Friday
20 Jul 2018

കോട്ടുക്കല്‍ ഗുഹാക്ഷേത്രവികസനം യാഥാര്‍ത്ഥ്യമാക്കും: മന്ത്രി കടന്നപ്പള്ളി

By: Web Desk | Monday 20 November 2017 11:00 PM IST

കടയ്ക്കല്‍:

കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തിന്റെ വികസനം പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഗുഹാക്ഷേത്രം സന്ദര്‍ശിച്ച ശേഷം ക്ഷേത്രത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല്ലവകാല സ്മരണകള്‍ ഉയര്‍ത്തുന്ന അതിപുരാതന ഗുഹാക്ഷേത്രം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഇന്‍ഡ്യയിലെ അറിയപ്പെടുന്ന ഗുഹാക്ഷേത്രങ്ങളിലൊന്നായി കോട്ടുക്കല്‍ ക്ഷേത്രത്തെ മാറ്റുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും.ക്ഷേത്രത്തിന്റെ വികസനത്തിനായി ഇട്ടിവ ഗ്രാമ പഞ്ചായത്ത് സമര്‍പ്പിച്ച ആവശ്യങ്ങള്‍ മന്ത്രി അംഗീകരിച്ചു. ഇതനുസരിച്ച് ക്ഷേത്രത്തിന് ആകര്‍ഷകമായ കമാനം, മുന്‍ഭാഗത്ത് മതില്‍ മാറ്റി ഗ്രില്‍ സ്ഥാപിക്കുക, ക്ഷേത്ര പരിസരം കല്ലുപാകി വെള്ളക്കെട്ട് തടയുക എന്നിവ നടപ്പാക്കാനുള്ള നടപടിക്ക് പുരാവസ്തു ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഗുഹാക്ഷേത്രത്തിലെത്തിയ മന്ത്രിയെ ക്ഷേത്രോപദേശക സമിതിയും ഗ്രാമ പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു. യോഗത്തില്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ നൗഷാദ്, ഇ എസ് രമാദേവി, ബി മുരളീധരന്‍ പിള്ള, പുരാവസ്തു ഡയറക്ടര്‍ റെജികുമാര്‍, ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ രാധാകൃഷ്ണപിള്ള, മധു കാവടിയില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.