Thursday
18 Oct 2018

രാഷ്ട്ര തലസ്ഥാനത്ത് വന്‍ തൊഴിലാളി മുന്നേറ്റം

By: Web Desk | Thursday 9 November 2017 11:17 PM IST

പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: പതിനായിരക്കണക്കിന് തൊഴിലാളികള്‍ അണിനിരക്കുന്ന സംയുക്ത തൊഴിലാളി സംഘടനകളുടെ ത്രിദിന മഹാധര്‍ണക്ക് രാഷ്ട്ര തലസ്ഥാനത്ത് തുടക്കമായി . രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് പേര്‍ ഇന്നലത്തെ ധര്‍ണയില്‍ അണിനിരന്നത് അക്ഷരാര്‍ഥത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് തൊഴിലാളികള്‍ പിടിച്ചെടുത്ത പ്രതീതി സൃഷ്ടിച്ചു. മഹാധര്‍ണ ശനിയാഴ്ച വരെ നീണ്ടുനില്‍ക്കും.
എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര തൊഴിലാളി സംഘടനകളും വിവിധ സംസ്ഥാനങ്ങളിലും വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന നിരവധി യൂണിയനുകളും സംയുക്തമായാണ് മഹാധര്‍ണയ്ക്ക് ആഹ്വാനം നല്‍കിയത്.
രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴിലില്ലായ്മ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പ്രക്ഷോഭ രംഗത്തുള്ളത്. തൊഴില്‍ നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കുക, സാര്‍വത്രിക സാമൂഹികസുരക്ഷ ഉറപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ അവസാനിപ്പിക്കുക, റയില്‍വെയില്‍ അടക്കം വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയുക, മിനിമം കൂലി 18000 രൂപയായി ഉയര്‍ത്തുക, സ്ഥിരംസ്വഭാവമുള്ള തൊഴിലുകളില്‍ കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ട്രേഡ് യൂണിയനുകളുടെ മുഖ്യാവശ്യങ്ങള്‍. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം തുടരുകയാണ് തൊഴിലാളി സംഘടനകള്‍.
എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത, പ്രസിഡന്റ് രാമേന്ദ്ര കുമാര്‍, സഞ്ജയ് സിങ് (ഐഎന്‍ടിയുസി), രാജാ ശ്രീധര്‍ (എച്ച്എംഎസ്), കെ ഹേമലത(സിഐടിയു), ആര്‍കെ ശര്‍മ (യുടിയുസി), നരേന്‍ ചാറ്റര്‍ജി (ടിയുസിസി), സോണിയ ജോര്‍ജ്(സേവ), സന്തോഷ് റോയ് (എഐസിസിടിയു), ശത്രുജിത് സിങ്(യുടിയുസി), സുബ്ബരാമന്‍ (എല്‍പിഎഫ്), ജി ദേവരാജന്‍ തുടങ്ങിയവര്‍ ധര്‍ണയെ അഭിവാദ്യം ചെയ്തു. എഐടിയുസി സെക്രട്ടറി അമര്‍ജിത് കൗര്‍, അശോക് സിങ്, എച്ച്എസ് സിദ്ദു, തപന്‍ സെന്‍, സത്യവാന്‍, മണാലി ഷാ, രാജീവ്, സിഎച്ച് വെങ്കിടാചലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
രാജ്യത്തെ തൊഴിലാളികളെ ഉടമകളുടെ ചൂഷണത്തിനും അടിച്ചമര്‍ത്തലിനും വിട്ടുകൊടുക്കുന്ന നയങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ധര്‍ണയെ അഭിവാദ്യം ചെയ്ത് എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത ആവശ്യപ്പെട്ടു. രാജ്യത്ത് മോഡി നടപ്പിലാക്കിയ നോട്ടുനിരോധനം പോലുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ തൊഴിലാളികളാണ്. ചെറുകിട – ഇടത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെട്ടതോടെ അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. തൊഴിലുള്ളവരെപ്പോലും ദ്രോഹിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം തടയുന്നതിനും പൊതുവിതരണ സംവിധാനം വിപുലപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കുക, എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷാ പദ്ധതി ഉറപ്പാക്കുക, 18,000 രൂപ മിനിമം വേതനം പ്രഖ്യാപിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹാധര്‍ണ സംഘടിപ്പിച്ചിട്ടുള്ളത്.
സംഘ്പരിവാര്‍ അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് മഹാധര്‍ണയില്‍ പങ്കെടുക്കുന്നില്ലെങ്കിലും തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ച 12 ഇന ആവശ്യങ്ങളില്‍ ഒപ്പുവെച്ച് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യങ്ങളോട് സര്‍ക്കാര്‍ തുടര്‍ന്നും മുഖംതിരിച്ച് നിന്നാല്‍ പണിമുടക്ക് അടക്കം കൂടുതല്‍ തീവ്രസ്വഭാവമുള്ള സമരമുഖങ്ങളിലേക്ക് തൊഴിലാളി യൂണിയനുകള്‍ നീങ്ങുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി നടത്തിവന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയാണ് പാര്‍ലമെന്റിന് മുന്നിലെ മഹാധര്‍ണ. കല്‍ക്കരി, ഉരുക്ക്, ഗതാഗതം, ടെലികോം, പെട്രോളിയം, വൈദ്യുതി, തുറമുഖം, കെട്ടിടനിര്‍മ്മാണം, എഞ്ചിനീയറിംഗ്, പദ്ധതി തൊഴിലാളികള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, റയില്‍വേ, ബാങ്ക്, ഇന്‍ഷ്വറന്‍സ്, പ്രതിരോധ നിര്‍മാണം തുടങ്ങി സമസ്ത തൊഴില്‍ മേഖലകളെയും പ്രതിനിധീകരിച്ച് ജീവനക്കാരും തൊഴിലാളികളുമാണ് ധര്‍ണയില്‍ പങ്കെടുക്കുന്നത്.
കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ഇന്നലെ ധര്‍ണയില്‍ പങ്കെടുത്തത്.
കേരളത്തില്‍ നിന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്റ് ജെ ഉദയഭാനു, ബിനോയ് വിശ്വം, വാഴൂര്‍ സോമന്‍, താവം ബാലകൃഷ്ണന്‍, എച്ച് രാജീവന്‍, കെ പി ശങ്കരദാസ്, പി രാജു, അഡ്വ. ജിആര്‍ അനില്‍, സി ആര്‍ ജോസ് പ്രകാശ്, വിജയന്‍ കുനിശ്ശേരി, കെ മല്ലിക, എം വി വിദ്യാധരന്‍ തുടങ്ങി ആയിരക്കണക്കിന് തൊഴിലാളികളും ജീവനക്കാരും ഇന്നലെ ധര്‍ണയില്‍ പങ്കെടുത്തു.

Related News