Tuesday
24 Oct 2017

കുവൈത്ത് 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി

By: Web Desk | Saturday 30 September 2017 8:54 PM IST

119 പേര്‍ക്ക് ശിക്ഷാ ഇളവ്

ന്യൂഡല്‍ഹി: 149 ഇന്ത്യാക്കാരെ ജയിലില്‍ നിന്ന് മോചിപ്പിച്ച ഷാര്‍ജ സുല്‍ത്താന്റെ നടപടിക്ക് പിന്നാലെ ഇന്ത്യാക്കാര്‍ക്ക് ശിക്ഷാ ഇളവുമായി കുവൈത്ത് ഭരണാധികാരിയും. കുവൈത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട 17 പേരില്‍ 15 പേരുടെ ശിക്ഷ ജീവപര്യന്തം തടവായി ഇളവുചെയ്യാനും, ഒരാളെ വെറുതെയും വിട്ടുകൊണ്ട് കുവൈത്ത് അമീറാണ് ഉത്തരവിട്ടത്. ഒപ്പം വിവിധ കുറ്റകൃത്യങ്ങള്‍ക്ക് കുവൈത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 119 പേരുടെ തടവുശിക്ഷ ഇളവു ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. കുവൈത്ത് അമീറിന്റെ ദയാപൂര്‍വമായ നടപടിക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നന്ദി രേഖപ്പെടുത്തി.
ഇതുപ്രകാരം ജയില്‍ മോചിതരാകുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ അവിടുത്തെ ഇന്ത്യന്‍ സ്ഥാനപതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നയതന്ത്ര കാര്യാലയം ഇക്കാര്യം ഉറപ്പുവരുത്തുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് 290 ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നിരിക്കെ ഇതില്‍ എത്ര മലയാളികള്‍ ഉണ്ടെന്ന കാര്യം വ്യക്തമല്ല. ചെക്ക് കേസുകളുള്‍പ്പെടെ സിവില്‍ കേസുകളില്‍ കുടുങ്ങി മൂന്നു വര്‍ഷത്തിലേറെയായി ജയില്‍ വാസം അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് ഷാര്‍ജയിലെ ജയിലുകളിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കേരള സന്ദര്‍ശനത്തിനെത്തിയ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തീരുമാനിച്ചത്. യുഎ ഇയില്‍ തിരിച്ചെത്തുന്നതിന് മുമ്പുതന്നെ അദ്ദേഹം വാക്കു പാലിക്കുകയും ചെയ്തു. ഇതിനു പിന്നാലെ, യു എ ഇയിലെ മറ്റ് എമിറേറ്റുകളിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ചെറിയ കേസുകളില്‍പ്പെട്ടു ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരിയും തീരുമാനിച്ചിരുന്നു. 149 പേര്‍ക്കാണ് ഇത്തരത്തില്‍ അപ്രതീക്ഷിത മോചനം ലഭിച്ചത്. ഇതിനു പിന്നാലെയാണ് കുവൈത്ത് ഭരണകൂടവും സമാന ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.