Tuesday
20 Feb 2018

ഗ്രാമീണ ഇന്ത്യയെ പുനരുജ്ജീവിപ്പിക്കുന്ന തൊഴിലുറപ്പ് പദ്ധതി

By: Web Desk | Thursday 1 February 2018 10:54 PM IST

ഇന്ന് തൊഴിലുറപ്പുദിനം

കെ അനിമോന്‍

രാജ്യം ഇന്ന് തൊഴിലുറപ്പുദിനം ആചരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ ഇന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ ഈ രംഗത്തെ യൂണിയനുകളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ റാലികളും യോഗങ്ങളും സെമിനാറുകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. 2005 സെപ്റ്റംബര്‍ 27-ാം തീയതി ലോക്‌സഭയില്‍ പാസാക്കിയ തൊഴിലുറപ്പ് നിയമം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത്. 2006 ഫെബ്രുവരി മാസം രണ്ടാം തീയതി ആന്ധ്രാപ്രദേശിലെ അനന്തപ്പൂര്‍ ജില്ലയിലാണ്. അതിനാലാണ് ഫെബ്രുവരി രണ്ട് തൊഴിലുറപ്പുദിനമായി ആചരിക്കുന്നത്. 2006-ല്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത് രാജ്യത്തെ തെരഞ്ഞെടുത്ത ഏറ്റവും സാമ്പത്തികമായി പിന്നോക്കം നിന്ന 200 നോണ്‍ അര്‍ബന്‍ ജില്ലകളിലാണ്. കേരളത്തിലെ പാലക്കാട്, വയനാട് ജില്ലകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലായത്. 2007 ആയപ്പോഴേക്കും വീണ്ടും 130 ഗ്രാമീണ ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിച്ചു. രണ്ടാംഘട്ടത്തിലെ 130 ജില്ലകളില്‍ കേരളത്തിലെ ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ കൂടി പദ്ധതി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2008 ഏപ്രില്‍ ഒന്നാം തീയതി മുതല്‍ അന്നു രാജ്യത്തുണ്ടായിരുന്ന 625 ഗ്രാമീണ ജില്ലകളിലും പദ്ധതി വ്യാപിപ്പിച്ചു.
തൊഴില്‍ ആവശ്യപ്പെടുന്നവര്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള തൊഴില്‍ നല്‍കണം എന്നും, അതില്‍ കൂടുതല്‍ ദൂരത്തിലാണ് തൊഴില്‍ നല്‍കുന്നതെങ്കില്‍ 10 ശതമാനം യാത്രാബത്ത അധികമായി നല്‍കണം എന്നും, തൊഴില്‍ ആവശ്യപ്പെട്ടാല്‍ 14 ദിവസത്തിനകം തൊഴില്‍ നല്‍കണമെന്നും, 14 ദിവസം കഴിഞ്ഞാല്‍ തൊഴില്‍രഹിത വേതനം നല്‍കണം എന്നും നിയമത്തില്‍ പറയുന്നുണ്ട്. 30 ദിവസം വരെ തൊഴില്‍ ലഭിച്ചില്ലായെങ്കില്‍ വേതനത്തിന്റെ 25 ശതമാനവും 30 ദിവസം കഴിഞ്ഞാല്‍ 50 ശതമാനവും തൊഴില്‍രഹിത വേതനമായി നല്‍കണം. എന്നാല്‍ തൊഴിലാളിക്ക് തൊഴില്‍ നിയമാനുസൃതം സമയബന്ധിതമായി നല്‍കാന്‍ കഴിയുന്നില്ല. ഗവണ്‍മെന്റിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് ആസ്തി നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കണം. ആസ്തി നിര്‍മിക്കണമെങ്കില്‍ സാധനസാമഗ്രികള്‍ വേണം. സാധനസാമഗ്രികള്‍ ലഭിക്കണം എങ്കില്‍ കരാറുകാര്‍ക്ക് വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില കൊടുക്കാന്‍ കഴിയണം. കഴിഞ്ഞ ആറ് മാസമായി സാധനങ്ങള്‍ വിതരണം ചെയ്ത കരാറുകാര്‍ക്ക് തുക കുടിശികയാണ്. തന്മൂലം അത്തരം പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ കഴിയുന്നില്ല. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേ രാജ്യത്ത് 40 ദിവസത്തെ തൊഴില്‍ദിനങ്ങളും കേരളത്തില്‍ 33 ദിവസത്തെ തൊഴില്‍ദിനങ്ങളും മാത്രമാണ് നല്‍കാന്‍ കഴിഞ്ഞത്. വരള്‍ച്ച ബാധിത സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് നടപ്പു സാമ്പത്തികവര്‍ഷം 150 ദിവസത്തെ തൊഴില്‍ ലഭിക്കുവാനുള്ള അവസരമുണ്ടായിരുന്നു. 100 ദിവസത്തെ തൊഴില്‍ പൂര്‍ത്തീകരിച്ച കുടുംബങ്ങള്‍ രാജ്യത്ത് 14.57 ലക്ഷവും കേരളത്തില്‍ 21,700 ഉം ആണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അത് യഥാക്രമം 39.92 ലക്ഷവും 1.13 ലക്ഷവും ആയിരുന്നു. രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ 4842 കോടിയില്‍ അധികം തുക കുടിശികയാണ്.
നടപ്പുസാമ്പത്തികവര്‍ഷം പദ്ധതിക്ക് 48500 കോടി രൂപയാണ് വകയിരുത്തിയത് നാളിതുവരെ 52,210 കോടി രൂപ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ കുടിശിക അടക്കം നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷത്തെ പദ്ധതിവിഹിതം വിതരണം ചെയ്തുകഴിഞ്ഞു. 4842 കോടിയുടെ കുടിശികയും തുടര്‍ന്ന് രണ്ട് മാസത്തെ തൊഴില്‍ കൂടി ബാക്കി നില്‍ക്കുകയാണ്. ഓരോ വര്‍ഷവും ഗവണ്‍മെന്റ് അംഗീകരിക്കുന്ന ലേബര്‍ ബജറ്റിനനുസൃതമായി ബജറ്റില്‍ തുക വകയിരുത്തിയില്ലായെങ്കില്‍ പദ്ധതി പ്രവര്‍ത്തനം താളം പിഴക്കുക തന്നെ ചെയ്യും.
2017-18 സാമ്പത്തികവര്‍ഷത്തെ സംസ്ഥാന ഗവണ്‍മെന്റുകളുടെ ലേബര്‍ ബജറ്റ് അനുസരിച്ച് പ്രതീക്ഷിത തൊഴില്‍ദിനങ്ങള്‍ 288 കോടിയുടേതായിരുന്നു. ഈ വര്‍ഷത്തെ ശരാശരി വേതനം രാജ്യത്ത് 241 രൂപയായിരുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രതീക്ഷിത തൊഴില്‍ദിനങ്ങള്‍ മാത്രം നല്‍കണമെങ്കില്‍ ഏകദേശം 70,000 കോടി രൂപ ആവശ്യമാണ്, അടുത്ത സാമ്പത്തികവര്‍ഷം വേതനവര്‍ധനവും മറ്റു വര്‍ധനവുകളും കൂടുമ്പോള്‍ 10 ശതമാനം അധികം വേണ്ടിവരും. അതുകൊണ്ട് 2018-19-ലെ ബജറ്റില്‍ 80,000 കോടി രൂപയില്‍ കുറവാണ് വിഹിതമെങ്കില്‍ അടുത്ത സാമ്പത്തികവര്‍ഷവും പദ്ധതി പ്രവര്‍ത്തനത്തില്‍ ഗുരുതരമായ പ്രതിസന്ധി നേരിടും.
ഗ്രാമീണ ഇന്ത്യയെ ജീവിക്കാന്‍ പഠിപ്പിക്കുകയും ആത്മവിശ്വാസവും പുതിയ ദിശാബോധവും നല്‍കുകയും ചെയ്ത ഈ പദ്ധതിയെ സംരക്ഷിക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അത്തരത്തിലല്ലാത്ത എല്ലാ ഇടപെടലുകളെയും ചെറുത്ത് തോല്‍പിക്കാന്‍ ഈ വലിയ തൊഴില്‍പ്പടയ്ക്കും സമൂഹത്തിനും കഴിയണം. അത് രാജ്യത്തിന്റെ അടിത്തട്ട് വികസനത്തിന് അനിവാര്യവും അത്യന്താപേക്ഷിതവുമാണ്.

(എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എഐടിയുസി ജനറല്‍ സെക്രട്ടറിയാണ്
ലേഖകന്‍)