Wednesday
17 Oct 2018

ബിജെപി ജയം അതിശയം, ബാലറ്റിലേക്കു മടങ്ങണം: എൻസിപി

By: Web Desk | Wednesday 16 May 2018 7:01 PM IST

 താണെ: ബിജെപി കർണാടകയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി വന്നത് അതിശയകരമാണെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ മാറ്റി ബാലറ്റ് പേപ്പർ ഉപയോഗിക്കേണ്ടത് അനിവാര്യമായിരിക്കുന്നുവെന്നും മഹാരാഷ്ട്ര എൻ സി പി പ്രസിഡണ്ട് ജയന്ത് പാട്ടേൽ.
ചില വികസിത രാജ്യങ്ങളിൽ പോലും പഴയ ബാലറ്റ് പേപ്പർ സംവിധാനം നിലനിൽക്കെ എന്തുകൊണ്ട് തെരഞ്ഞെടുപ്പു കമ്മീഷൻ അതിലേക്ക് തിരിച്ചു പോകാൻ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. വോട്ടിംഗ് യന്ത്രം ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ നിർബന്ധിക്കരുത്. “അഥവാ ബിജെപി അത് ഉപയോഗിക്കണമെന്ന് നിർബന്ധം പിടിച്ചാൽ പിന്നെ വോട്ടെടുപ്പ് നടത്തുക തന്നെ വേണ്ട”, അദ്ദേഹം പറഞ്ഞു.

കർണാടകത്തിൽ സന്ദർശനം നടത്തുമ്പോൾ ജനങ്ങൾ പൊതുവെ കോൺഗ്രസിന് അനുകൂലമാണെന്ന് വ്യക്തമായിരുന്നുവെന്നും ഫലം തീർത്തും അത്ഭുതപ്പെടുത്തുന്നുവെന്നും ജയന്ത് പാട്ടേൽ പറഞ്ഞു.

ബിജെപി യുടെ ജനസ്വാധീനം വൻതോതിൽ ഇടിയുകയാണെന്നും എൻ സി പി യും കോൺഗ്രസ്സും വരുന്ന തെരെഞ്ഞെടുപ്പുകളിൽ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.