Saturday
20 Oct 2018

ആവേശ തിരയിളക്കി കൊയ്ത്ത് ഉത്സവം

By: Web Desk | Monday 10 September 2018 3:08 PM IST

തിരുവനന്തപുരം: കൃഷി ചെയ്യുന്നവനെ പരിഹസിക്കുന്ന ഉദ്യോഗസ്ഥ പ്രമാണിമാരും നോക്കു കൂലിക്ക് വേണ്ടി ഭീഷണിപ്പെടുത്തുന്ന കങ്കാണിമാരുടെയും കാലത്ത് കര്‍ഷകന് കൈത്താങ്ങായി കമ്മ്യൂണിസ്റ്റുകാര്‍. കര്‍ഷകന്റെ കണ്ണുനീരൊപ്പാനും കൃഷിയിടങ്ങള്‍ സംരക്ഷിക്കാനും കാവലാകുകയാണ് ഇവിടെ ഒരു പറ്റം കമ്മ്യൂണിസ്റ്റുകാര്‍. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കുരിശുമുട്ടത്താണ് നെല്‍കര്‍ഷകര്‍ക്ക് സഹായമായി സിപിഐ പ്രവര്‍ത്തകര്‍ നിലകൊള്ളുന്നത്. ഇവിടെ കര്‍ഷകരുടെ പാടങ്ങളില്‍ ഞാറ് നടുന്നതും കൊയ്ത് നല്‍കുന്നതും കുരിശുമുട്ടത്തെ സിപിഐ പ്രവര്‍ത്തകരാണ്. നടീലിനും കൊയ്ത്തിനുമായി ചിലവാകുമായിരുന്ന തുക ലാഭിക്കാന്‍ സിപിഐ പ്രവര്‍ത്തകരുടെ ഈ സേവനത്തിലൂടെ കര്‍ഷകര്‍ക്ക് കഴിയുന്നു.
കൃഷി നഷ്ടമാകുകയും പ്രദേശത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ ഭൂമാഫിയ പാടങ്ങല്‍ മണ്ണിട്ട് മൂടാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് പാര്‍ട്ടി കുരിശുമുട്ടം ബ്രാഞ്ച് കമ്മിറ്റി ബദല്‍ സംവിധാനവുമായി രംഗത്ത് വന്നത്. ഒരേ സമയം കര്‍ഷകരെ സഹായിക്കുകയും ഭൂമാഫിയയെ തുരത്തുകയുമെന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് ഇവിടെ സിപിഐ പ്രവര്‍ത്തകര്‍ നടത്തിയത്. അങ്ങനെയാണ് കര്‍ഷകര്‍ക്ക് തൊഴില്‍ ശക്തി സൗജന്യമായി നല്‍കാന്‍ പാര്‍ട്ടി കമ്മിറ്റി തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ഇറക്കിയ കൃഷിയുടെ കൊയ്ത്തുല്‍സവം സിപിഐ കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളപ്പില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേഖലയില്‍ ചില രാഷ്ടീയ പാര്‍ട്ടികളുടെയും പഞ്ചായത്ത് അധികാരികളുടെയും മൗനാനുവാദത്തോടെ ഭൂമാഫിയകള്‍ രാത്രി കാലങ്ങളില്‍ ഗുണ്ടകളുടെ നിയന്ത്രണത്തില്‍ ടിപ്പര്‍ ലോറികളില്‍ മണ്ണ് കൊണ്ടുവന്ന് നെല്‍പാടങ്ങള്‍ നികത്തുന്നതിനെതിരെ സിപിഐ വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മറ്റി നിരന്തരമായ പ്രക്ഷോഭത്തിലിരിക്കുന്ന സാഹചര്യത്തില്‍ സംഘടിപ്പിച്ച കൊയ്ത്ത് ഉത്സവം കര്‍ഷകരും നാട്ടുകാരും പാര്‍ട്ടിയും ഒറ്റക്കെട്ടണെന്ന സന്ദേശം നല്‍കാനായെന്ന് വിളപ്പില്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കൊയ്ത്തുല്‍സവത്തിലെ നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും കര്‍ഷകരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യം പാര്‍ട്ടി ഏറ്റെടുത്ത ദൗത്യത്തിന് ഒരു ഗ്രാമം മുഴുവന്‍ പിന്തുണ നല്‍കുന്നതിന്റെ നേര്‍ കാഴ്ച്ചയായി മാറി. കര്‍ഷകര്‍ കൂടുതലായി താമസികുന്ന കുരിശുമുട്ടം മേഖലയില്‍ പാര്‍ട്ടിയുടെ കീഴില്‍ കര്‍ഷക കൂട്ടായ്മയ്ക്ക് നേതൃത്യം നല്‍കുന്നത് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഡി ദിനുവും അനില്‍ കുമാര്‍, ദിവാകരന്‍, അജിത എന്നിവരുമാണ്.
കൊയ്ത്തുല്‍സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തില്‍ വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നിശാന്ത് എംഎസ് അദ്ധ്യക്ഷനായിരുന്നു. മണ്ഡലം കമ്മറ്റി അംഗം വേലായുധന്‍ ആശാരി സ്വാഗതം പറഞ്ഞു. വിളപ്പില്‍ ബി ശോഭന, വിളവൂര്‍ക്കല്‍ രാജപ്പന്‍, വിഴവൂര്‍ രവികുമാര്‍, ഡി ക്രിസ്തുദാസ്, ബി ജഗദീഷ് കുമാര്‍, വില്‍സണ്‍ ജയകുമാര്‍, അജിത, അനില്‍ കുമാര്‍, ലാലു, ദിനു ,ഷിബു, ശ്യാം, സുനില്‍കുമാര്‍, സലിം കുമാര്‍, ലത, ശരണ്യ , പ്രകാശ് , സന്തോഷ് സിഎല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊയ്ത്തുല്‍സവം സംഘടിപ്പിച്ചത്. കൃഷി ഭൂമിയെയും കര്‍ഷകനെയും നാട്ടിന്റെ ജൈവവൈവിധ്യങ്ങളെയുമെല്ലാം നിലനിര്‍ത്താന്‍ സംസ്ഥാനമെമ്പാടും സിപിഐ നടത്തുന്ന പ്രവര്‍ത്തനങ്ങളും ചെറുത്ത് നില്‍പ്പുകളും പ്രക്ഷോഭങ്ങളും എന്നും മാതൃകാപരമാണ്. ആ കൂട്ടത്തില്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനമാണ് കുരിശുമുട്ടം ബ്രാഞ്ചിലെ സിപിഐ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.