Monday
19 Nov 2018

കുറിച്യകലാപം

By: Web Desk | Monday 12 February 2018 1:29 AM IST

ബ്രിട്ടീഷുകാരെ വിറകൊള്ളിച്ച ഉജ്ജ്വലമായ പോരാട്ടം നടത്തിയവരാണ് വയനാട്ടിലെ കുറിച്യര്‍.
കുറിച്യകലാപത്തിന്റെ പ്രധാന കാരണങ്ങളായി പറയുന്നത് ബ്രിട്ടീഷുകാര്‍ മലബാറില്‍ നടപ്പാക്കിയ ജനദ്രോഹകരമായ റവന്യുസെറ്റില്‍മെന്റും റവന്യു ഭരണവുമായിരുന്നു. ദുര്‍വഹമായിരുന്ന ഭൂനികുതി അടയ്ക്കാന്‍ കഴിയാതിരുന്നവരുടെയെല്ലാം വസ്തുവകകള്‍ അധികൃതര്‍ കണ്ടുകെട്ടി. ഇതില്‍ പ്രധാനമായും ബലിയാടാക്കപ്പെട്ടത് വയനാട്ടിലെ കുറിച്യരായിരുന്നു. റവന്യു അധികൃതരും ഇവരെ അടിമപ്പണിചെയ്യിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തു. ആദിവാസികള്‍ ഒത്തുകൂടി. ഒരുമിച്ച് കലാപക്കൊടി ഉയര്‍ത്തുവാന്‍ പരിപാടിയിട്ടു. ഇതിനുവേണ്ടി അവര്‍ തിരുവിതാംകൂറില്‍ രാജകീയ തടവുകാരനായികഴിഞ്ഞിരുന്ന പഴശിയുടെ അനന്തരവനുമായി രഹസ്യബന്ധം സ്ഥാപിച്ചു. കുറിച്യരും കുറുമ്പരും മാത്രമായിരുന്നില്ല ഈ കലാപത്തിലുള്‍പ്പെട്ടത്. ചില നായര്‍ പ്രമാണിമാരും തീയരും അവര്‍ക്ക് നേതൃത്വം നല്‍കി. പാലങ്ങളുടെ ഇരുമ്പ് കൈവരികള്‍ ഇളക്കിയെടുത്ത് ഇവര്‍ അസ്ത്രങ്ങളുണ്ടാക്കി. എല്ലാ യുദ്ധസന്നാഹങ്ങളും അതീവ രഹസ്യമായിട്ടാണവര്‍ കൈകാര്യം ചെയ്തിരുന്നത്. റവന്യു സര്‍വീസിലുണ്ടായിരുന്ന കലാപകാരികളുടെ ജാതിയില്‍പ്പെട്ടവരോടും കലാപത്തില്‍ അണിനിരക്കുവാന്‍ കത്തുകള്‍ മുഖേന രഹസ്യമായി ആവശ്യപ്പെട്ടു.

കലാപത്തിന് ആഹ്വാനം
1812 മാര്‍ച്ച് 25ന് കലാപം പൊട്ടിപ്പുറപ്പെട്ടു. പൊലീസുകാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെയായിരുന്നു കലാപം. കുറിച്യരുടെ കുലദൈവമായ പുല്‍പ്പള്ളി മുരിക്കന്മാരുടെ പേരില്‍ ഒന്നിക്കാനായി കലാപകാരികള്‍ ആഹ്വാനം ചെയ്തു.
രണ്ടു ദിവസംകൊണ്ട് വയനാട് മുഴുവന്‍ കലാപക്കൊടി ഉയര്‍ന്നു. വയനാട്ടിലേക്കുള്ള എല്ലാ വഴികളും കലാപകാരികളുടെ നിയന്ത്രണത്തിലായി. കുറച്ച് ഉദ്യോഗസ്ഥന്മാരും അവരോട് ചേര്‍ന്നു.
ഇവരെ നേരിടുക എന്നത് ഇംഗ്ലീഷുകാര്‍ക്ക് ശ്രമകരമായിരുന്നു. അതിനായവര്‍ക്ക് മലബാറില്‍ നിന്നു മാത്രമല്ല ശ്രീരംഗപട്ടണം, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നുകൂടി പട്ടാളത്തെ ഇറക്കേണ്ടിവന്നു. ആ ശക്തമായ പട്ടാളനീക്കം കലാപകാരികളെ കീഴടങ്ങുവാന്‍ നിര്‍ബന്ധിതരാക്കി. 1812 മെയ് എട്ടിന് വയനാട് ശാന്തമായി.

വെല്‍ഷിന്റെ വാക്കുകള്‍
കുറിച്യകലാപത്തിന്റെ തീവ്രതയെക്കുറിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ വെല്‍ഷ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ”എന്റെ സേവകരില്‍ ഒരൊറ്റയാള്‍ പോലും എന്നോടൊത്ത് ബാംഗ്ലൂരിലേക്ക് മടങ്ങിവരാനുണ്ടായിരുന്നില്ല. വയനാട്ടിലുണ്ടായിരുന്ന നമ്മുടെ സൈനിക ഓഫീസര്‍മാരില്‍ പലരും മരിച്ചു. നമ്മുടെ ആളുകളുടെ ജീവനും കുടുംബത്തിനും നേരിട്ട നാശനഷ്ടങ്ങള്‍ യഥാര്‍ഥത്തില്‍ വേദനാജനകമാണ്.”

 

ഗൗതം എസ് എം
ക്ലാസ്: 5 ബി
ഇന്ത്യന്‍ സ്‌കൂള്‍,
അല്‍ഗൂബ്ര, മസ്‌കറ്റ്