Monday
19 Nov 2018

ആചാരലംഘനം നടത്തിയിട്ടില്ല: കെ പി ശങ്കരദാസ്

By: Web Desk | Wednesday 7 November 2018 11:07 PM IST

തിരുവനന്തപുരം: ശബരിമലയില്‍ താന്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് വ്യക്തമാക്കി. ദേവസ്വംബോര്‍ഡ് പ്രതിനിധിയായി എത്തണമെന്ന് തന്ത്രി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങും ആചാരവും രണ്ടും രണ്ടാണ്. ആചാരം സംബന്ധിച്ച് തന്ത്രി പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്. ഇത് പുതിയ ചടങ്ങൊന്നുമല്ല. മുന്‍ വര്‍ഷങ്ങളിലും ഇത്തരം ചടങ്ങുകള്‍ നടന്നിട്ടുണ്ട്. അന്ന് അതൊന്നും വിവാദമായിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇരുമുടിക്കെട്ടില്ലാതെയാണ് ശബരിമലയിലെത്തിയത്. ആചാരത്തിന്റെ ലംഘനം തെറ്റാണ്, എന്നാല്‍ ഇത് ചടങ്ങായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച റിവ്യു ഹര്‍ജി സുപ്രിംകോടതി പരിഗണിക്കുമ്പോള്‍ ദേവസ്വംബോര്‍ഡിന്റെ അഭിപ്രായം ആരാഞ്ഞാല്‍, മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.എന്ത് തീരുമാനമാകും ബോര്‍ഡ് കൈക്കൊള്ളുകയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഇതുസംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ശങ്കരദാസ് പറഞ്ഞു.
നിലവില്‍ ശബരിമലയില്‍ നിലനില്‍ക്കുന്ന സാഹചര്യവും കോടതിയെ അറിയിക്കും. ശബരിമല നട അടച്ചിടുന്നതു സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അത് നടപടി ക്രമം മാത്രമാണ്. അടുത്ത പത്ത് ദിവസത്തിനകം അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ബുക്കിങ്‌പോലും നേരത്തെ നിര്‍ത്തിവച്ചിരുന്നു. ശബരിമലയില്‍ മുറികളും ശൗച്യാലയങ്ങളും അടച്ചിട്ടുവെന്ന പ്രചാരണങ്ങള്‍ തെറ്റാണ്. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ വന്നതിനേക്കാള്‍ വളരെ കൂടുതല്‍ ഭക്തര്‍ ഇക്കുറി ചിത്തിര ആട്ട വിശേഷത്തിന് എത്തിയതാണ് കാരണമായതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രിം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ സുപ്രിം കോടതി ആവശ്യപെട്ടാല്‍ റിപ്പോര്‍ട്ട് നല്‍കും. ശബരിമല തന്ത്രിയും ശ്രീധരന്‍ പിളളയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട് അക്കാര്യവും കൃത്യമായി പരിശോധിക്കുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.