Sunday
22 Oct 2017

മിക്‌സഡ് പുഴുക്കും അയലക്കറിയും വിളമ്പി ‘താളും തകരയും’

By: Web Desk | Monday 21 August 2017 8:11 PM IST

സുല്‍ത്താന്‍ ബത്തേരി:

ഇത്തവണ ഓണത്തിന് നാവിന് രുചിയുള്ള പാരമ്പര്യ ഭക്ഷ്യമേളയുമായി കുടുംബശ്രീ ഒരുങ്ങി. ‘താളും തകരയും’ എന്ന് പേരിട്ട മേളയില്‍ പാരമ്പര്യ രുചിയറിയാന്‍ തുടക്ക ദിവസം തന്നെ വലിയ തിരക്ക്. വന്‍പയര്‍, ചേന, മത്തന്‍, കാച്ചില്‍ തുടങ്ങി വിവിധ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൊണ്ടുണ്ടാക്കിയ പുഴുക്കിന് പുറമേ ആരെയും മയക്കുന്ന ചുവചുവപ്പന്‍ മുളകിട്ട അയലക്കറിയും.
ഉച്ചയ്ക്ക് രണ്ടുമണിയോടെ വിവരമറിഞ്ഞെത്തിയ പലര്‍ക്കും വിഭവങ്ങള്‍ നല്‍കാനാകാതെ കുടുംബശ്രീയുടെ പ്രവര്‍ത്തര്‍ വിഷമത്തിലായി. ചിലര്‍ക്ക് കുഞ്ഞിപ്പത്തിരിയും ചിക്കന്‍ കറിയുമായിരുന്നു പഥ്യം. മറ്റു ചിലര്‍ക്കാകട്ടെ കഞ്ഞിവാങ്ങി പുഴുക്കുമായി കഴിക്കാമെന്ന് വച്ചിരുന്നപ്പോഴാണ് ദാ തൊട്ടടുത്ത് നല്ല തേങ്ങാപ്പാല്‍ ചേര്‍ത്തുണ്ടാക്കിയ ചിക്കന്‍ കറിയുടെ മണമടിച്ചത്. അതോടെ അതും കൂടി ചേര്‍ത്ത് ഒരു പിടിപിടിച്ചു. കഞ്ഞിയും പുഴുക്കും കാന്താരി ചമ്മന്തിയും മീന്‍കറിയും നേരത്തേ തന്നെ തീര്‍ന്നു. സ്വാദൂറുന്ന 24 ഇനങ്ങളടങ്ങിയ ഭക്ഷണ മെനുവാണ് ഒമ്പത് കൗണ്ടറുകളിലായി ഒരുക്കിയിട്ടുള്ളത്. കലര്‍പ്പില്ലാത്ത ചേരുവകള്‍ ചേര്‍ത്ത് വീട്ടില്‍ തന്നെയുണ്ടാക്കിയ പച്ചക്കറികള്‍കൊണ്ട് അമ്മമാരുടെയും ചേച്ചിമാരുടെയും കൈപ്പുണ്യവും ചേരുമ്പോള്‍ ഇവരെ വെല്ലാന്‍ മറ്റാര്‍ക്കുമാകില്ലെന്ന ഉറച്ച വിശ്യാസത്തിലായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 21 മുതല്‍ 26 വരെയാണ് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് താളും തകരയും സംഘടിപ്പിച്ചിട്ടുള്ളത്. ഇരിപ്പിടങ്ങളിലും കുടുംബശ്രീ വ്യത്യസ്തത പുലര്‍ത്തുന്നു. മുള കൊണ്ട് ഉണ്ടാക്കിയ ഇരിപ്പിടവും പുല്‍പ്പാ ചേര്‍ത്തുണ്ടാക്കിയ ഡെസ്‌കും തനത് സംസ്‌കാരത്തെ വിളംബരം ചെയ്യുന്നു. മത്തന്‍ ഇല, ചേമ്പിന്റെ കൂമ്പ്, ചേമ്പിന്‍താള്‍, പയര്‍, പടവലങ്ങ എന്നിവ ചേര്‍ത്തുള്ള തോരന്‍ നേരത്തേ തന്നെ തീര്‍ന്നു. വയനാടന്‍ സംസ്‌കാരത്തിന്റെ രുചി ഭേദങ്ങള്‍, ഔഷധ മൂല്യങ്ങള്‍ ഉറപ്പുവരുത്തിയുള്ള വിഭവങ്ങളണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
വിവിധ തരം പായസങ്ങളും കുടുംബശ്രീ ഉല്‍പ്പന്നങ്ങളും അച്ചാറുകളും മേളയില്‍ ലഭ്യമാണ്. എല്ലാ പഞ്ചായത്തില്‍ നിന്നുമുള്ള 24 സി.ഡി.എസ്സുകളില്‍ നിന്നായി ഒമ്പതുവീതം യൂണിറ്റുകളാണ് ഭക്ഷണ വിഭവങ്ങളുമായി മേളയ്ക്ക് എത്തുന്നത്. 26ന് നാടന്‍ എത്ത്‌നിക്ക് സദ്യയുമുണ്ടാകും.മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്തും പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

 

Related News