Friday
19 Jan 2018

കുല്‍ഭൂഷണിന്റെ വധശിക്ഷ: പുതിയ നീക്കവുമായി പാകിസ്ഥാന്‍

By: Web Desk | Saturday 7 October 2017 11:09 PM IST

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങി പാകിസ്ഥാന്‍.
ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക് നടപടിക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് പാക് ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പാകിസ്ഥാന്‍ കൈക്കൊണ്ട തുടര്‍നടപടികള്‍ ഡിസംബര്‍ 13ന് മുന്‍പായി എഴുതി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പാക് തീരുമാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കോടതിക്ക് തുടര്‍നടപടികളിലേക്ക് കടക്കാനാകു. ഇതിനാണ് പാകിസ്ഥാന് കോടതി ഡിസംബര്‍ 13 വരെ സമയം അനുവദിച്ചത്.
പാകിസ്ഥാന്റെ വാദം ശരിവയ്ക്കുന്നതിനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും തങ്ങളുടെ നിലപാട് സാധൂകരിക്കാന്‍ വേണ്ട എല്ലാ തെളിവും നിരത്തുമെന്നും പാക് അറ്റോര്‍ണി ജനറല്‍ അഷ്തര്‍ ഔസഫ് അലിയെ ഉദ്ധരിച്ച് വിദേശകാര്യ വക്താക്കള്‍ അറിയിച്ചു. വിഷയത്തില്‍ ഉന്നത നിയമ വിദഗ്ദര്‍, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍, മറ്റ് സുപ്രധാന വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി അറ്റോണി ജനറല്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ജാദവിന്റെ ദയാഹര്‍ജി പരിഗണിച്ചതായും നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും വൈകാതെ വിധി പുറത്തുവിടുമെന്നും വ്യാഴാഴ്ച പാക് സൈന്യം അറിയിച്ചിരുന്നു.
ഇന്ത്യന്‍ നാവിക സേനാ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിനെ 2016 മാര്‍ച്ച് മൂന്നിന് ബലൂചിസ്ഥാനില്‍ നിന്നാണ് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തിയാണ് ജാദവിന് വധശിക്ഷ വിധിച്ചത്. ഏപ്രില്‍ 10ന് പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വയാണ് ജാദവിന്റെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെ പലതവണ ഇന്ത്യ രംഗത്തെത്തിയെങ്കിലും പാകിസ്ഥാന്‍ നിലപാട് കടുപ്പിച്ചതോടെയാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സഹായം തേടിയത്.