Saturday
21 Oct 2017

കുവൈറ്റിലെ നാടുകടത്തല്‍ മനുഷ്യാവകാശലംഘനം

By: Web Desk | Monday 9 October 2017 12:33 AM IST

പ്രതേ്യക ലേഖകന്‍
കുവൈറ്റ് സിറ്റി: പ്രവാസികളെ കൂട്ടത്തോടെ നാടുകടത്തുന്ന കുവൈറ്റ് സര്‍ക്കാരിന്റെ നടപടികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കുവൈറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് സൊസൈറ്റി ഡയറക്ടര്‍ മുഹമ്മദ് അല്‍ ഹുമേയ്ദി.
നാടുകടത്തുന്നവരില്‍ മുന്‍പന്തിയില്‍ ഇന്ത്യാക്കാരാണ്. 24 ശതമാനം. ഇതിനുപുറമേ ഈജിപ്റ്റ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, എതേ്യാപ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പുറത്താക്കപ്പെടുന്നവരില്‍ 86 ശതമാനവും. അന്താരാഷ്ട്രതലത്തില്‍ കുവൈറ്റിന്റെ യശസിന് ശോഭകേടുണ്ടാക്കുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറിയ പിഴയടയ്‌ക്കേണ്ട ചെറുകുറ്റുകൃത്യങ്ങള്‍ക്കുപോലും നാടുകടത്തുന്നു. ഈവര്‍ഷം 9 മാസത്തിനകം 22,956 പേരെ ചെറിയ കുറ്റങ്ങള്‍ക്ക് നാടുകടത്തി. ട്രാഫിക് കുറ്റങ്ങള്‍ക്കുപോലും നാടുകടത്തുന്നു. ഈ വര്‍ഷം 6,779 ഇന്ത്യാക്കാരെയാണ് കുവൈറ്റില്‍ നിന്ന് കുടിയിറക്കിയത്. സെപ്റ്റംബറില്‍ മാത്രം 774 ഇന്ത്യക്കാരെ പുറത്താക്കി.
എയിഡ്‌സ് തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ച് പുറത്താക്കപ്പെട്ട 10,800 പേര്‍ ഈ പട്ടികയ്ക്ക് പുറമേയാണ്. ഇതുകൂടാതെ 75,000 പേര്‍ നിയമം ലംഘിച്ച് കുവൈറ്റില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഇത്തരക്കാരെ പിടികൂടി നാടുകടത്തല്‍ കേന്ദ്രത്തിലെത്തിച്ച ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ നാടുകടത്തുന്ന നടപടികള്‍ സ്വീകരിച്ചതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 31,890 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ മിക്കവരേയും നാടുകടത്തല്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതിനാല്‍ കുടിയിറക്കപ്പെടുന്നവരുടെ സംഖ്യ ഇനിയും കുതിച്ചുയരുമെന്നാണ് സൂചന.

Related News