Tuesday
24 Oct 2017

കെപിഎസിയില്‍ പഞ്ചരാത്രത്തിന് തുടക്കം

By: Web Desk | Tuesday 26 September 2017 10:07 PM IST

കായംകുളം: കേരളീയരുടെ മനസ്സിലും ചിന്തയിലും കെപിഎസിയ്ക്ക് വിലപ്പെട്ട സ്ഥാനമാണുള്ളതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കെ പി എ സിയുടേയും കെ പി എ സി സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പോറ്റിസാര്‍ സ്മാരക പഞ്ചരാത്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്നിട്ട കാലങ്ങളില്‍ കെ പി എ സി നാടിനുവേണ്ടിയും രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് ചെയ്ത സേവനങ്ങള്‍ വിസ്മരിക്കാന്‍ കഴിയുന്നതല്ല. കെ പി എ സിയുടെ രൂപീകരണത്തിനും ആസ്ഥാനത്തിനും വേണ്ടി ഒട്ടേറെ ആലോചനങ്ങള്‍ നടന്നുവെങ്കിലും കായംകുളത്ത് ആസ്ഥാനം കിട്ടിയത് ഈ നാടിന്റെ നന്മയാണെന്നും മന്ത്രി പറഞ്ഞു.

കെപിഎസിയ്ക്ക് ജനഹൃദയങ്ങളിലുള്ള അവിസ്മരണീയമായ സ്ഥാനം തന്നെയാണ് അതിന്റെ വളര്‍ച്ചയ്ക്ക് കാരണമെന്നും ആ വിശ്വാസം നിലനിര്‍ത്തുവാന്‍ എപ്പോഴും ശ്രദ്ധിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ പി എ സി പ്രസിഡന്റ് കെ ഇ ഇസ്മായില്‍ പറഞ്ഞു.

കെ പി എ സി സെക്രട്ടറി അഡ്വ. എ ഷാജഹാന്‍ സ്വാഗതം പറഞ്ഞു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്‍ സുകുമാരപിള്ള, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. വൈകിട്ട് 5ന് കെ പി എ സി സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളത്തിന്റെ അരങ്ങേറ്റവും പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. 7ന് ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതസദസ്സും ഉണ്ടായിരുന്നു. 26 മുതല്‍ 30 വരെയാണ് പഞ്ചരാത്രം നടക്കുന്നത്. ഇന്ന് വൈകിട്ട് 7ന് കെ പി എ സി സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് വിദ്യാര്‍ത്ഥികളുടെ നൃത്തസന്ധ്യയും 29ന് വൈകിട്ട് 7ന് ജയശ്രീ രാജീവും സംഘവും അവതരിപ്പിക്കുന്ന സംഗീത സദസ്സും നടക്കും. 30ന് രാവിലെ 8.30ന് വിദ്യാരംഭം. 10ന് സംഗീതാരാധന, വൈകിട്ട് 7ന് കെ പി എ സി ചന്ദ്രശേഖരന്‍ നയിക്കുന്ന സംഗീതസദസ്സ് എന്നിവ ഉണ്ടായിരിക്കും.