Thursday
19 Jul 2018

കെഎസ്ആര്‍ടിസി ജനാധിപത്യ വിരുദ്ധനടപടി തിരുത്തണം

By: Web Desk | Friday 4 August 2017 11:05 PM IST

സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ യാത്രാസംവിധാനമായ കെഎസ്ആര്‍ടിസിയില്‍ നിന്ന് കുറേ കാലമായി നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ശമ്പളവും പെന്‍ഷനുമൊക്കെ മുടങ്ങുന്നത് പതിവാകുകയും ആത്മഹത്യവരെ നടക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല. എല്ലാ മാസങ്ങളിലും ശമ്പളം, പെന്‍ഷന്‍ എന്നിവ മുടങ്ങുകയും അതിന്റെ ഫലമായി പ്രതിഷേധങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത ജനാധിപത്യ വിശ്വാസികളെ മുഴുവന്‍ അല്‍ഭുതപ്പെടുത്തുന്നതാണ്.
പണിമുടക്ക് അവകാശം തൊഴിലാളികള്‍ പൊരുതി നേടിയതാണ്. ഏറ്റവും പിന്തിരിപ്പന്മാരായ ഭരണാധികാരികളുടെ കാലത്തുപോലും തൊഴിലാളികള്‍ക്ക് പണിമുടക്കാന്‍ അവകാശമുണ്ടായിരുന്നു. തുഗ്ലക്ക് പരിഷ്‌ക്കാരം അവസാനിപ്പിക്കുക, മെക്കാനിക്ക് ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌ക്കാരം പുനഃപരിശോധിക്കുക, കണ്ടക്ടര്‍/ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ക്കുള്ള അമിതഭാരം ഒഴിവാക്കുക, എംപാനല്‍ ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക, പിരിച്ചുവിട്ട മുഴുവന്‍ ജീവനക്കാരെയും തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ വിവിധ സംഘടനകള്‍ നിരന്തരമായ സമരത്തിലായിരുന്നു. അതിന് കക്ഷി രാഷ്ട്രീയഭേദമുണ്ടായിരുന്നില്ല. തനിച്ചും കൂട്ടായുമൊക്കെയുള്ള സമരങ്ങളാണ് നടന്നു വരുന്നത്.
ഇതോടൊപ്പം തന്നെ ജോലി ചെയ്തതിന് കൃത്യമായി ശമ്പളം ലഭിക്കണമെന്നും പെന്‍ഷന്‍ യഥാസമയം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമരങ്ങള്‍ നടക്കാറുണ്ട്. അതിന്റെയെല്ലാം ഭാഗമായാണ് കഴിഞ്ഞ ദിവസം എഐടിയുസി ഉള്‍പ്പെടെയുള്ള ചില സംഘടനകള്‍ പണിമുടക്ക് നടത്തിയത്. നിയമപ്രകാരം 15 ദിവസം മുമ്പ് ലേബര്‍ കമ്മിഷണര്‍, ഗതാഗത വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയാണ് പണിമുടക്ക് നടത്തിയത്. വ്യവസായ തൊഴില്‍ തര്‍ക്ക നിയമത്തിലെ വ്യവസ്ഥ പ്രകാരം ജൂലൈ 17നാണ് എംഡിക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയത്. ഇക്കാര്യം യൂണിയന്‍ നേതാക്കള്‍ മാത്രമല്ല മാനേജ്‌മെന്റും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടീസ് നല്‍കിയതു കൊണ്ടുമാത്രം അത് പണിമുടക്കാനുള്ള അവകാശമാവില്ലെന്ന വിചിത്രമായ വിശദീകരണവുമായി രംഗത്തെത്തിയ മാനേജ്‌മെന്റ് പണിമുടക്കില്‍ പങ്കെടുത്തവരിലെ മഹാഭൂരിപപക്ഷത്തെയും സ്ഥലം മാറ്റിക്കൊണ്ട് ജനാധിപത്യ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നിലപാടാണ് സ്വീകരിച്ചത്.
ചില യൂണിയനുകള്‍ മാത്രമേ സമരത്തിന് ആഹ്വാനം നല്‍കിയുള്ളുവെങ്കിലും 8600 ലധികം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുത്തത്. അതുതന്നെ സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങളെ ജീവനക്കാര്‍ എത്രത്തോളം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു സമരത്തിലെ പങ്കാളിത്തം. എന്നാല്‍ പണിമുടക്കിയ തൊഴിലാളികളെ കൂട്ടമായി സ്ഥലം മാറ്റിയുള്ള പ്രതികാര നടപടിയാണ് തെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്.
പണിമുടക്കിയ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയുമാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്. 137 ഡ്രൈവര്‍മാരെയും 129 കണ്ടക്ടര്‍മാരെയുമാണ് ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയത്. കണ്ടക്ടര്‍മാരില്‍ ഭൂരിഭാഗവും വനിതകളാണ്. ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് വളരെ ദൂരെയുള്ള ഡിപ്പോകളിലേയ്ക്കാണ് പ്രതികാരബുദ്ധിയോടെ മാറ്റിയത്. ഇതുകൊണ്ട് തൊഴിലാളി സംഘടനകള്‍ തളര്‍ന്നുപോകുമെന്നാണ് മാനേജ്‌മെന്റ് കരുതുന്നതെങ്കില്‍ അത് മൗഢ്യമാണ്.
15 ദിവസം മുമ്പ് നോട്ടീസ് നല്‍കിയെന്നതുകൊണ്ട് പണിമുടക്കാന്‍ അവകാശമാവില്ലെന്ന മാനെജ്‌മെന്റ് വാദം നിരര്‍ഥകമാണ്. ഒന്നുകില്‍ പണിമുടക്ക് നോട്ടീസ് അംഗീകരിക്കില്ലെന്ന് മറുപടി നല്‍കണം. അല്ലെങ്കില്‍ യൂണിയനുകള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണം. അതൊന്നും ചെയ്യാതെ സ്ഥലം മാറ്റി പ്രതികാര നടപടി സ്വീകരിച്ചത് ജനാധിപത്യ സംവിധാനത്തില്‍ ഭൂഷണമല്ല. പണിമുടക്ക് കാരണം മാനേജ്‌മെന്‍ിനും ജനങ്ങള്‍ക്കും വലിയനഷ്ടം സംഭവിച്ചു. നഷ്ടം നികത്താനുള്ള നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മാനേജ്‌മെന്റിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി വിശദീകരിച്ചിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികളെ സ്ഥലം മാറ്റി സ്ഥാപനത്തെ ലാഭത്തിലാക്കാമെന്ന് കണ്ടെത്തിയ മാനേജ്‌മെന്റ് ബുദ്ധി അപാരം തന്നെ.
ഇത്തരം ബുദ്ധി തലയിലുണ്ടായിട്ടും എന്തുകൊണ്ടാണ് സ്ഥാപനം നഷ്ടത്തില്‍ നിന്ന് കര കയറാത്തതെന്ന് വിശദീകരിക്കേണ്ടത് മാനേജ്‌മെന്റാണ്. നിയമസഭയില്‍ നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള നഷ്ടം 1467.10 കോടി രൂപയാണ്. 2008 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ സര്‍ക്കാരില്‍ നിന്നും ലഭ്യമായ വായ്പാ തുക 250.38 കോടി രൂപയും 2013-14 കാലയളവില്‍ 1090.76 കോടി രൂപയും ഓഹരിയായി മാറ്റിയും പലിശയും നികുതി കുടിശികയും എഴുതിത്തള്ളിയുമാണ് സ്ഥാപനം ആ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെട്ടത്. അതൊക്കെ പോകട്ടെ ശമ്പള വിതരണത്തിനായി പ്രതിമാസം 86.5 കോടി രൂപ ആവശ്യമുള്ളതുപോലും കണ്ടെത്താനാകാത്തവരാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. അവരാണ് തൊഴിലാളികളോട് പണിമുടക്ക് അവകാശങ്ങള്‍ പോലും ഇല്ലാതാക്കി പ്രതികാര ബുദ്ധിയോടെ പെരുമാറുന്നത്. ഇത്തരക്കാരെ നിലയ്ക്കു നിര്‍ത്താനുള്ള ഉത്തരവാദിത്തം സംസ്ഥാന ഭരണാധികാരികള്‍ നിര്‍വഹിക്കുമെന്നാണ് പൊതുജനം പ്രത്യേകിച്ച് തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്.