Monday
15 Oct 2018

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക 28 നകം പൂര്‍ത്തിയാക്കും: കടകംപള്ളി സുരേന്ദ്രന്‍

By: Web Desk | Wednesday 14 February 2018 10:03 PM IST

കെഎസ്ആര്‍ടിസി പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന യോഗം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശികയടക്കമുള്ള പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ മുഖേന 20 മുതല്‍ വിതരണം ആരംഭിച്ച് 28 നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

പെന്‍ഷന്‍തുക നേരത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍ അക്കൗണ്ട് തുടങ്ങണം. ആ അക്കൗണ്ടിലേക്ക് കുടിശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കും. പെന്‍ഷന്‍കാര്‍ തൊട്ടടുത്ത സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിന് പിന്നാലെ കുടിശിക അടക്കമുള്ള പെന്‍ഷന്‍ തുക നിക്ഷേപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളാണ് യുദ്ധകാല അടിസ്ഥാനത്തില്‍ നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 198 സംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെന്‍ഷന്‍ വിതരണത്തിനുള്ള സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്‍റെ ഭാഗമാകാന്‍ 223 സംഘങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 732 കോടി രൂപയാണ് നല്‍കാന്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ 219 കോടി രൂപ മതി. 701 സഹകരണ സംഘങ്ങളെയാണ് വിതരണത്തിനായി നിശ്ചയിച്ചിരിക്കുന്നത്. 39,045 പെന്‍ഷന്‍കാരാണുള്ളത്. കൂടുതല്‍ പേര്‍ തിരുവനന്തപുരത്താണ്, 12266 പേര്‍. 70.31 കോടി രൂപയാണ് തിരുവനന്തപുരം ജില്ലയില്‍ പെന്‍ഷന്‍ കുടിശിക നല്‍കാനുള്ളത്.

പെന്‍ഷന്‍ കുടിശിക ഏറ്റെടുത്തതിനാല്‍ കെഎസ്ആര്‍ടിസിക്കൊപ്പം സഹകരണ ബാങ്കുകളും തകരുമെന്ന തരത്തിലെ പരാമര്‍ശങ്ങള്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് അടിസ്ഥാനമില്ല. സഹകരണ ബാങ്കുകളെ സംബന്ധിച്ച് കെഎസ്ആര്‍ടിസി നല്ല ഇടപാടുകാരനാണ്. നിലവില്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി 600 കോടി രൂപ വായ്പ എടുത്തിട്ടുണ്ട്. ഇത് കൃത്യമായി തിരിച്ചടയ്ക്കുന്നുമുണ്ട്. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പെന്‍ഷന്‍ വിതരണത്തിന് മുന്നോടിയായി പെന്‍ഷന്‍കാര്‍ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കണം. ആറു മാസത്തിനുള്ളില്‍ തുക ബാങ്കുകള്‍ക്ക് തിരികെ നല്‍കും. പത്തു ശതമാനം പലിശ ലഭിക്കുന്നതിനാല്‍ സഹകരണ ബാങ്കുകളെ സംബന്ധിച്ച് ഇത് ലാഭകരമായ ബിസിനസാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് ഈ പണം പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്നത്. ബജറ്റില്‍ ഇതിനായി തുക വകയിരുത്തിയിട്ടുള്ളതിനാല്‍ പത്ത് ശതമാനം പലിശ സഹിതം യഥാസമയത്ത് വായ്പാത്തുക പ്രാഥമിക സംഘങ്ങള്‍ക്ക് മടക്കി നല്‍കുമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി പി വേണുഗോപാല്‍ യോഗത്തില്‍ അറിയിച്ചു.

സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി സജിത് ബാബു ഐഎഎസ്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഇ ദേവദാസ്, പതിനാല് ജില്ലകളിലെ ജോയിന്റ് രജിസ്ട്രാര്‍മാര്‍, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍മാര്‍, പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാര്‍, ചീഫ് എക്‌സിക്യൂട്ടിവുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related News