Saturday
20 Oct 2018

കെപിസിസിയിലെ പുതിയ പൗരോഹിത്യം

By: Web Desk | Thursday 27 September 2018 10:57 PM IST

1939ല്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് നേതൃത്വം നല്‍കിയിരുന്നു. പിന്നാലെ നിരവധി നേതാക്കന്മാര്‍ കെപിസിസിയുടെ നേതൃത്വത്തിന്റെ മുന്‍നിരക്കാരായി അണിനിരന്നു. സി എന്‍ ഗോവിന്ദന്‍ നായര്‍, പനമ്പള്ളി ഗോവിന്ദമേനോന്‍, പട്ടംതാണുപിള്ള, ആര്‍ ശങ്കര്‍ എന്നിവരെല്ലാം ആ നേതൃനിരയിലുണ്ടായിരുന്നു.
അവരുടെ പിന്‍മുറക്കാരായി എ കെ ആന്റണിയും മറ്റുപലരും കെപിസിസി അധ്യക്ഷരായി അവരോധിക്കപ്പെട്ടു.

സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിത്തീര്‍ത്ത ഗാന്ധിജി മഹാത്മാവായി മാറി. ആ മഹാത്മാഗാന്ധി സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന് ആഹ്വാനം ചെയ്തിരുന്നു. 1885ല്‍ എ ഒ ഹ്യൂം എന്ന സായിപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേവലം ശുപാര്‍ശകമ്മിറ്റിയായിരുന്നു. അതിനെ പൊരുതുന്ന പ്രസ്ഥാനമാക്കി മാറ്റിയത് ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രക്ഷോഭങ്ങളായിരുന്നു. മുട്ടോളമെത്തുന്ന മുണ്ടുമുടുത്ത് മുട്ടന്‍ വടിയും പിടിച്ച് ഗ്രാമഗ്രാമാന്തരങ്ങളിലൂടെ നടന്ന ഗാന്ധിജി രാമനും റഹിമും ഒന്നുതന്നെ എന്നാവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു. സബ്‌കോ സന്മതി ദേ ഭഗവാന്‍ എന്ന് പലയാവര്‍ത്തി ഗാന്ധിജി ഉച്ചരിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അപചയത്തിന്റെ ആഴക്കുഴിയില്‍പ്പെടുമെന്ന് ഗാന്ധിജി ദീര്‍ഘവീക്ഷണം ചെയ്തിരുവെന്ന് നാം ഇന്ന് തിരിച്ചറിയണം.

ഇന്നിപ്പോള്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പുതിയ നേതൃത്വാവരോഹണത്തിന്റെ ആഘോഷങ്ങളാണ്. നാടെങ്ങും മത്സരിച്ച് ഫഌക്‌സ് ബോര്‍ഡുകളുയരുന്നു. പ്രസിഡന്റിനൊപ്പം ബോര്‍ഡില്‍ കുട്ടിനേതാക്കളുണ്ട്. ഔട്ടായത് മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ മാത്രം.

ഇവരാരെങ്കിലും അര്‍ധനഗ്നനായ ഗാന്ധിജിയെ ഓര്‍മ്മിക്കുന്നുണ്ടാവുമോ ആവോ! അഴിമതിയുടെയും അപചയത്തിന്റെയും വിരുദ്ധകാലത്തിലേയ്ക്ക് കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനം വഴിതെറ്റിപ്പോകുമെന്ന് ഗാന്ധിജി ദീര്‍ഘവീക്ഷണം ചെയ്തിരുന്നു. നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയുടെ ഹൃദയത്തിലേയ്ക്ക് വെടിയുണ്ടകള്‍ വര്‍ഷിക്കുന്നതിന് മുമ്പേ ഗാന്ധിജി പ്രവചിച്ച കോണ്‍ഗ്രസ് രാഷ്ട്രീയമല്ല ഇന്നത്തെ കോണ്‍ഗ്രസുകാര്‍ പിന്തുടരുന്നത്. ഗാന്ധിജിയും നെഹ്‌റുവും സമകാലീന കോണ്‍ഗ്രസുകാര്‍ക്ക് അലങ്കാര പാത്രങ്ങളാണ്.
പുതിയ നേതൃത്വത്തെ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് രാഹുല്‍ഗാന്ധിയാല്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രനാണ് അധ്യക്ഷന്‍. കെ സുധാകരന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരും. വര്‍ക്കുചെയ്യാനാവാത്ത പ്രസിഡന്റുള്ളതുകൊണ്ട് മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍.
”ഞാന്‍ കടത്തനാടിന്റെ മണ്ണില്‍ പിറന്ന പുത്രനാണ്. അതുകൊണ്ടുതന്നെ കടത്തനാടന്‍ പോരാട്ടങ്ങള്‍ എനിക്ക് പരിചിതമാണ്. ആ നിലയില്‍ ഞാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നയിക്കും” എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. അതുകൊണ്ടുതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നവേളയില്‍ കേരളത്തിലെ കോണ്‍ഗ്രസിലും യുഡിഎഫിലും ഒരു കടത്തനാടന്‍ പോരാളിയെപ്പോലെ അദ്ദേഹം പയറ്റിനിന്നേക്കും. ദിവാസ്വപ്‌നങ്ങള്‍ കാണുന്നതിന് അതിരുകള്‍ വേണം. മുല്ലപ്പള്ളി കാണുന്നത് സാങ്കല്‍പ്പിക സ്വപ്‌ന സങ്കല്‍പ്പലോകമാണ്.
1992 ല്‍ നടന്ന കെപിസിസി തെരഞ്ഞെടുപ്പില്‍ മുന്‍കാല അധ്യക്ഷനായിരുന്ന എ കെ ആന്റണിയെ കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും മുന്‍നിര നേതാവാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന വയലാര്‍ രവി എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ചു. കെ കരുണാകരനെന്ന കോണ്‍ഗ്രസിന്റെ സമാരാധ്യനായ നേതാവിന്റെ പ്രതിനിധിയായാണ് ആന്റണി പക്ഷക്കാരനായിരുന്ന വയലാര്‍ രവി മത്സരിച്ച് വിജയിച്ചത്. അതിനുശേഷം സംഘടനാ തെരഞ്ഞെടുപ്പെന്നുള്ളത് കോണ്‍ഗ്രസില്‍ അപ്രസക്തമാണ്. 1992ല്‍ വയലാര്‍രവി കെപിസിസി പ്രസിഡന്റായതിനുശേഷം ഒരു ഘട്ടത്തിലും പിസിസി തെരഞ്ഞെടുപ്പ് ഉണ്ടായിട്ടേയില്ല. ജനാധിപത്യ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് ഒരുഘട്ടത്തില്‍ എഐസിസി പ്രസിഡന്റുമാരെപ്പോലും തെരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിച്ചിരുന്നത്. ഇന്നിപ്പോള്‍ കേവലം നോമിനേഷനുകളാണ്. തെരഞ്ഞെടുപ്പ് നടക്കാന്‍ നിയോഗിക്കപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രന്‍തന്നെ നോമിനേഷനിലൂടെയാണ് കെപിസിസി അധ്യക്ഷനാകുന്നതെന്നത് വിരോധാഭാസമാണ്.
കെപിസിസി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തത് എ കെ ആന്റണിയാണ്. പാര്‍ട്ടി ഐക്യത്തെപ്പറ്റി അദ്ദേഹം വാചാലനായി. യുവതലമുറയെ കൂടുതലായി നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ആഹ്വാനം ചെയ്തു ആന്റണി. രാജ്യസഭാ സീറ്റില്‍ അടുത്ത വര്‍ഷം ഒഴിവുവരുന്നത് ആന്റണിയുടേതാണ്. യുവാക്കള്‍ക്കായി ആന്റണി മാറിനില്‍ക്കും എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ മൂഢസ്വര്‍ഗത്തിലാണ് ജീവിക്കുന്നത്.
കളരി പഠിച്ച തച്ചോളി ഒതേനന്റെ പിന്മുറക്കാരനെന്ന് അവകാശപ്പെടുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിനെ നയിക്കാനെത്തുമ്പോള്‍ ചുരികയും വാളും കേരളീയ ജനതയുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച് നമിക്കേണ്ടിവരും. ഇതാണ് വര്‍ത്തമാനകാല കേരള രാഷ്ട്രീയം നല്‍കുന്ന സന്ദേശം.