Monday
17 Dec 2018

കുക്കു സഹോദരിമാര്‍ ഇനി അഭ്രപാളികളില്‍

By: Web Desk | Thursday 4 January 2018 10:13 PM IST

നാസി ഹിംസയില്‍ നിന്നും ജൂതരെ രക്ഷിച്ചതിന്റെ പേരില്‍ നായികമാരായി തീര്‍ന്ന ബ്രിട്ടീഷ് സഹോദരിമാരുടെ കഥ സിനിമയാവുന്നു. ബ്രിട്ടീഷ് സിവില്‍ സര്‍വീസ് സെക്രട്ടറിമാരായിരുന്ന ഇഡ കുക്കിന്റെയും ലൂസി കുക്കിന്റെയും ജീവിത കഥയാണ് ‘ദ കുക്ക്‌സ്’ എന്ന പേരില്‍ ചലച്ചിത്രമാകുന്നത്. മെര്‍ച്ചന്റ് ഐവറി പ്രൊഡക്ഷന്‍സിന്റെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് റോസന്‍ഫെല്‍ഡ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓപ്പറ ആരാധികമാരായിരുന്ന സഹോദരിമാര്‍ ഇതിന്റെ പേരില്‍ 1930കളില്‍ ജര്‍മ്മനിയില്‍ സഞ്ചരിക്കുകയും ഹോളോക്കോസ്റ്റില്‍ ജീവന്‍ നഷ്ടമാകുമായിരുന്ന ഡസന്‍ കണക്കിന് ആളുകളെ രക്ഷപ്പെടാന്‍ സഹായിക്കുകയുമായിരുന്നു.
പുതിയ ചിത്രത്തില്‍ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഗേറ്റ് ബ്ലാന്‍ചെറ്റിനോടൊപ്പം എമ്മയെയും നായികയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുക്ക് സഹോദരിമാരുടെ ധീരതയെ റോസെന്‍ഫെല്‍ഡ് പ്രകീര്‍ത്തിച്ചു. അവരുടെ കഥയാണ് യഥാര്‍ത്ഥ ‘സൗണ്ട് ഓഫ് മ്യൂസിക്’ എന്ന് അദ്ദേഹം പറഞ്ഞു. ഉന്നത നാസി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും അവര്‍ ആളുകളെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു.
എന്നാല്‍ ഇതൊരു കഥാചിത്രമായതിനാല്‍ തന്നെ ഇവരുടെ കഥ വിശ്വസനീയമായ രീതിയില്‍ എങ്ങനെ അവതരിപ്പിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. തുച്ഛമായ ശമ്പളം മാത്രം ലഭിച്ചിരുന്ന വെറും സര്‍ക്കാര്‍ സെക്രട്ടറിമാര്‍ മാത്രമായിരുന്ന സഹോദരിമാര്‍ക്ക് ജര്‍മ്മനിയില്‍ ഉടനീളം സഞ്ചരിക്കാനുള്ള സാമ്പത്തികം എവിടെ നിന്നും ലഭിച്ചു എന്ന ചോദ്യം ഇപ്പോഴും നിഗൂഢമായി തുടരുകയാണ്. 1950കളില്‍ പുറത്തിറങ്ങിയ ഇഡയുടെ ആത്മകഥയില്‍ ഓരോ പെന്നിയും സൂക്ഷിച്ച് വച്ച് യാത്രയ്ക്കുള്ള പണം സംഘടിപ്പിച്ചതിനെ കുറിച്ച് അവര്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങളൊന്നും നല്‍കുന്നില്ല.
ഈ സഹോദരിമാര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. ഇരുവരും വിവാഹം കഴിച്ചില്ല എന്നതും ഇരുവര്‍ക്കും കുട്ടികളില്ല എന്നതും ഈ അഭ്യൂഹത്തിന് ബലം നല്‍കുന്നുണ്ട്. സണ്ടര്‍ലാന്റില്‍ ജനിച്ച സഹോദരിമാര്‍ തെക്കന്‍ ലണ്ടനിലെ വാണ്ട്‌സ്‌വര്‍ത്തിലുള്ള ഒരു സാധാരണ വാര്‍ക്കക്കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഒരിക്കല്‍ പുസിനീയെ കേള്‍ക്കാന്‍ ഇടയായതോടെയാണ് ഇവര്‍ക്ക് സംഗീതഭ്രമം ബാധിച്ചത്. മേരി ബുര്‍ച്ചെല്‍ എന്ന തൂലികാനാമത്തില്‍ മില്‍സ് ആന്റ് ബൂണിന് വേണ്ടി പ്രണയ നോവലുകള്‍ രചിച്ച ഇഡയാണ് യാത്രയ്ക്കുള്ള പണം സംഘടിപ്പിച്ചതെന്നാണ് വിശ്വാസം. എന്നാല്‍ തുടര്‍ച്ചയായി വിമാനത്തില്‍ സഞ്ചരിക്കാന്‍ സഹോദരിമാര്‍ക്ക് എങ്ങനെ സാധിച്ചു എന്നത് ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല. ഒരുവിധത്തിലും ഈ ചിലവ് താങ്ങാനുള്ള വരുമാനം അവര്‍ക്കുണ്ടായിരുന്നില്ല എന്ന റോസന്‍ഫെല്‍ഡ് തന്നെ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ഓപ്പറയ്ക്കുള്ള പ്രവേശന ടിക്കറ്റിനും വലിയ വിലയായിരുന്നു. അസാധ്യതകളുടെ ഒരു പരമ്പരയാണ് അവരുടെ ജീവിതം എന്നതിനാല്‍ തന്നെ അവര്‍ ചാരപ്രവൃത്തി ചെയ്തിരിന്നിരിക്കണം എന്നാണ് അനുമാനം.
1937നും യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനുമിടയില്‍ ഡസന്‍ കണക്കിന് ജൂതന്മാരെയാണ് സഹോദരിമാര്‍ നാസികളുടെ പിടിയില്‍ നിന്നും രക്ഷിച്ചത്. ജര്‍മ്മന്‍ഓസ്ട്രിയന്‍ ബുദ്ധിജീവികളുടെ മകളായ ലിസ ബാഷും ഇവരില്‍ ഉള്‍പ്പെടുന്നു. കുക്ക് സഹോദരിമാരാണ് തന്നെ ഗ്യാസ് ചേംബറില്‍ നിന്നും രക്ഷിച്ചതെന്ന് അവര്‍ പിന്നീട് രേഖപ്പെടുത്തിയിരുന്നു. ജൂത അഭയാര്‍ത്ഥികള്‍ക്ക് ലണ്ടനില്‍ എത്താനുള്ള സാമ്പത്തിക പിന്തുണ സംഘടിപ്പിക്കാനും കുക്ക് സഹോദരിമാര്‍ക്ക് സാധിച്ചു.
ഇസബെല്‍ വിന്‍സെന്റ് എന്ന അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
ഇഡ 1986ലും ലൂസി 1991ലും അന്തരിച്ചു. 2010ലെ ഹോളോകോസ്റ്റിലെ ബ്രിട്ടീഷ് ധീരര്‍ എന്ന ബഹുമതി അവര്‍ക്ക് മരണാനന്തരം സമ്മാനിക്കപ്പെട്ടു. അവര്‍ക്ക് ആഗോളതലത്തില്‍ ആദരം അര്‍പ്പിക്കാനുള്ള ശ്രമമാണ് ഈ ചിത്രമെന്നും റോസെന്‍ഫെല്‍ഡ് പറയുന്നു.