Sunday
22 Oct 2017

കുടുംബശ്രീ അംഗങ്ങള്‍ക്ക് ‘കുടുംബശ്രീ സ്‌കൂള്‍’ വഴി പരിശീലനം

By: Web Desk | Wednesday 11 October 2017 3:45 PM IST

 

കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കാനും പരിശീലനം നല്‍കാനുമായി സ്‌കൂള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 21ന് സ്‌കൂളിന്റെ സംസ്ഥാന തല ഉദ്ഘാടനം നടക്കുന്നതിന് മുമ്പായി വാര്‍ഡു തലത്തിലുള്ള ക്ലാസുകള്‍ പൂര്‍ത്തിയാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.
കുടുംബശ്രീ എന്നത് വെറും സമ്പാദ്യം വെക്കലും ലോണ്‍ കൊടുക്കലും മാത്രമായി മാറിപ്പോകുന്ന സാഹചര്യത്തിലാണ് കുടുംബശ്രീയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും മറ്റ് പൊതുവിഷയങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കാനായി ‘കുടുംബശ്രീ സ്‌കൂള്‍’ എന്ന പദ്ധതി ആരംഭിക്കുന്നത്.
കുടുംബശ്രീ സംഘടനാ സംവിധാനം, കുടുംബശ്രീ പദ്ധതികള്‍, കുട്ടികളുടെയും സ്ത്രീകളുടെയും അവകാശം, അഴിമതി മുക്ത കേരളത്തില്‍ കുടുംബശ്രീയുടെ പങ്ക്, ആരോഗ്യകാര്‍ഷികആരോഗ്യ സംരക്ഷണ മേഖലകളില്‍ കുടുംബശ്രീയുടെ ഇടപെടല്‍, മയക്കുമരുന്ന് ലഹരി എന്നിവയെക്കുറിച്ചാണ് പ്രധാനമായും ക്ലാസുകള്‍ നടത്തുകയെന്ന് ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ പി സി കവിത പറഞ്ഞു.
ആറു വ്യത്യസ്ത വിഷയങ്ങലെ അടിസ്ഥാനമാക്കി ഒരു ദിവസം രണ്ടു മണിക്കൂര്‍ വീതമുള്ള ആറു സെഷനുകളിലായി പന്ത്രണ്ട് മണിക്കൂര്‍ ഓരോ അംഗവും പഠന പ്രക്രിയയില്‍ പങ്കെടുക്കണം. ഓരോ സി ഡി എസില്‍ നിന്നും തെരഞ്ഞെടുത്ത സി ഡി എസ് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ക്ലാസുകള്‍ നല്‍കിക്കഴിഞ്ഞു. ഇവരുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും ആറ് കമ്മ്യൂണിറ്റി ടീച്ചേഴ്‌സിന് പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന തല ഉദ്ഘാടനത്തിന് മുമ്പായി വാര്‍ഡ് തലത്തിലുള്ള ക്ലാസുകള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 26 വരെയായി കമ്മ്യൂണിറ്റി ടീച്ചേഴ്‌സിനെ ഉപയോഗപ്പെടുത്തി അയല്‍ക്കൂട്ടങ്ങള്‍ക്ക് ക്ലാസുകള്‍ നല്‍കും. മുഴുവന്‍ ക്ലാസുകളിലും പങ്കെടുക്കുന്നവര്‍ക്ക് ജില്ലാ മിഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അയല്‍ക്കൂട്ട അഫിലിയേഷന്‍, കുടുംബശ്രീ മിഷന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്നിവ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമെ ലഭിക്കുകയുള്ളു. സംസ്ഥാനമൊട്ടാകെയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒറ്റ ഘട്ടമായാണ് പരിശീലനം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് ജില്ലയിലും പരിശീലനം നടത്തുന്നത്.

Related News