Wednesday
17 Oct 2018

ശാരീരിക ബന്ധത്തിന് വഴങ്ങാത്ത ആണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ യുവതി പൊള്ളലേല്‍പ്പിച്ചു

By: Web Desk | Wednesday 10 October 2018 12:46 PM IST

നോയിഡ: ശാരീരിക ബന്ധത്തിന് വഴങ്ങാന്‍ സമ്മതിക്കാത്ത ആണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ യുവതി പൊള്ളലേല്‍പ്പിച്ചു. നോയിഡ സ്വദേശിയായ യുവതിയാണ് പതിമൂന്നുകാരനായ ആണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ചൂടാക്കിയ കൊടില്‍ ഉപയോഗിച്ചു പൊള്ളലേല്‍പ്പിച്ചത്. അയല്‍വാസിയും വിവാഹിതയുമായ യുവതിയ്‌ക്കെതിരെ ആണ്‍കുട്ടിയുടെ അമ്മ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. യുവതി പലതവണ ആണ്‍കുട്ടിയെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചിട്ടുള്ളതായും കുട്ടിയുടെ മാതാവ് പൊലീസിനെ അറിയിച്ചു.

ഡല്‍ഹിക്കു സമീപം ഗ്രേറ്റര്‍ നോയിഡയിലെ ചപ്രൗള എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണു സംഭവം. മുപ്പതു വയസിനോടടുത്തു പ്രായമുള്ള യുവതി, ഉച്ചതിരിഞ്ഞു തന്റെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തു കൗമാരക്കാരനെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നു ശാരീരിക ബന്ധത്തിനു പ്രേരിപ്പിച്ചെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്നു ചൂടാക്കിയ കൊടില്‍ ഉപയോഗിച്ചു കൗമാരക്കാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി ഒളിവിലാണ്.

കഴിഞ്ഞദിവസം പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരവും ഒപ്പം ആയുധം ഉപയോഗിച്ചു മുറിവേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യുവതിക്കെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരാതി നല്‍കാന്‍ വൈകിയതെന്ത് എന്നതു സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.