Thursday
24 Jan 2019

കുട്ടികളോട് പറഞ്ഞത്

By: Web Desk | Saturday 14 April 2018 10:16 PM IST

എല്ലാ കോശങ്ങളും സന്തോഷമായും സുഖമായും സമൃദ്ധമായും ആരോഗ്യത്തോടെയും പുലരുന്ന അവസ്ഥയെയാണ് സോഷ്യലിസം എന്ന് പറയുന്നത്. അതാവണം മനുഷ്യജന്മത്തിന്റെ ഫലശ്രുതി എന്ന നിര്‍ബന്ധത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല

തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടുനിന്നും പുറപ്പെട്ട വിദ്യാര്‍ഥികളുടെ രണ്ട് സാംസ്‌കാരിക പഠനയാത്രാസംഘങ്ങള്‍ തൃശൂരില്‍ സാഹിത്യ അക്കാദമിയുടെ ചങ്ങമ്പുഴ ഹാളില്‍ ഒത്തുകൂടിയപ്പോള്‍ അവരോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കൊല്ലത്തെ വേദിയിലും ഞാന്‍ പറയാനുദ്ദേശിച്ചത്. പങ്കെടുക്കാമെന്ന് സുഹൃത്തും മുന്‍ മന്ത്രിയുമായ മുല്ലക്കര രത്‌നാകരനോട് ഏറ്റിരുന്നതുമാണ്. യാത്ര ചെയ്യാന്‍ താല്‍ക്കാലികമായ ശരീരപ്രയാസം വന്നതിനാല്‍ അത് സാധിച്ചില്ല. പക്ഷേ, സങ്കടത്തിലും ഒരു സന്തോഷമുണ്ട്! അന്നവിടെ ഇല്ലാതിരുന്നവര്‍ക്കും ഇപ്പോഴിത് വായിക്കാമല്ലൊ!

ഒരു മനുഷ്യശരീരത്തില്‍ എത്ര ജീവകോശങ്ങള്‍ ഉണ്ട് എന്ന് ആ കുട്ടികളോട് ചോദിച്ചു. ഏതാണ്ടൊരു കൊട്ടക്കണക്ക് മതി എന്ന് സൂചിപ്പിച്ചപ്പോള്‍ മുന്‍നിരയിലൊരു മിടുക്കി പറഞ്ഞു: ”ഏതാനുമായിരം കോടി.” ലോകത്ത് ആകെ എത്ര മനുഷ്യരുണ്ട് എന്നായിരുന്നു രണ്ടാമത്തെ ചോദ്യം. ആയിരം കോടിയോളം എന്നും മറുപടി കിട്ടി.

ശരി, മനുഷ്യശരീരമെന്നപോലെ ഒരു ശരീരമായി മൊത്തം മനുഷ്യസമൂഹത്തെ സങ്കല്‍പ്പിക്കുക എന്ന് ഞാനവരോട് ആവശ്യപ്പെട്ടു. ആ ശരീരത്തിന്റെ സുസ്ഥിതിക്കും ഭദ്രതയ്ക്കും സന്തോഷത്തിനും എന്തെല്ലാം വേണം എന്ന് നിരൂപിക്കാനും.

1. എല്ലാ ജീവകോശങ്ങള്‍ക്കും സ്വന്തം അസ്തിത്വം നിലനിര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടാകണം, പൊതുതാല്‍പ്പര്യം രൂപപ്പെടുത്തുന്നതില്‍ അഭിപ്രായം പറയാനും.
2. എന്തു ജോലി ചെയ്യുന്ന ഏതവയവത്തിലുള്ള, എവിടെ സ്ഥിതി ചെയ്യുന്ന, കോശമായാലും എല്ലാ കോശങ്ങളും തുല്യരായിരിക്കണം. ആഹാരം, ജലം, പ്രാണവായു എന്നീ പ്രാഥമികാവശ്യങ്ങള്‍ ഉറപ്പായിരിക്കണം.
3. ഓരോ കോശവും സ്വന്തം താല്‍പ്പര്യത്തിലുപരി മൊത്തം ശരീരത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. താന്‍ അല്‍പ്പായുസും ശരീരം ദീര്‍ഘായുസുമാണെന്ന കഥ ഒരിക്കലും മറന്നുകൂടാ.
4. പുറത്തുനിന്നുള്ള ആക്രമണങ്ങളൊ രോഗങ്ങളുടെ അവിഹിത കുടിയേറ്റങ്ങളൊ ഉണ്ടാകുമ്പോള്‍ തങ്ങള്‍ക്കിടയില്‍ നിന്നുതന്നെ പ്രതിരോധകോശങ്ങളെ ഉയിര്‍പ്പിക്കണം.
5. ഒരു പ്രതിരോധം ആവശ്യമായിവരുമ്പോള്‍ അതില്‍ അണിചേരാന്‍ മടിക്കരുത്.
6. ഏറ്റവും പ്രധാനം: തന്റെ ഒരു ആവശ്യവും മറ്റൊരു കോശത്തിന്റെയും ഒരാവശ്യത്തിനും മീതെയാണെന്ന് ആരും കരുതരുത്. പോഷകങ്ങള്‍ അനാവശ്യമായി വാരിക്കൂട്ടി സംഭരിക്കുകയും മറ്റ് കോശങ്ങള്‍ക്ക് കിട്ടാതാക്കുകയും മൊത്തം ശരീരത്തിന് ക്ഷീണവും ബലക്ഷയവും നാശവും വരുത്തുകയുമുരുത്. അഥവാ, ഏതെങ്കിലുമൊരു കോശം ഈ ആര്‍ത്തിപ്രാന്തിന് അടിപ്പെടുകയും മൊത്തം ശരീരത്തെ ചൂഷണം ചെയ്ത് ‘സമ്പന്ന’രാവുകയും ഇതേ പ്രാന്തുള്ള തലമുറകളെ പെറ്റുപോറ്റുകയും ചെയ്താല്‍ അതിന് നാമെന്തു പേരിടുമെന്ന് ചോദിച്ചപ്പോള്‍ അടുത്ത നിമിഷം എല്ലാ തൊണ്ടകളില്‍ നിന്നും ഉത്തരം വന്നു : ”കാന്‍സര്‍!”

ഇന്നത്തെ ലോകത്തിലെ മനുഷ്യസമൂഹ ശരീരത്തിന് ഈ രോഗം ഉണ്ടോ എന്നുകൂടി ഞാന്‍ ചോദിച്ചു. സംശയനിവാരണത്തിന് ഒരു ‘ക്ലൂ’വും കൊടുത്തു: ശരീരത്തിലെ മുക്കാല്‍പങ്ക് കോശങ്ങളും ഇല്ലായ്മയുടെയും വല്ലായ്മയുടെയും പിടിയിലാണ്. പോഷകങ്ങള്‍ മുഴുവന്‍ ചുരുക്കം ചില പ്രാന്തന്മാര്‍ കൈയടക്കിയിരിക്കുന്നു. ശരീരത്തിലെ പലഭാഗങ്ങളും പഴുത്തും ചീഞ്ഞും കിടക്കുന്നു. ഈ രോഗത്തിന് മറ്റൊരു പേര് പറയാമോ എന്ന ചോദ്യത്തിന് മുന്‍നിരയിലെത്തന്നെ മറ്റൊരു കുട്ടി – ഒരു ഭിന്നശേഷിക്കാരി – മറുപടി തന്നു: ”മുതലാളിത്തം.”

രോഗം മനസിലായസ്ഥിതിക്ക് ഞങ്ങള്‍ കൂട്ടായി അതിന് ചികിത്സ അന്വേഷിച്ചു. അതിക്രമികളെ മുറിച്ചുമാറ്റുക, പോകാതെ ശേഷിക്കുന്നവരെ ആണവോര്‍ജ്ജം വരെ ഉപയോഗിച്ച്, കരിച്ചു കളയുക. എത്രയും നേരത്തെ ഈ മഹാരോഗത്തെക്കുറിച്ച് എല്ലാവരും അറിയുന്നുവോ അത്രയും കൂടുതലുണ്ട് അതിജീവന സാധ്യത.

രണ്ടു ചുമതലകള്‍കൂടി ഓരോ ജീവകോശത്തിനുമുണ്ട്. തനിക്കീ രോഗമുണ്ടോ എന്ന് ആത്മപരിശോധന നടത്തുക, രോഗപ്രതിരോധത്തിനും നിര്‍മാര്‍ജനത്തിനുമുള്ള പ്രവര്‍ത്തനങ്ങളെ ആവതു തുണയ്ക്കുക.

മനുഷ്യസമൂഹത്തിന്റെ സ്ഥിതിക്കായുള്ള പടപ്പുറപ്പാടുതന്നെയാണ് ഓരോ സാംസ്‌കാരിക പ്രവര്‍ത്തനവും. കലയും സാഹിത്യവും ശാസ്ത്രവുമൊക്കെ ഈ പ്രവര്‍ത്തനത്തിന്റെ വിവിധമുഖങ്ങളാണ്.

ശ്രദ്ധിക്കുക: കോശങ്ങളെ കൃത്രിമച്ചേരികളായി തിരിക്കാനുള്ള ഏതുശ്രമവും അര്‍ബുദത്തിന്റെ അകമ്പടിസേവക്കാരുടെ മനോധര്‍മ്മഫലമാണ്.