Monday
23 Jul 2018

സ്വതന്ത്ര കുര്‍ദിസ്ഥാന്‍: യുഎസ് വിരട്ടല്‍ തുടങ്ങി

By: കെ രംഗനാഥ് | Tuesday 19 September 2017 11:17 PM IST

ദുബായ്: ഇറാഖില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര കുര്‍ദിസ്ഥാന്‍ റിപ്പബ്ലിക് സ്ഥാപിക്കാനുള്ള ഹിതപരിശോധന എന്തുവിലകൊടുത്തും നടത്തുമെന്ന കുര്‍ദ് സ്വയംഭരണ കൗണ്‍സില്‍ അന്തിമമായി തീരുമാനിച്ചതോടെ ഭീഷണിയുമായി യു എസ് രംഗത്തിറങ്ങി.
ഐഎസിനെതിരായ പോരാട്ടം തുടരുന്നതിനുപകരം ഇറാഖിനെ വെട്ടിമുറിച്ച് പുതിയ രാജ്യം സൃഷ്ടിക്കാനുള്ള നീക്കം ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉളവാക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി. ഐക്യരാഷ്ട്രസഭയും യുഎസ് അനുകൂലനിലപാടില്‍ ഹിതപരിശോധന മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഹിതപരിശോധന ഇറാഖിന്റെ അസ്ഥിരീകരണത്തിനുള്ള അത്യന്തം പ്രകോപനപരമാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുവേണ്ടി പുറപ്പെടുവിച്ച വൈറ്റ് ഹൗസ് തിട്ടൂരത്തില്‍ പറയുന്നു. സദ്ദാമിനെ അരുംകൊല ചെയ്തിട്ട് യു എസ് അധിനിവേശ സൈന്യം അധികാരത്തില്‍ വാഴിച്ച പാവപ്രധാനമന്ത്രി ഹൈദര്‍ അല്‍ബാദിയുടെ നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സാധ്യതകളെ കുര്‍ദിസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തകിടം മറിക്കുമെന്ന ആശങ്ക യുഎസിനുണ്ട്.
യു എസിനോപ്പം തുര്‍ക്കിയും ഇറാനും ഇറാഖിലെ പാവസര്‍ക്കാരും ചേര്‍ന്ന് അമേരിക്കന്‍ സൈനിക പിന്തുണയോടെ കുര്‍ദ് പ്രദേശങ്ങളില്‍ യുദ്ധം അഴിച്ചുവിടുമെന്ന് ജനയുഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴത്തെ വിരട്ടല്‍ അതിന്റെ മുന്നോടിയായാണ് അറബ് നയതന്ത്ര ലോകം കരുതുന്നത്. എന്നാല്‍ യുഎസ് ഭീഷണിക്കു പിന്നാലെ പതിനായിരങ്ങള്‍ കുര്‍ദിസ്ഥാന്റെ നിര്‍ദ്ദിഷ്ടതലസ്ഥാനമായ അര്‍ബിലില്‍ കുര്‍ദിസ്ഥാന്‍ സ്വയംഭരണ പ്രദേശത്തിന്റെ പ്രസിഡന്റ് മസൂദ് ബര്‍സാനിക്ക് അനുകൂലമായി പ്രകടനങ്ങള്‍ നടത്തി.
എന്നാല്‍ അത്യന്തികമായി കമ്യൂണിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടികള്‍ കുര്‍ദിസ്ഥാനില്‍ പിടിമുറുക്കുമെന്ന കടുത്ത ഭയവും യുഎസിനുണ്ട്. കുര്‍ദുകള്‍ക്കിടയില്‍ ശക്തമായ വേരോട്ടമുളള കമ്യൂണിസ്റ്റ് പാര്‍ട്ടിയും വര്‍ക്കേഴ്‌സ് പാര്‍ട്ടിയും കഴിഞ്ഞ ദിവസം ജര്‍മനിയിലെ കൊളോണില്‍ നടത്തിയ ഹിതപരിശോധനയ്ക്കനുകൂലമായ ശക്തിപ്രകടനത്തില്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലുള്ള കുര്‍ദുകളടക്കം മുപ്പതിനായിരം പേരാണ് പങ്കെടുത്തത്. തുര്‍ക്കിയിലെ ശക്തമായ കമ്യൂണിസ്റ്റ് പാര്‍ട്ടി ആ രാജ്യത്ത് സ്വതന്ത്ര കുര്‍ദുമേഖലയ്ക്കുവേണ്ടി ഗറില്ലാ യുദ്ധങ്ങള്‍ നടത്തിവരികയായിരുന്നു. ഇറാഖില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര കുര്‍ദിസ്ഥാന്‍ ഉണ്ടായാല്‍ അത് തുര്‍ക്കിയിലെ സ്വതന്ത്ര കുര്‍ദ് മേഖലയ്ക്കുവേണ്ടിയുള്ള സായുധ പോരാട്ടങ്ങള്‍ക്ക് വഴിമരുന്നിടുമെന്ന് തുര്‍ക്കി ഭയക്കുന്നു. ഈ അങ്കലാപ്പുകൊണ്ടാകണം കൊളോണില്‍ നടന്ന കര്‍ദിഷ് റാലിക്ക് അവസരം നല്‍കിയതില്‍ യുഎസിന്റെ നാറ്റോ സഖ്യരാജ്യമായ തുര്‍ക്കി ജര്‍മനിയുടെ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചത്.
ഇറാഖിലെ യു എസ് സ്ഥാനപതി ബ്രെറ്റ് മക്ഗ്രുക്ക് ഇന്നലെ അര്‍ബിലിലെത്തി മസൂദ് ബര്‍സാനിയെ സന്ദര്‍ശിച്ച് ഹിതപരിശോധനയ്‌ക്കെതിരെ താക്കീതു നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാഖിലെ യുഎന്‍ സ്ഥാനപതി ജാന്‍ക്യൂബിസും കുര്‍ദ് നേതാക്കളെ കണ്ട് ഹിതപരിശോധന മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു. ഇറാഖിന്റെ എണ്ണ വരുമാനത്തില്‍ നല്ലൊരു പങ്ക് കുര്‍ദുകള്‍ക്ക് നല്‍കാമെന്ന പ്രലോഭനവുമുണ്ടെങ്കിലും കുര്‍ദ് നേതൃത്വം നിര്‍ദ്ദിഷ്ട ഹിതപരിശോധനയില്‍ നിന്നു പിന്മാറില്ലെന്നാണ് അറബ് നയതന്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ദിനങ്ങള്‍ ഇറാഖിന് നിര്‍ണായകമായിരിക്കുമെന്നും അവര്‍ കരുതുന്നുണ്ട്.

Related News