Thursday
22 Feb 2018

കുതിരാൻ ഇരട്ട തുരങ്കം ഈമാസം തുറക്കാമെന്ന കണക്കു കൂട്ടലിൽ അധികൃതർ

By: Web Desk | Wednesday 7 February 2018 12:49 PM IST

സംസ്ഥാനത്തെ ആദ്യ തുരങ്കപാതയായ കുതിരാന്‍ തുരങ്കം സുരക്ഷാപരിശോധന പൂര്‍ത്തിയാക്കി ഈ മാസാവസാനം തുറക്കാമെന്ന വിലയിരുത്തലില്‍ ദേശീയപാതാ അതോറിറ്റി അധികൃതര്‍. ആദ്യ ഘട്ടത്തില്‍ ഇടത് തുരങ്കമാവും തുറന്നു നല്‍കുക.

ആദ്യതുരങ്കത്തിന്റെ ഇരുമ്പുപാലം മുതല്‍ വഴുക്കുമ്പാറ നരികിടന്നമട വരെയുള്ള 962 മീറ്റര്‍ ദൂരം ഗതാഗതത്തിനു സജ്ജമായതായി നിര്‍മാണ കമ്പനിയായ പ്രഗതി ഗ്രൂപ്പും ആറുവരിപ്പാത നിര്‍മാണ കമ്പനിയായ കെഎംസി അധികൃതരും പറഞ്ഞു.

നിര്‍മാണ പുരോഗതി വിലയിരുത്താന്‍ സന്ദര്‍ശനം നടത്തിയ തൃശൂര്‍ കലക്ടര്‍ എ.കൗശിഗന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെ ഇക്കാര്യം അറിയിച്ചു.

കുതിരാന്‍ ഇടത് തുരങ്കത്തിലെ റോഡ് നിര്‍മാണവും ഒാവുചാല്‍ പണിയും പൂര്‍ത്തിയായി.

വൈദ്യുതീകരണ ജോലികള്‍ അവസാന ഘട്ടത്തിലാണ്. തുരങ്കവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ടാറിങ് പൂര്‍ത്തിയാക്കി. കൊമ്പഴയില്‍ നിന്നു തുടങ്ങുന്ന പുതിയ പാലം തുരങ്കമുഖത്തിനു സമീപം വരെയെത്തി.

തുടര്‍ ഭാഗങ്ങളിലെ പാറക്കൂട്ടം പൊട്ടിച്ച്‌ റോഡും തുരങ്കമുഖത്തെത്തിക്കഴിഞ്ഞു. ടാറിങ് മാത്രമാണു പൂര്‍ത്തിയാകാനുള്ളത്.

തുരങ്കത്തിന്റെ മറുഭാഗമായ വഴുക്കുംപാറ നരികിടന്നമലയിലെ തുരങ്കമുഖങ്ങളിലേക്കെത്താനുള്ള റോഡ് നിര്‍മാണവും പുരോഗമിക്കുന്നു.