ നായര്‍ നഗറില്‍ എന്‍ ആര്‍ ശ്രീധരന്‍ നായര്‍ പതാക ഉയര്‍ത്തുന്നു

കറുകച്ചാല്‍(കോട്ടയം): ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി സിപിഐ ജില്ലാ സമ്മേളനത്തിന് കറുകച്ചാല്‍ പിഎസ് പരമേശ്വരന്‍ നായര്‍ നഗറില്‍ ചെങ്കൊടി ഉയര്‍ന്നു.നാലു ദിവസം നീളുന്ന സമ്മേളനത്തിന് നാന്ദി കുറിച്ച് പൊതുസമ്മേളന നഗറായ പി എസ് പരമേശ്വരന്‍ നായര്‍ നഗറില്‍ ജില്ലയിലെ മുതിര്‍ന്ന സഖാവ് എന്‍ ആര്‍ ശ്രീധരന്‍നായര്‍ ഉയര്‍ത്തിയ രക്തപതാകയ്ക്ക് മൈതാനത്തില്‍ തിങ്ങിക്കൂടിയ വന്‍ജനാവലി അഭിവാദ്യങ്ങളര്‍പ്പിച്ച് മുദ്രാവാക്യങ്ങളുയര്‍ത്തി.

പൊതുസമ്മേളന നഗറിലും പ്രതിനിധി സമ്മേളന നഗറിലും ഉയര്‍ത്തേണ്ട പതാക-ബാനര്‍-കൊടി-കൊടിമര-ദീപശിഖാ ജാഥകള്‍ വിവിധ സ്മൃതി മണ്ഡപങ്ങളില്‍നിന്ന് ജാഥയായാണ് കറുകച്ചാലിന്റെ കിഴക്കേ കവാടമായ നെത്തല്ലൂരില്‍ എത്തിയത്.രക്തപതാക ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ ഏറ്റുവാങ്ങി.

ദീപശിഖ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആര്‍ സുശീലനും ബാനറുകള്‍ അഡ്വ സി ജി സേതുലക്ഷ്മി, രാജു തെക്കേക്കര എന്നിവരും കൊടിമരം ജില്ലാ എക്‌സിക്യൂട്ടീവ് ജോണ്‍ വി ജോസഫും ഏറ്റുവാങ്ങി.

സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാവും. ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ (ശ്രീനികേതന്‍ ഓഡിറ്റോറിയം) സി എം തങ്കപ്പന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാവും. ഉദ്ഘാടന സമ്മേളനം നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 6ന് ഗൗരി ലങ്കേഷ് നഗറില്‍ ചേരുന്ന സാംസ്‌ക്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ വി ബി ബിനു അദ്ധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ പി കെ ചിത്രഭാനു, എം എ ഷാജി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കെപിഎസിയുടെ നാടകം ഈഡിപ്പസ്.
നാളെ രാവിലെ പ്രതിനിധി സമ്മേളനം തുടരും. പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രകാശ് ബാബു, സത്യന്‍ മൊകേരി, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ റ്റി പുരുഷോത്തമന്‍, സി എ കുര്യന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

16ന് ഉച്ചകഴിഞ്ഞ് മൂന്നമണിയോടെ നെത്തല്ലൂര്‍ കവലയില്‍ നിന്നും ചുവപ്പുസേന മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം 4ന് വൈക്കം ഇപ്റ്റ അവതരിപ്പിക്കുന്ന വയലാര്‍ ഗാനസന്ധ്യ. തുടര്‍ന്ന് 5.30ന് പി എസ് പരമേശ്വരന്‍ നായര്‍ നഗറില്‍ ചേരുന്ന പൊതുസമ്മേളനം കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി കെ ശശിധരന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, ഭക്ഷ്യമന്ത്രി പി തിലോത്തമന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി പ്രസാദ്, പി കെ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.