Friday
14 Dec 2018

കുടുംബശ്രീ വയനാട് ഗോത്ര മേള 20 മുതല്‍ കല്‍പറ്റയില്‍

By: Web Desk | Monday 18 December 2017 7:35 PM IST

കല്‍പ്പറ്റ: സ്ത്രീശാക്തീകരണ ദാരിദ്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആദിവാസി മേഖലയിലെ സമഗ്ര വികസനത്തിനും കുടുംബശ്രീ പ്രത്യേക പരിഗണന നല്‍കിവരുന്നുണ്ട്. ആദിവാസി സമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹ്യമായും സാമ്പത്തികമായും ശാക്തീകരിക്കുക വഴി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.വയനാട് ജില്ലയിലെ ജനസംഖ്യയുടെ 18 ശതമാനത്തോളം വരുന്ന ആദിവാസി സമൂഹത്തിന്‍റെ ജീവിത പുരോഗതി ലക്ഷ്യമിട്ട് വ്യത്യസ്തവും വൈവിധ്യവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ജില്ലയില്‍ നടത്തിവരുന്നുണ്ട്. സ്വന്തം സാമൂഹ്യ സാംസ്‌കാരിക പൈതൃകത്തിന്‍റെ ആഴം മനസ്സിലാക്കി മാറുന്ന കാലത്തിനൊത്ത് സ്വയം രൂപപ്പെടുന്നതിന് ആദിവാസികളെ പ്രാപ്തരാക്കുന്നതിനും അന്യംനിന്നുപോകുന്ന ഗോത്ര സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്നതിനും അവരുടെ തനത് സാംസ്‌കാരിക മൂല്യങ്ങളെയും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും തനത് തൊഴില്‍,കല,ഭക്ഷണം,വൈദ്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനും ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി കുടുംബശ്രീ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയിലുള്‍പ്പെടുത്തി ആദിവാസി മേഖലയിലെ പരമ്പരാഗത പ്രവര്‍ത്തനങ്ങളുടെ പരിപോഷണത്തിനും പ്രോത്സാഹനത്തിനും ആദിവാസി തനത് സംസ്‌കാരത്തെ അടുത്തറിയുന്നതിന് പൊതു സമൂഹത്തിന് അവസരമൊരുക്കുന്നതിനുമായി വയനാട് ഗോത്രമേള’നങ്കആട്ട 2017’ഡിസംബര്‍ 20 മുതല്‍ 22 വരെ കല്‍പറ്റയില്‍ നടത്തപ്പെടുന്നു.പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ആദിവാസി ഗോത്രകലകളില്‍ മത്സരം, വംശീയ ഭക്ഷ്യമേള,ആദിവാസി വൈദ്യം തനത് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം,വില്‍പന, ഫോട്ടോ പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം, ഗോത്ര ചരിത്ര സംസ്‌കാരിക പ്രദര്‍ശനം എന്നിവ നടക്കും.പണിയ സമുദായത്തിന്റെ വട്ടക്കളി,കമ്പള നൃത്തം, കാട്ടു നായ്ക വിഭാഗത്തിന്റെ തോട്ടിആട്ട, കൂനാട്ട, അടിയ വിഭാഗത്തിന്റെ ഗദ്ദിക,കുറിച്യ വിഭാഗത്തിന്റെ വടക്കന്‍ പാട്ട്, നെല്ല് കുത്ത് പാട്ട്, കുറുമ വിഭാഗത്തിന്റെ കോല്‍കളി, ഊരാളി വിഭാഗത്തിന്റെ ഊരാളിക്കളി എന്നിവയില്‍ മത്സരം നടക്കും.ഗോത്രമേള 20.12.2017 ന്.കല്‍പറ്റ നിയോജക മണ്ഢലം എം,എല്‍.എ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ഏഷ്യയിലെ ഏക ട്രൈബല്‍ രാജാവായ കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. കേരള ഫോക്ക്‌ലോര്‍ അക്കാഡമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. ടി. ഉഷാകുമാരി അദ്ധ്യക്ഷ വഹിക്കുന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍,മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളു,കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്‍മുഖം,കല്‍പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ജില്ലാ കളക്ടര്‍.എസ് സുഹാസ് എന്നിവര്‍ പങ്കെടുക്കും.മേളയിലുടെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നുള്ള ഗോത്ര കലകളുടെ അവതരണം നടക്കും.ഇടുക്കിയില്‍ നിന്നുള്ള മലപ്പുലയ ആട്ടം,പളിയന്‍ നൃത്തം,മലങ്കൂത്ത്,പാലക്കാടു നിന്നുള്ള ഇരുളര്‍ നൃത്തം,കമ്പടിക്കളി,കാസര്‍ഗോഡ് നിന്നുള്ള മംഗലംകളി, മുളം ചെണ്ട,മുടിയാട്ടം എന്നിവ അവതിരിപ്പിക്കപ്പെടും.

 

Related News