Monday
15 Oct 2018

കൃതി സാഹിത്യോത്സവം: ഡെലിഗേറ്റ് പാസുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

By: Web Desk | Thursday 15 February 2018 7:17 PM IST

കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2018 മാര്‍ച്ച് 1 മുതല്‍ 11 വരെ എസ്പിസിഎസ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയ്്‌ക്കൊപ്പം ബോള്‍ഗാട്ടി പാലസില്‍ മാര്‍ച്ച് 6 മുതല്‍ 10 വരെ നടക്കുന്ന സാഹിത്യോത്സവത്തിനുമുള്ള ഡെലിഗേറ്റ് പാസ്സുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലും നേരിട്ടും ആരംഭിച്ചു. www.krithifest.com/delegateregitsration എന്ന വെബ്‌സൈറ്റിലാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനാവുക. മുതിര്‍ന്ന വ്യക്തികള്‍ക്ക് 500 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പത്തിലേറെ പാസ് എടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുതിര്‍ന്നവര്‍ക്കുള്ള പാസ് 450 രൂപയ്ക്ക് ലഭിക്കും. ഡെലിഗേറ്റുകള്‍ക്ക് മേളയുടെ ബാഡ്ജ്, ഡെലിഗേറ്റ് കിറ്റ്, ഉറപ്പായ ഇരിപ്പിടങ്ങള്‍ എന്നിവ ലഭിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എസ്. രമേശന്‍ അറിയിച്ചു. അപേക്ഷാ ഫോറം ഓണ്‍ലൈനില്‍ പൂരിപ്പിച്ച് ഓണ്‍ലൈനായി പണം നല്‍കാനും എസ്പിസിഎസിന്റെ അക്കൗണ്ടിലേയ്ക്ക് ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും ചെക്കും പൂരിപ്പിച്ച ഫോറവും കൃതിയുടെ കൊച്ചിയിലുള്ള ഓഫീസിലെത്തിക്കാനും സൗകര്യമുണ്ടാകും. ഇതിനു പുറമെ ഫോറവും പണവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എന്‍ബിഎസ് ഷോറുമുകളില്‍ നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

വിവിധ വിജ്ഞാന ശാഖകളേയും ആഗോള സാഹിത്യ മുന്നേറ്റങ്ങളേയും അധികരിച്ചുള്ള പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, ചര്‍ച്ചകള്‍, സംഭാഷണങ്ങള്‍ തുടങ്ങിയവയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന കൃതി സാഹിത്യവിജ്ഞാനോത്സവത്തിന്റെ വേദികളില്‍ അരങ്ങേറുക. വിദേശസാഹിത്യം, ഭാരതീയ സാഹിത്യം, 1990നു ശേഷമുള്ള ഇന്ത്യ, സമത്വ ഭാവന, ലോകത്തെ മാറ്റി മറിച്ച ആശയങ്ങള്‍, മാധ്യമങ്ങള്‍, നാടകവും സിനിമയും, പ്രസാധകരംഗം, കലാകാരനും സമൂഹവും, ഭാരതീയ വിജ്ഞാനപൈതൃകം, ശാസ്ത്രീയമനോഭാവം, സ്വതന്ത്ര വിജ്ഞാനം, നവസാങ്കേതികവിദ്യകള്‍, ചരിത്രം, കേരളം 2050, സംഗീതം, ആരോഗ്യം, ആവാസം, കൃഷി തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ അതത് മേഖലകളിലെ പ്രഗല്‍ഭരെ മേള അണിനിരത്തും. ലിംഗനീതി, തൊഴില്‍, അവശവിഭാഗങ്ങള്‍, പരിസ്ഥിതി എന്നിങ്ങനെ സന്തുലിതവും രാഷ്ട്രീയവുമായി ശരിയായ കാഴ്ച്ചപ്പാട് പുലര്‍ത്താനും മേള ലക്ഷ്യമിടുന്നു. അഞ്ച് ദിവസം ആറുവേദികളിലായി 150ല്‍പ്പരം പ്രഭാഷകര്‍ പങ്കെടുക്കുന്ന 130ല്‍പ്പരം സെഷനുകള്‍ മേളയിലുണ്ടാകും.