Friday
20 Apr 2018

കുടുംബശ്രീ അഗതി രഹിത കേരളം പദ്ധതി ആരംഭിക്കുന്നു

By: Web Desk | Wednesday 18 October 2017 9:33 PM IST

ഡാലിയ ജേക്കബ്

ആലപ്പുഴ: സാമൂഹ്യ വികസന രംഗത്ത് കുടുംബശ്രീ ശ്രദ്ധേയമായ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി അഗതി രഹിത കേരളം പദ്ധതി ആരംഭിക്കുന്നു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍വ്വഹിക്കും.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അശരണരും നിരാലംബരുമായ മുഴുവന്‍ അഗതി കുടുംബങ്ങളേയും നിലവിലെ ആശ്രയ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുള്ള തുടര്‍ന്നും സേവനത്തിന് അര്‍ഹരായ ഗുണഭോക്താക്കളെയും കണ്ടെത്തി ഏകീകൃത പദ്ധതി എന്ന നിലയിലാണ് അഗതിരഹിത കേരളം പദ്ധതി ആരംഭിക്കുന്നത്. അഗതി രഹിത കേരളം പദ്ധതിയുടെ സര്‍വ്വേ 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുവാണ് കുടുംബശ്രീ ഉദ്ദേശിക്കുന്നത്. ഇതുവരെ യാതൊരു പരിരക്ഷയും ലഭിക്കാത്ത അഗതി കുടുംബങ്ങളെ കണ്ടെത്തുവാനും അര്‍ഹതയില്ലാതെ ആനുകൂല്യം വാങ്ങുന്നവരെ കണ്ടെത്തുവാനും ഈ സര്‍വ്വേയിലൂടെ സാധിക്കും. പഞ്ചായത്തില്‍ നിന്നും നല്‍കുന്ന കരട് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വ്വേ നടത്തുന്നത്. ഗുണഭോക്തൃസര്‍വ്വേ ഇന്ന് മുതല്‍ 30 വരെയാണ് നടക്കുന്നത്. അഗതികളുടെ ഷോര്‍ട്ട്‌ലിസ്റ്റ് പഞ്ചായത്തില്‍ എത്തിയശേഷം നവംബര്‍ ഒന്നിന് പഞ്ചായത്ത് നോട്ടീസ് ബോര്‍ഡുകളിലും അംഗന്‍വാടികളിലും പ്രസിദ്ധീകരിക്കും. ലിസ്റ്റില്‍ ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കില്‍ രേഖാമൂലം നവംബര്‍ 2 മുതല്‍ അഞ്ച് വരെ സി ഡി എസ് ചെയര്‍പേഴ്‌സണെ അറിയിക്കേണ്ടതാണ്. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലഭിച്ച അപ്പീല്‍ അപേക്ഷകള്‍ തദ്ദേശഭരണ സെക്രട്ടറിക്ക് കൈമാറണം. തുടര്‍ന്ന് സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ അപ്പീല്‍ പരിശോധിച്ച് ലിസ്റ്റ് പൂര്‍ത്തിയാക്കും. അന്തിമലിസ്റ്റ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും നവംബര്‍ 16ന് ഗ്രാമസഭകള്‍കൂടി തീരുമാനിക്കുകയും പൂര്‍ത്തിയാക്കിയ ലിസ്റ്റുകള്‍ കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന സംസ്ഥാന കുടുംബശ്രീ മിഷന് കൈമാറുകയും ചെയ്യും. ഓരോ പഞ്ചായത്തിലേയും ലിസ്റ്റിലെ അര്‍ഹരായ അഗതികള്‍ക്ക് എന്തെല്ലാം പരിമിതികളും ആവശ്യങ്ങളും ഉണ്ടെന്ന് കണ്ടെത്തുകയും മാര്‍ഗ്ഗരേഖ തയ്യാറാക്കുകയും ചെയ്യേണ്ടത് ജില്ലാ കുടുംബശ്രീമിഷനാണ്.

 

Related News