Thursday
24 May 2018

ക്യാന്‍സര്‍ മരുന്ന് ഉല്പാദനത്തിലേക്ക് കെഎസ്ഡിപി; പ്രതീക്ഷയോടെ കേരളം

By: Web Desk | Monday 12 February 2018 10:34 PM IST

ടി കെ അനില്‍കുമാര്‍
ആലപ്പുഴ: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവത്തിന് വഴിയൊരുക്കി കെഎസ്ഡിപി. പുതിയ പ്ലാന്റ് ആരംഭിക്കാനെടുത്ത തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ അടുക്കള എന്നറിയപ്പെടുന്ന ഏക പൊതുമേഖലാ ഔഷധ നിര്‍മാണ കമ്പനിയാണ് കെഎസ്ഡിപി.
ധനമന്ത്രി ടി എം തോമസ് ഐസക്ക് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലാണ് 2019-20 ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ക്യാന്‍സര്‍ മരുന്ന് ഫാക്ടറിക്കായി പണം നീക്കിവെച്ചത്.സ്വകാര്യ മരുന്നു കമ്പനികള്‍ കാന്‍സര്‍ ചികിത്സയെ ഹൈജാക്ക് ചെയ്യുന്ന നിലവിലെ സാഹചര്യത്തിന് മാറ്റം വരുത്താന്‍ കെ എസ് ഡി പിയിലെ കാന്‍സര്‍ മരുന്നു പ്ലാന്റിനു കഴിയും. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തില്‍ പൂര്‍ത്തിയാക്കുന്ന ഫാക്ടറിയില്‍ പേറ്റന്റ് കാലാവധി അവസാനിച്ച മരുന്നുകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാനാണ് ആലോചന. പൊതു വിപണിയില്‍ നിലവില്‍ ലഭിക്കുന്ന മരുന്നുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ഇവ രോഗികള്‍ക്ക് എത്തിക്കാനാവും. 20 കോടിയാണ് കാന്‍സര്‍ മരുന്നു ഫാക്ടറിക്കു വകയിരുത്തിയത്.
ആന്റി ബയോട്ടിക് മരുന്നുകള്‍ നിര്‍മ്മിക്കാനുള്ള അത്യാധുനിക ബീറ്റ ലാക്ടം പഌന്റിന്റെ 25 ശതമാനം ശേഷി മാത്രമേ നിലവില്‍ വിനിയോഗിക്കാന്‍ കഴിയുന്നുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ (കെഎംഎസ്‌സി എല്‍) മുഖേനയേ കെഎസ്ഡിപിക്ക് സംസ്ഥാനത്ത് മരുന്നു വിപണനം സാദ്ധ്യമാവൂ. എന്നാല്‍ തങ്ങള്‍ക്ക് ആവശ്യമുള്ള ആന്റിബയോട്ടിക് മരുന്നുകളുടെ 50 ശതമാനം ഓര്‍ഡര്‍ മാത്രമേ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ കെഎസ്ഡിപിക്കു നല്‍കുന്നുള്ളൂ. ബാക്കി 50 ശതമാനം സ്വകാര്യ കമ്പനികള്‍ക്ക് ടെന്‍ഡറിലൂടെ വീതിച്ചു നല്‍കുകയാണ്. വര്‍ഷം 42 കോടി ക്യാപ്‌സ്യൂളുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് കെഎസ്ഡിപിയിലെ പഌന്റ്.
കെഎസ്ഡിപി നിര്‍മ്മിക്കുന്ന മരുന്നുകള്‍ ഗുണനിലവാരത്തിലും മുന്നിലാണ്. നോണ്‍ ബീറ്റ ലാക്ടം പഌന്റിനു മാത്രം 100 കോടിയുടെ മരുന്ന് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിനാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഉടന്‍ മരുന്നു കയറ്റുമതി ചെയ്യും.
ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ കഴിയാതിരുന്നതിനാല്‍ 2000ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച, കെഎസ്ഡിപിയിലെ ഇന്‍ജക്ഷന്‍ മരുന്നു നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കും. 54 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഇന്‍ജക്റ്റബിള്‍ ഫാക്ടറിക്ക് ഏപ്രിലില്‍ തറക്കല്ലിട്ട് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ചെറിയ കുപ്പികളിലെ ഇന്‍ജക്ഷന്‍ മരുന്നുകളും ആംപ്യൂള്‍ മരുന്നുകളും ഇവിടെ ഉത്പാദിപ്പിക്കാനാവും. കുറഞ്ഞ വിലയ്ക്ക് ഇവ ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ.