Wednesday
24 Oct 2018

കുറുക്കന്റെ അഹങ്കാരം

By: Web Desk | Sunday 5 August 2018 7:47 AM IST

സന്തോഷ് പ്രിയന്‍

ഗ്രാമത്തിനടുത്തുള്ള കുന്നിന്‍ചെരുവിലാണ് ശുപ്പന്‍ കുറുക്കന്‍ താമസിച്ചിരുന്നത്. തന്നോളം ബുദ്ധി ആര്‍ക്കുമില്ലെന്നാണ് ശുപ്പന്റെ മനസിലിരിപ്പ്.
ഒരുദിവസം ശുപ്പന്‍ ആഹാരം തേടി പുറത്തിറങ്ങി. പിന്നാലെ അവന്റെ ഗുഹയ്ക്കടുത്ത് താമസിക്കുന്ന രണ്ട് കുറുക്കന്മാരുമുണ്ട്. ഗ്രാമത്തിനടുത്തുള്ള വീട്ടില്‍ സദ്യ നടക്കുന്നുണ്ടായിരുന്നു. നല്ല കോഴിയിറച്ചിയുടെ മണം ശുപ്പന്റെ മൂക്കിലേക്കു വന്നു. ആളുകള്‍ ഭക്ഷണം കഴിച്ചതിന്റെ ബാക്കി വീടിന്റെ പിന്നില്‍ ഒരു കുട്ടയില്‍ ഇട്ടിട്ടുണ്ട്. ശുപ്പന്റെ പിന്നാലെ വന്ന കുറുക്കന്മാര്‍ അതിനടുത്ത് ചെന്ന് തീറ്റ തുടങ്ങി. എന്നാല്‍ ശുപ്പനാകട്ടെ നേരേ പാചകപ്പുരയുടെ അടുത്തേക്കു നടന്നു. ഇതുകണ്ട് മറ്റ് കുറുക്കന്മാര്‍ വിലക്കി.
‘ശുപ്പാ, വേണ്ട, പാചകപ്പുരയില്‍ കയറുന്നത് അബദ്ധമാ. ഇവിടെ ആളുകള്‍ സദ്യയുണ്ടിട്ട് ബാക്കി കളയുന്നുണ്ട്. അവിടെ നിന്നും ഇഷ്ടം പോലെ തിന്നാം.’ അതുകേട്ടപ്പോള്‍ ശുപ്പന് ദേഷ്യം വന്നു.
‘ഹും, ആരുടേയും എച്ചില്‍ തിന്നാന്‍ എന്നെ കിട്ടില്ല. പാചകപ്പുരയില്‍ നിന്നും നല്ല ചൂടുള്ള ഭക്ഷണം ഞാന്‍ തിന്നോളാം.’ എന്നിട്ട് അവന്‍ നേരേ പാചകപ്പുരയിലെത്തി. പാചകക്കാരെല്ലാം അപ്പോള്‍ ഭക്ഷണം വിളമ്പുന്ന തിരക്കിലായിരുന്നു. പപ്പടം വിളമ്പിയത് തീര്‍ന്നപ്പോള്‍ ഒരാള്‍ അതെടുക്കാന്‍ പാചകപ്പുരയിലേക്കു വന്നു. അപ്പോഴതാ ഒരു കുറുക്കന്‍. അയാള്‍ മുട്ടന്‍ വടിയെടുത്ത് ശുപ്പന്റെ തലയ്ക്ക് ഒരു അടി കൊടുത്തു.
‘ഠപ്പേ….’ വേദന കൊണ്ടു പുളഞ്ഞ ശുപ്പന്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. അപ്പോഴേക്കും മറ്റ് കുറുക്കന്മാര്‍ വയറുനിറച്ച് ആഹാരം തിന്ന് തിരികെ പോകാന്‍ തുടങ്ങിയിരുന്നു. ശുപ്പന്റെ നിലവിളി അവര്‍ കേട്ടു. മുതിര്‍ന്നവര്‍ പറയുന്നത് അനുസരിക്കാത്തതാണ് തനിക്ക് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് ശുപ്പന് മനസിലായി. പിന്നീട് അവന്‍ അഹങ്കാരമൊക്കെ കളഞ്ഞ് നല്ലവനായി ജീവിച്ചു.